Wednesday, December 25, 2024
Homeമതംപുണ്യ ദേവാലയങ്ങളിലൂടെ -64 രാമപുരം പള്ളി (സെന്റ് അഗസ്റ്റിൻ ഫെറോന ചർച്ച്)

പുണ്യ ദേവാലയങ്ങളിലൂടെ -64 രാമപുരം പള്ളി (സെന്റ് അഗസ്റ്റിൻ ഫെറോന ചർച്ച്)

ലൗലി ബാബു തെക്കെത്തല

രാമപുരം പള്ളി (സെന്റ് അഗസ്റ്റിൻ ഫെറോന ചർച്ച്)

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലായ്ക്കടുത്ത് രാമപുരം പട്ടണത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പുരാതനമായ മൂന്നു പള്ളികളാണ് സെന്റ് അഗസ്ത്യൻസ്, സെന്റ് മേരീസ് പള്ളികൾ. ഇവ മൂന്നും ചേർന്ന് രാമപുരം പള്ളി എന്നറിയപ്പെടുന്നു. ഈ പള്ളികൾ സീറോ മലബാർ കത്തോലിക്ക സഭയുടെ കീഴിൽ പാലാ രൂപതയുടെ അധികാരപരിധിയിലാണ്

രാമപുരം: രാമപാദം പതിഞ്ഞ രാമപുരം

‘‘വനവാസകാലത്ത് ശ്രീരാമൻ ഇവിടെ താമസിച്ചതിനാലാണ് ഈ സ്ഥലത്തിന് ‘രാമപുരം’ എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. ബുദ്ധമതത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണ് കൂടിയാണ് ഇവിടം. തൃശ്ശൂരിലെ പുരാവസ്തുകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീബുദ്ധന്റെ കരിങ്കൽ പ്രതിമ രാമപുരത്തുനിന്നാണ്.ആദ്യകാല ചേരകുലശേഖര രാജ്യത്തിൻറെ ഭാഗമായിരുന്ന രാമപുരം നിവാസികൾ സംസാരിച്ചിരുന്നത് തമിഴ് മലയാളമായിരുന്നു ..ചേര കുലശേഖര രാജ്യത്തിൻറെ ഭാഗമായിരുന്നു രാമപുരം

🌻 രാമപുരം പള്ളി സ്ഥാപന ചരിത്രം

രാമപുരം പള്ളിയുടെ ചരിത്രം കുറവിലങ്ങാട് മർത്ത മറിയം പള്ളിയുടെ ചരിത്രവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. 1450ന് മുമ്പ് രാമപുരത്ത് താമസിച്ച് തുടങ്ങിയ ക്രിസ്ത്യാനികൾ കൂഴിമല കൂടി കുറവിലങ്ങാട്ട് പോയി കുർബാനയിലും മറ്റു തിരുകർമ്മങ്ങളിലും പങ്കെടുത്തിരുന്നു. ഇപ്പോൾ കുറവിലങ്ങാട്ട് എത്തുന്നതിന് 17 കിലോമീറ്റർ സഞ്ചരിക്കണം എന്നാൽ പണ്ട് കുറുക്കുവഴികളിലൂടെ പോയിരുന്നതിനാൽ ദൂരം ഇന്നത്തേക്കാൾ കുറവായിരുന്നു. കാരണവന്മാരുടെ കാലത്ത് ഇത്രയും ദൂരം നടക്കുക എന്നത് അനായാസകരമായ കാര്യം തന്നെയായിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ ദൂരം ഒരു പ്രശ്നമായിതീർന്നപ്പോൾ പ്രായോഗികപരിഹാരം ആവശ്യമായി വന്നു.

ഇവിടെ മാതാവിന്റെ നാമത്തിൽ ആദ്യം ഉണ്ടായ പള്ളിയുമായി ബന്ധപ്പെട്ട് പറയുന്ന പുരാവൃത്തങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഒരു പാലക്കുഴ (പായിക്കാട്ട്) മുത്തിയാണ്.ഈ അമ്മച്ചി കുറവിലങ്ങാട്ട് പള്ളിയിൽ പോകുംവഴി കുഴമല കഴിഞ്ഞപ്പോൾ കുർബാന തീർന്നിരുന്നു. മ്ലാനവദനയായി മടങ്ങിപ്പോന്ന അമ്മച്ചി കരോക്കൽ കൈമളുമായി കാണുവാനിടയായി.പാലക്കുഴ മുത്തിയുടെ സങ്കടമറിഞ്ഞ് രാമപുരത്ത് പള്ളി സ്ഥാപിക്കാൻ അദ്ദേഹം സ്ഥലം ദാനം ചെയ്തു.അങ്ങനെ ദാനം ചെയ്ത സ്ഥലത്ത് ആദ്യ പള്ളിയുണ്ടായി. അതുകൊണ്ടാണ് ഇന്നും സെന്റ് അഗസ്റ്റിന്റെ തിരുന്നാൾ ദിനത്തിൽ കരോക്കെൽ കൈമളിന്റെ പിന്മതലമുറക്കാർക്ക് പന്ത്രണ്ടേകാലും കോപ്പും കൊടുക്കുന്ന പാരമ്പര്യമുള്ളത്.

🌻മൂന്നു പള്ളികൾ

പരിശുദ്ധ കന്യകാമറിയത്തെ പ്രതിഷ്ഠിച്ചിട്ടുള്ള ആദ്യത്തെ രാമപുരം പള്ളി എ.ഡി. 1450 നോടടുത്ത് പണി പൂർത്തിയായി. അതിന് ശേഷം രണ്ട് പ്രാവശ്യംകൂടി ഈ പള്ളി പുതുക്കി പണിയുകയുണ്ടായി. ഇന്ത്യയിൽ പോർച്ചുഗീസുകാരുടെ ഭരണകാലഘട്ടത്തിൽ, ഗോവ മെത്രാപ്പോലീത്തയായിരുന്ന അലക്സിന് ഡോം മെനെസിസ് അടിസ്ഥാന ശില ആശിർവദിച്ച പള്ളി പോർച്ചുഗീസ് ശില്പമാതൃകയിൽ പുതുക്കി പണിതിരുന്നു. അദ്ദേഹം ആഗസ്തീനിയൻ സഭാവൈദികനായിരുന്നു.
1599 ലാണ് രാമപുരത്തെ ആദ്യത്തെ പള്ളി നവീകരിച്ചത്. നവീകരണത്തിന് കല്ലിട്ടത് 1599 ജൂൺ മാസത്തിൽ ഉദയംപേരൂർ സുന്നഹദോസ് വിളിച്ച് കൂട്ടിയ ഗോവൻ മെത്രാപ്പോലീത്തയായിരുന്ന ഡോം മെനസിസായിരുന്നു. അഗസ്റ്റീനിയൻ സഭയിൽ പെട്ട അദ്ദേഹമാണ് രാമപുരം പള്ളിയെ സെന്റ് അഗസ്റ്റിന്റെ പേരിലാക്കിയത്.

ക്രൈസ്തവ കുടുംബങ്ങളുടെയും വിശ്വാസികളുടെയും എണ്ണം വർദ്ധിച്ചതുകൊണ്ട് പുതിയ പള്ളി അത്യാവശ്യമായി തീർന്നു. അതുകൊണ്ട് നിലവിലുള്ള പള്ളിക്ക് സമാന്തരമായി 1864ൽ മറ്റൊരു പള്ളി പണിതു. അത് മർത്ത മറിയത്തിന്റെ പേരിലായിരുന്നു.

വീണ്ടും ഇടവകക്കാരുടെ എണ്ണം വർധിച്ചപ്പോൾ പുതിയ വലിയ പള്ളി അത്യാവശ്യമായി വന്നു. 2009ൽ പുതിയ പള്ളിയുടെ പണി ആരംഭിച്ചു. 2019 ജനുവരി 13ന് പുതിയ പള്ളിയുടെ കൂദാശകർമ്മം ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഇപ്പോൾ ഇവിടെ മനോഹരമായ മൂന്ന് ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്നു.

ശില്പകലയിൽ പോർച്ചുഗീസ് പാരമ്പര്യം നിലനിൽക്കുന്നതുകൊണ്ടാകാം രണ്ട് പള്ളികളുടെ പ്രവേശനകവാടത്തിൽ തോക്കുകളേന്തിയ പട്ടാളക്കാരുടെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ വരുന്ന വിശ്വാസികൾ ഒരു ആചാരമായി മുകളിൽ കുരിശോടുകൂടിയ വലിയ നിലവിളക്കിൽ എണ്ണയൊഴിക്കാറുണ്ട്.

🌻വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ഇതേ ഇടവകാംഗമായതിനാൽ, അദ്ദേഹത്തിന്റെ വസ്തുക്കൾ, (റേഷൻ കാർഡ് മുതൽ കിടക്കാൻ ഉപയോഗിച്ചിരുന്ന കട്ടിൽ വരെ) അമൂല്യ വസ്തുക്കളായി ഈ പള്ളിയോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ദളിത് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്ന പതിവുണ്ടായിരുന്നില്ല. ഈ പള്ളിയോട് ചേർന്ന് രണ്ടു നിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ കുഞ്ഞച്ചൻ ദളിത് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു.

കോട്ടയം ജില്ലയിൽ രാമപുരത്തെ കുഴുമ്പിൽ തറവാടിന്റെ തേവർപറമ്പിൽ ശാഖയിൽ ഇട്ടിയേപ്പ് മാണി– ഏലീശ്വാ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയവനായി 1891 ഏപ്രിൽ ഒന്നിനാണ് റവ. അഗസ്റ്റിൻ കുഴുമ്പിൽ എന്ന തേവർപറമ്പിൽ കുഞ്ഞച്ചൻ ജനിച്ചത്. ഏറ്റവും ഇളയവനായതിനാൽ കുഞ്ഞാഗസ്തി എന്ന് എല്ലാവരും വിളിച്ചു.

ചെറുപ്പം മുതൽക്കേ ദൈവഭക്തിയിൽ അടിയുറച്ചാണ് കുഞ്ഞാഗസ്തി വളർന്നത്. രാമപുരം പള്ളിമൈതാനത്തെ സർക്കാർവക പ്രൈമറി സ്കൂളിലെ പഠനശേഷം മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ. പഠനത്തിനൊപ്പം ദൈവികകാര്യങ്ങളിലും അതീവതൽപരനായിരുന്ന കുഞ്ഞാഗസ്തി 1913 മാർച്ചിൽ ചങ്ങനാശ്ശേരിയിലുള്ള മൈനർ സെമിനാരിയിൽ ചേർന്നു.1915 ജൂലൈ 16ന് വൈദികവസ്ത്രം സ്വീകരിച്ച അദ്ദേഹം ഒൻപത് വർഷങ്ങൾക്കു ശേഷം വൈദികപ്പട്ടം സ്വീകരിച്ചു.

അഞ്ചടിയിൽ താഴെ ഉയരമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. രാമപുരം പളളിയിൽ കുറച്ചു കാലം സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. പിന്നീട് തൊട്ടടുത്തുള്ള കടനാട്ടുപള്ളിയിൽ അസിസ്റ്റന്റ് വികാരിയായി. അക്കാലത്ത് കൃഷിയെ കീടങ്ങളിൽനിന്ന് രക്ഷിക്കാൻ കുഞ്ഞച്ചന്റെ പ്രാർഥനാസഹായം തേടി ധാരാളമാളുകൾ വന്നിരുന്നു. പിന്നീട് അസുഖം പിടിപ്പെട്ടതിനാൽ അദ്ദേഹം സ്വന്തം ഇടവകയായ രാമപുരത്തേക്ക് വിശ്രമിക്കാനായി തിരികെപ്പോന്നു.

സമൂഹത്തിൽ അവഗണന നേരിട്ടിരുന്ന ദലിതരുടെ ഉന്നമനത്തിനായി കുഞ്ഞച്ചൻ സദാസമയം പ്രവർത്തിച്ചു. ദലിതർക്ക് സർക്കാർ സ്കൂളിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കുഞ്ഞച്ചൻ രാമപുരത്തും സമീപപ്രദേശങ്ങളിലും കളരികൾ ആരംഭിച്ചു.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളെ അക്ഷരം പഠിപ്പിച്ചു. ഓരോ വീടുകളിലും നേരിട്ട് ചെന്ന് ആളുകള്‍ക്ക് ആവശ്യമായിരുന്ന ഭക്ഷണം, വസ്ത്രം എന്നിവയ്ക്കൊപ്പം അറിവും പകർന്നു നൽകി. അതിന്റെ പേരിൽ പലതരം എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. എങ്കിലും അറിവിന്റെ വെളിച്ചം എല്ലാവരിലും എത്തിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടർന്നു. കാരണം സാമൂഹിക പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

കൊച്ചുപിള്ളേരെ ഒത്തിരി ഇഷ്ടമുള്ള ആളായിരുന്നു കുഞ്ഞച്ചൻ. കുട്ടികളുടെ അടുത്ത് ഒരുപാട് തമാശകളും കാണിക്കും. ഒരു ദിവസം കുഞ്ഞച്ചൻ പിള്ളേരോട് ചോദിച്ചു, നിങ്ങൾക്ക് ചീനിപ്പഴം വേണോയെന്ന്. എന്നിട്ട് കൊടുത്തത് നല്ല ചുവന്ന നിറമുള്ള കാന്താരിമുളക്. ആർത്തിയോടെ മുളക് കടിച്ച് നാക്ക് എരിഞ്ഞപ്പോൾ എല്ലാവർക്കും അച്ചൻ കൈനിറയെ മിഠായിയും ശർക്കരയുമൊക്കെ കൊടുക്കും

കുഞ്ഞച്ചന്റെ ശരിക്കുള്ള പേര് ഫാദർ അഗസ്റ്റിൻ കുഴുമ്പിൽ. അച്ചന് പൊക്കം തീരെ കുറവായിരുന്നു. അങ്ങനെയാണ് കുഞ്ഞച്ചൻ എന്ന് എല്ലാവരും വിളിച്ചത്.’’

1973 ഒക്ടോബർ 16ന് അദ്ദേഹം മരണപ്പെട്ടു. 2004ൽ മാർപാപ്പ കുഞ്ഞച്ചനെ ധന്യന്‍ എന്ന് നാമകരണം ചെയ്തു. 2006 ഏപ്രിൽ 30ന് കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി. പ്രഖ്യാപിച്ചു. ഇപ്പോഴുള്ള പഴയ പള്ളിയിലാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ കബറടക്കിയിരിക്കുന്നത്. അതിനോടു ചേർന്ന് തന്നെയുള്ള വലിയ പള്ളിയുടെ പ്രായം ഇരുന്നൂറ് വർഷത്തിലധികമാണ്. ഈ രണ്ടു പള്ളികളും കുഞ്ഞച്ചൻ താമസിച്ചിരുന്ന പള്ളിമേടയും 2008ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു.

ദിവസംതോറും നൂറുകണക്കിന് വിശ്വാസികൾ ദൂരസ്ഥലങ്ങളിൽനിന്ന് പോലും കുഞ്ഞച്ചന്റെ അനുഗ്രഹം തേടിയെത്തുന്നു. നിരവധിപ്പേർക്ക് പ്രാർഥനയിലൂടെ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുമുണ്ട്. 2006ലാണ് കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ‘

‘‘ഇടുക്കി ജില്ലയിലെ അടിമാലി എന്ന സ്ഥലത്തുനിന്ന് ഗിൽസൺ എന്നൊരു ചെറുപ്പക്കാരൻ ഇവിടെ വന്ന് പ്രാർഥിച്ചു. അയാളുടെ ഒരു കാലിന് മുടന്ത് ഉണ്ടായിരുന്നു. കു‍ഞ്ഞച്ചനോടുള്ള മധ്യസ്ഥപ്രാർഥനയുടെ ഫലമായി അയാളുടെ കാലിന്റെ മുടന്ത് മാറി. ഒരു സംഘം ഡോക്ടർമാർ അയാളെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി.
.
🌻തിരുന്നാൾ

ഏറ്റവും വലിയ ആഘോഷം ജൂബിലിയാണ്. മാതാവിന്റെ അമലോൽഭവത്തിരുനാളാണ് ഡിസംബർ എട്ടാം തീയതി നടക്കുന്ന ജൂബിലി പെരുന്നാൾ.വഴി മുഴുവൻ വെള്ളിനിറത്തിലുള്ള തോരണം കെട്ടി, കടകളെല്ലാം അലങ്കരിച്ച് ജാതി – മതഭേദമില്ലാതെ എല്ലാവരുടെയും ആഘോഷമാണ് ജൂബിലി. അമലോ ൽഭവമാതാവിന് മാലയിട്ട് പ്രാർഥിച്ചാൽ ആഗ്രഹങ്ങൾ സാധിക്കും എന്നാണ് വിശ്വാസം.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മരണമടഞ്ഞ ഒക്ടോബർ 16 അദ്ദേഹത്തിന്റെ തിരുനാൾ ആയി ആഘോഷിക്കുന്നു.

🌻രാമപുരം പള്ളിയുടെ സവിശേഷതകൾ

ഏഷ്യയിലെ വലിയ പള്ളികളിൽ ഒന്നാണിത് ണിത്.
2009 ലാണ് രാമപുരം പുതിയ പള്ളിയുടെ തറക്കല്ലിട്ടത്. 2010ൽ പണി തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് രാമപുരം പള്ളി. മൂന്ന് നിലകളിലായി 75,000 സ്ക്വയർഫീറ്റാണ് ആകെ വിസ്തീർണം. ഇങ്ങനെയൊരു പള്ളി അപൂർവമാണ്.

ഏറ്റവും താഴത്തെ നിലയിൽ മ്യൂസിയവും തീർഥാടകർക്കുള്ള വിശ്രമമുറികളുമാണ്. രണ്ടാമത്തെ നിലയിൽ പള്ളിയിലെ ഭക്തസംഘടനകളുടെയെല്ലാം ഓഫിസും മീഡിയ റൂമും വൈദികർക്ക് താമസിക്കാനുള്ള മുറികളും. പള്ളിയിലെ വിലയേറിയ പൊന്നിൻകുരിശ് സൂക്ഷിക്കുന്നതും ഇവിടെയാണ്. ഏറ്റവും മുകൾനിലയിൽ 3,500 ൽ അധികമാളുകളെ ഉൾക്കൊള്ളാവുന്ന പള്ളി. പള്ളിയുടെ മുൻഭാഗം പണിതിരിക്കുന്നത് പോർചുഗീസ് – ഗോത്തിക് ശൈലിയിലാണ്. പിൻഭാഗം ബൈസന്റൈന്‍ ശൈലിയിലും. 200 അടി നീളവും 120 വീതിയുമുള്ള പള്ളിയുടെ ഉയരം 235 അടിയാണ്.

പള്ളിയുടെ മുന്നിലെ ആനവാതില്‍ നിർമിച്ചിരിക്കുന്നത് ഒറ്റത്തടിയിലാണ്. 350 വർഷം പഴക്കമുള്ള തേക്കിലാണ് വാതിൽ പണിതത്. ജനുവരി പതിമൂന്നാം തീയതിയാണ് പുതിയ പള്ളിയുടെ വെഞ്ചരിപ്പ്. 20 കോടിയിലധികമാണ് പള്ളിയുടെ നിർമാണചെലവ്.

ഈ രണ്ട് പള്ളികളുടേയും പാഠശാലയുടെയും പ്രാധാന്യം കണക്കിലെടുത്ത് കേരള സർക്കാർ 2007 ജൂലൈയിൽ സംരക്ഷിത സ്മാരകങ്ങളാക്കി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഓൾഡ് ഗോവയിലെ സാന്റാ കാറ്റലിന പള്ളി, വിശുദ്ധ ഫ്രാൻസിസ് പള്ളി എന്നിവയുമായി നിർമാണ രീതിയിൽ പഴയ രാമപുരം പള്ളിയ്ക്ക് ഒരുപാട്‌ സാമ്യതകൾ ഉണ്ട് ..

ചരിത്രമുറങ്ങുന്ന രാമപുരത്തെ മൂന്നു പള്ളികൾ സന്ദർശിച്ചു സായൂജ്യം നേടുവാൻ വായനക്കാരെ ദൈവം അനുഗ്രഹിക്കട്ടെ

ലൗലി ബാബു തെക്കെത്തല ✍️

(കടപ്പാട് ഗൂഗിൾ )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments