പ്രിയമുള്ള കൂട്ടുകാരേ,
നക്ഷത്രക്കൂടാരത്തിൻ്റെ പുതിയ ലക്കത്തിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം. സെപ്റ്റംബറിനു പിന്നാലെ ഒക്ടോബറെത്തി. കഴിഞ്ഞ ആഴ്ചയിൽ നമ്മുടെ രാഷ്ട്രപിതാവിൻ്റെ ജന്മദിനവും അതോടനുബന്ധിച്ച് സേവനവാരവും കടന്നുപോയി.. നാളെ ഒക്ടോബർ 12 -വിജയദശമി ദിനമാണ്. തിന്മയ്ക്കു മേൽ നന്മ വിജയിച്ച ദിവസം. കേരളീയർക്ക് ഈ ഉത്സവം വിദ്യാദേവതയായ സരസ്വതീ പൂജയാണ്
കായികകേരളത്തിന്റെ പിതാവായി അറിയപ്പെടുന്ന കേണൽ ജി.വി.രാജയുടെ ജന്മദിനമായ ഒക്ടോബർ – 13 ആണ് നാം കായിക ദിനമായി ആചരിക്കുന്നത്. കായികകേരളത്തിന് ഊർജ്ജവും കരുത്തുമായിനിന്നുകൊണ്ട് അദ്ദേഹം നല്കിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റു മുതൽ നാടൻ കളികളെവരെ പ്രോത്സാഹിപ്പിച്ചു. കായികകലകൾ നാടെങ്ങും സുപരിചിതമാക്കി. കാലക്രമത്തിൽ അന്തർദേശീയ ഇനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും അവയുടെ നിരന്തരപരിശീലനം ലഭ്യമാക്കാനും അവസരമാെരുക്കി. അങ്ങനെ ധാരാളം കായികതാരങ്ങൾ പിറന്നു. രാജ്യാന്തരതലത്തിൽ നേട്ടങ്ങൾ കൈയടക്കിയ താരങ്ങളുടെ ഒരു നീണ്ടനിരതന്നെ നമുക്കുണ്ട്. ഇപ്പോൾ ഇന്ത്യയുടെ കായിക പട്ടികയിൽ കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണെന്നോർക്കണം. ഇത്തരം നേട്ടങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിച്ച ആദ്യകാല കായിക പ്രതിഭയും സംരഭകനുമാണ് കേണൽ ഗോദവർമ്മ രാജ എന്ന ജി.വി.രാജ.
അതു പോലെ ഓർമ്മിക്കപ്പെടേണ്ടുന്ന ഒരു ദിവസമാണ് ഒക്ടോബർ 15. വെളളച്ചൂരൽ ദിനമെന്നും അന്ധദിന മെന്നും പേരുനല്കിയ ദിവസം. ലോകം കാണാതെ, സമൃദ്ധമായ പ്രകൃതിയെ ദർശിക്കാതെ, ഒരു നിറം പോലും മനസ്സിലില്ലാത്തവരുടെ ജീവിതത്തെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? കണ്ണുണ്ടായിട്ടും കാണാത്തവരല്ലേ നമ്മളിൽ പലരും.?
കണ്ണില്ലാത്തവരുടെ വിരൽത്തുമ്പാണ് അറിവു തേടുവാൻ സഹായിക്കുന്നത്.
1824- ൽ ലൂയിസ് ബ്രെയിലിയാണ് അന്ധന്മാർക്കും കാഴ്ച പരിമിതിയുള്ളവർക്കും വായിക്കുവാനായി ബ്രെയ്ലി ലിപി കണ്ടെത്തിയത്. ലോകത്തിലെ മിക്ക ഭാഷകളും ഈ ലിപി കൈകാര്യം ചെയ്യുന്നുണ്ട്.
ഇനി കൂട്ടുകാർക്കായി മാഷ് എഴുതിയ ഒരു കുഞ്ഞു കവിത പാടിയാലോ?
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മിഴിയില്ലെങ്കിലും
+++++++++++++
മിഴിയിലിരുട്ടാണെന്നാലും നിറ-
മിഴിയുള്ളവരേ നിങ്ങൾ.
വഴികാട്ടാനായ് വെള്ളച്ചൂരൽ
വടിയാണല്ലോ കൈയിൽ.
പകലും രാവും നിങ്ങൾക്കൊരുപോൽ
പകരുന്നില്ല വെളിച്ചം.
വിരലിൻ തുമ്പിൽ വിരിയും നിങ്ങൾ –
ക്കറിവിന്നക്ഷരമാല.
പരിചിതമായ സ്വരങ്ങൾ കേട്ടാൽ
നിറചിരി സൗഹൃദമാകും.
മലയും കാടും നദിയും കടലും
മലരും മഴവില്ലഴകും
കണ്ടില്ലെങ്കിലും നിങ്ങടെയുള്ളിലെ
കണ്ണിനു നല്ലതെളിച്ചം.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
കൂട്ടുകാരേ….. ഈ കവിത നിങ്ങൾ പാടിപ്പഠിക്കണം. അന്ധന്മാരുടെ സങ്കടം മനസ്സിൽ നിറയ്ക്കണം.
തുടർന്ന് നമുക്കൊരു കഥ കേട്ടാലോ…!
മലപ്പുറം മഞ്ചേരിക്കടുത്തുള്ള കരുവമ്പ്രത്തുകാരിയായ ഒരു ടീച്ചറാണ് കഥപറയാൻ എത്തിയിരിക്കുന്നത്. – പി. പരിമള.
എന്നും കൊച്ചുകുട്ടികളുമായി ഇടപഴകുന്ന ടീച്ചർ കവിതകളാണ് കൂടുതലും എഴുതിയിട്ടുള്ളത്. നിങ്ങൾക്കുവേണ്ടി മാഷിന്റെ നിർബന്ധപ്രകാരമാണ് നല്ല ഒരു കുഞ്ഞിക്കഥ – പിണക്കം – എഴുതിത്തന്നത്..
പരിമള ടീച്ചർ കുട്ടികൾക്കായി അഞ്ചിലേറെ പുസ്തകങ്ങൾ (ബാലകവിതകൾ) എഴുതിയിട്ടുണ്ട്
“ഒരു പൂമൊട്ടിന്റെ ഓർമ്മയ്ക്ക് “എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കിളിക്കൊഞ്ചൽ എന്ന ബാലസാഹിത്യ കൃതിക്ക് ഉത്തര കേരള കവിതാസാഹിത്യവേദിയുടെ ബാലസാഹിത്യ അവാർഡ്, SSA യുടെ ആദരം, നിർമ്മാല്യം കലാസാഹിത്യ അവാർഡ് എന്നീ അംഗീകാരങ്ങൾ ടീച്ചറെത്തേടി എത്തിയിട്ടുണ്ട്.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
പരിമള ടീച്ചറെഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.
പിണക്കം
ഉണ്ണിക്കുട്ടൻ അമ്മുവിൻ്റെ കാലിൽ ഒറ്റ അടി വെച്ചു കൊടുത്തു. അമ്മു നിലത്തിരുന്നു കരഞ്ഞു.
”ഉണ്ണിക്കുട്ടാ എന്താ അവിടെ?”
അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു. ചോദ്യം കേട്ടതും അമ്മുവിനെക്കാൾ ഉച്ചത്തിൽ ഉണ്ണിക്കുട്ടൻ കരഞ്ഞു. അമ്മ അടുക്കളയിൽ നിന്നുംഓടിവന്നു.
“ഇത് കണ്ടോ എൻ്റെ നോട്ട് ബുക്ക് അമ്മു കീറി ” രണ്ടാം ക്ലാസുകാരനായ ഉണ്ണിക്കുട്ടൻ പുസ്തകം ഉയർത്തിക്കാട്ടി. ഹോംവർക്കു ചെയ്യുന്ന അവൻ്റെ നോട്ടുപുസ്തകം അമ്മു കീറിയിരിക്കുന്നു. അമ്മു കരയുകയാണ്.
അമ്മ അമ്മുവിനെ എടുത്ത് ഉണ്ണിക്കുട്ടനോട് പറഞ്ഞു.
“ഉണ്ണിക്ക് നാളെ പുതിയ പുസ്തകം വാങ്ങിത്തരാം”
ഉണ്ണിക്കുട്ടൻ്റെ കരച്ചിൽ ഉച്ചത്തിലായി.
“വേണ്ട എനിക്കിതു തന്ന മതി. പുതിയത് വാങ്ങിയാൽ ഇതിലുള്ളതൊക്കെ വീണ്ടും എഴുതണ്ടെ?”
അവൻ കരച്ചിൽ നിർത്താനുള്ള ഭാവമില്ല. അമ്മ അമ്മുവിനേംകൊണ്ട് അകത്തേക്കു നടന്നു. അമ്മുവിൻ്റെ കൈയ്യിൽ ഉണ്ണിയപ്പം കൊടുത്തു അവളുടെ കരച്ചിൽ നിന്നു. അവൾ അതുമായി മെല്ലെ മെല്ലെ ഏട്ടനടുത്തേക്കു വന്നു.
“അസത്ത് ചിരിക്ക്ണ കണ്ടില്ലേ?” ഉണ്ണിക്കുട്ടൻ മുഖം വീർപ്പിച്ചു.
അമ്മ അടുത്തെത്തിയപ്പോൾ ഉണ്ണിക്കുട്ടൻ പിന്നേം കരഞ്ഞു.
“അമ്മ ടീച്ചറോട് പറയാം കരയണ്ടട്ടോ”
അമ്മ സമാധിനിപ്പിക്കൾ ശ്രമിച്ചുകൊണ്ടു പറഞ്ഞു. ഉണ്ണിക്കുട്ടന് സമാധാനമായില്ല.
“ഹലോ, ടീച്ചറല്ലേ?”
അമ്മ ഉണ്ണിക്കുട്ടൻ്റെ ടീച്ചറെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. ഉണ്ണിക്കുട്ടന് സമാധാനമായി.അമ്മു ഉണ്ണിക്കുട്ടനെ നോക്കിച്ചിരിച്ചു. അവൻ തിരിഞ്ഞിരുന്നു മുഖം വീർപ്പിച്ചു. അവൾ കുഞ്ഞിക്കാലടിവെച്ച് ഉണ്ണിക്കുട്ടൻ്റെ അടുത്തത്തി. അപ്പം ഉണ്ണിക്കുട്ടൻ്റെ വായിൽ വെച്ചു കൊടുത്തു. ഉണ്ണിക്കുട്ടൻ അവളുടെ കൈ തട്ടിമാറ്റി.
”ഉമ്മ”
അമ്മു ഉണ്ണിക്കുട്ടൻ്റെ കവിളത്ത് ഉമ്മവെച്ചു. ഉണ്ണിക്കുട്ടനെ നോക്കി മനോഹരമായിചിരിച്ചു. എന്നിട്ട് അവൻ്റെ മടിയിൽ കയറിയിരുന്നു. ഉണ്ണിക്കുട്ടന് ചിരി വന്നു
“കുഞ്ഞിക്കാല് നൊന്തോ ?
അവൻ അടിച്ചഭാഗത്ത് മെല്ലെ തടവി. അതു കണ്ടുനിന്ന അമ്മ രണ്ടു പേരേയും മാറിമാറി ഉമ്മവെച്ചു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
പരിമള ടീച്ചർ മനോഹരമായ ഒരു കഥയാണ് അവതരിപ്പിച്ചത്. എല്ലാവർക്കും അതിഷ്ടമായി. യഥാർത്ഥത്തിൽ അമ്മുവും ഉണ്ണിക്കുട്ടനും നമ്മൾ തന്നെയാണല്ലോ!
കഥ കേട്ടു രസിച്ചിരിക്കുമ്പോൾ നമുക്കു പാടാനിതാ കവിതയുമായി എത്തുന്നത് സുരേന്ദ്രൻ എഴുപുന്ന സാറാണ്. അദ്ദേഹന്റെ സ്വദേശം എറണാകുളം ജില്ലയിലെ മറുവാക്കാട് എന്ന കടലോര ഗ്രാമമാണ്.
ആലപ്പുഴ ജില്ലയിലെ എഴുപുന്നയിലാണ് സ്ഥിരതാമസം. അധ്യാപകൻ. ബി.ആർ.സി. ട്രയ്നർ,അധ്യാപക പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.. വിരമിച്ച ശേഷം ലേബർ ഇൻഡ്യയുടെ വിദ്യാഭ്യാസഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തു.ഇപ്പോൾ സ്റ്റുഡൻ്റ്സ് ഇന്ത്യ വിദ്യാഭ്യാസമാസികയുടെ എഡിറ്റോറിയൽ വിഭാഗത്തിലും കില റിസോഴ്സ് ഗ്രൂപ്പിലും അംഗമാണ്.
നിരവധി നാടകങ്ങളുടെ കർത്താവും സംവിധായകനും.
ബാലപ്രസിദ്ധീകരണങ്ങളിൽ കഥകളും കുട്ടിക്കവിതകളും എഴുതിവരുന്നു. സുരേന്ദ്രൻ എഴുപുന്ന സാറിന്റെ കവിത :
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
ആഹാരത്തിലെ ചങ്ങാതിമാർ
കഞ്ഞിക്കുണ്ടൊരു ചങ്ങാതി
ചെറുപയറാണാ ചങ്ങാതി.
ദോശയ്ക്കുണ്ടൊരു ചങ്ങാതി
തേങ്ങയരച്ചൊരു ചമ്മന്തി.
ഇഡ്ഡലി തന്നുടെ ചങ്ങാതി
സ്വാദേറുന്നൊരു സാമ്പാറ്.
കരയിൽ വളരും കപ്പയ്ക്ക്
കടലിലെ മീനാ ചങ്ങാതി.
കുഞ്ഞിക്കവിതയിലെ ചങ്ങാതിമാർ നമ്മുടെയും ചങ്ങാതിമാരാണ്. ചെറുപയറും, ചമ്മന്തിയും, സാമ്പാറുമെല്ലാം നമുക്ക് ഇഷ്ടവുമാണല്ലോ…!
ഇനി ഒരു കഥയാവാം അല്ലേ?
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
കഥ പറയാൻ മിടുക്കിയായ ഒരു ചേച്ചി എത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഷൊർണൂരാണ് റംല.എം.ഇഖ്ബാൽ എന്ന ഈ കഥാകാരി താമസമാക്കുന്നത്. വനിതാ ലൈബ്രേറിയനായി ജോലി ചെയ്യുന്ന ഈ കഥാകാരിയുടെ വാർത്താവായന വളരെ ഹൃദ്യമാണ്.നല്ലൊരു സ്റ്റോറിടെല്ലറുമാണ്.
ശ്രീമതി റംല എം ഇഖ്ബാലിൻ്റെ കഥ.
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
💫💫💫💫💫💫💫💫💫💫💫💫
കൂപമണ്ഡൂകം
”എന്റെ ഉണ്ണ്യേ…. നീ ശരിക്കും ഒരു കൂപമണ്ഡൂകമാ കേട്ടോ …”
മുത്തശ്ശി അഞ്ചാംക്ലാസ്സുകാരൻ അപ്പൂനെനോക്കി പൊട്ടിച്ചിരിച്ചു പറഞ്ഞു.
രാവിലെ തുടങ്ങിയതാ അപ്പുവിന്റെ ഓരോ സംശയങ്ങൾക്കും മുത്തശ്ശിയുടെ വിശദീകരണം കൊടുക്കൽ. എത്ര പറഞ്ഞുകൊടുത്താലും അപ്പുവിന് മനസ്സിലാവുന്നില്ല. കുഴിയാനത്തുമ്പിയുടെ മുട്ട വിരിഞ്ഞാണ് കുഴിയാന ഉണ്ടാകുന്നത് എന്നും കുഴിയാന പിന്നോട്ടാണ് നടക്കുകയെന്നും മുത്തശ്ശി പറഞ്ഞപ്പോൾ അങ്ങനെ ഒരു ജീവിയുണ്ടോ എന്നാണ് അപ്പുവിന്റെ ചോദ്യം.
“ഉണ്ണ്യേ, എപ്പോഴും ഇങ്ങനെ ഫോണും ടിവിയുമായി ഇരിക്കാതെ പുറത്തൊക്കെ ഇറങ്ങി തൊടിയിലൊക്കെ കണ്ണോടിക്കൂ, എന്നാലല്ലേ നമ്മുടെ ചുറ്റുമുള്ള മറ്റ് ജീവികളെ കാണാനും പഠിക്കാനും പറ്റുക.“
മുത്തശ്ശി പറഞ്ഞു നിർത്തി.
സംഗതി ശരിയാണ്, അപ്പു ചിന്തിച്ചു, പക്ഷെ അതിനിപ്പോ എന്തിനാ എന്നെ ഈ ചീത്തവാക്ക് വിളിച്ചത്, എന്തായിരുന്നു അത്….? ഓഹ്… കൂപമണ്ഡൂകം…
അപ്പുവിന് സങ്കടം സഹിക്കാൻ വയ്യ, എങ്കിലും മുത്തശ്ശി തന്നെ അങ്ങനെ വിളിച്ചില്ലേ…. അവൻ കണ്ണ് തുടച്ചുകൊണ്ട് എണീറ്റു.
”ഇനി മുത്തശ്ശിയോട് കൂട്ടില്ല”
അവൻ ഉറക്കെ പ്രഖ്യാപിച്ചു. പാവം മുത്തശ്ശി ഞെട്ടി.
“എന്തേ, എന്റെ ഉണ്ണിക്ക് പറ്റിയേ, മുത്തശ്ശി എന്താ പറഞ്ഞേ, ഒന്നും പറഞ്ഞില്ലല്ലോ.”
അവർ ഉത്കണ്ഠയോടെ തൻ്റെ പേരക്കുട്ടിയെ ചേർത്ത് പിടിച്ചു.
പക്ഷെ അപ്പു പിണക്കത്തിൽ തന്നെയായിരുന്നു.
“ഇല്ല്യ, ഇനി ഞാൻ മുത്തശ്ശിയോട് കൂട്ടില്ല… എന്നെ അങ്ങനെ വിളിച്ചില്ലേ..
.കൂപമണ്ഡൂകംന്ന്, അത് ചീത്തവാക്കല്ലേ… വേണ്ട മിണ്ടില്ല.”
അവൻ ചിണുങ്ങി.
മുത്തശ്ശിക്ക് ചിരി നിർത്താൻ പറ്റുന്നില്ല. അവർ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മകൊടുത്തു പറഞ്ഞു.
“കൂപമണ്ഡൂകംന്ന് വച്ചാൽ എന്താന്നാ ഉണ്ണീടെ വിചാരം, എനിക്ക് വയ്യ ഈ കുട്ടീടെ കാര്യം ഓർത്തിട്ട്, കൂപം ന്നു വച്ചാൽ കിണർ എന്നാ അർത്ഥം. മണ്ഡൂകം ന്ന് വച്ചാൽ തവള എന്നും, അപ്പോൾ കൂപമണ്ഡൂകം ന്ന് വച്ചാൽ കിണറ്റിലെ തവള, അതായത് ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത തവള, കിണറ്റിൽ കിടക്കണ തവളെടെ വിചാരം താൻ കാണുന്നത് മാത്രമാണ് ലോകംന്നാ, അതായത് ആ കിണറും അതിലുള്ളതും.ന്റെ കുട്ടി വീട്ടിനകത്തിരുന്നു അങ്ങനെ ആവാണ്ടിരിക്കാനല്ലേ മുത്തശ്ശി പറയണേ., എല്ലാം അറിയുന്ന കുട്ടിയാവണം അപ്പു..വെറും കൂപമണ്ഡൂകം ആവരുത് ന്നാ കുട്ട്യേ മുത്തശ്ശി ഉദ്ദേശിച്ചുള്ളു…”
അവന്റെ മുഖം വിടർന്നു. ഇപ്പോൾ ശരിക്കും അപ്പുവിന് ആ വാക്ക് ഒരുപാട് ഇഷ്ടായി . നല്ല സുഖമുള്ള വാക്ക്, വലിയ അർത്ഥമുള്ള വാക്ക്.
“ഇനീം ഇങ്ങനത്തെ വാക്കോള് മുത്തശ്ശിക്ക് അറിയാമോ ?”
അവൻ പിണക്കംമാറ്റി മുത്തശ്ശിയോട് ഒട്ടിനിന്നു ചോദിച്ചു.
“അറിയാല്ലോ, ഒരുപാട് അറിയാം, എന്നും ഓരോ വാക്ക് മുത്തശ്ശി പഠിപ്പിച്ചു തരാംട്ടോ, എൻ്റെ കുട്ടി തൊടിയിലൊക്കെ പോയി കളിക്കണം, ചുറ്റും കാണണ ജീവികളെയും ചെടികളെയും ശ്രദ്ധിക്കണം കേട്ടോ.”
സമ്മതം എന്ന ഭാവത്തിൽ അവൻ തലകുലുക്കി അപ്പോഴു അവന്റെ മനസ്സിൽ “കൂപമണ്ഡൂകം” എന്ന വാക്ക് മുഴങ്ങിക്കേൾക്കുകയായിരുന്നു.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
നല്ല കഥയല്ലേ, ഉണ്ണിയെപ്പോലെ എത്രയോ പേരാണ് കൂപമണ്ഡൂകങ്ങളായി കഴിയുന്നത്. അതു നല്ലതല്ല. കുട്ടികളയാൽ കളിക്കണം, തൊടിയലൊകൊ ഇറങ്ങി നടക്കണം. പ്രകൃതിയോട് സംസാരിക്കണം -വേണ്ടേ?
ശരി….ഇനിയൊരു കുഞ്ഞിക്കവിതയായിലാേ ?
തോന്നയ്ക്കൽ കൃഷ്ണപ്രസാദ് സാറാണ് കവിതയുമായി എത്തിയിരിക്കുന്നത്. ഒരു കൊച്ചുകവിതയാണ്. – ആകാശക്കാഴ്ച.
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലാണ് കൃഷ്ണപ്രസാദിന്റെ ജന്മഗ്രാമം . രവീന്ദ്രൻ നായരുടേയും കൃഷ്ണകുമാരി അമ്മയുടേയും മകൻ. വിദ്യാഭ്യാസത്തിനു ശേഷം നിരവധി പാരലൽ കോളേജുകളിൽ അദ്ധ്യാപകനായി. ഇരുപത്തിരണ്ട് വർഷത്തോളമായി സാഹിത്യമേഖലയിൽ സജീവമാണ്. നിരവധി കവിതകളും,ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫഷണൽ നൃത്ത നാടകങ്ങൾക്കും, ഭക്തിഗാന,ലളിതഗാന ആൽബങ്ങൾക്കുമായി നൂറ്റിയിരുപത്തഞ്ചിലധികം ഗാനങ്ങളെഴുതി. സാംസ്കാരിക വകുപ്പിന്റെ കലാകാരക്ഷേമനിധി ബോർഡിൽ അംഗമാണ്.
അമ്പിളിമാമന്റെ കുപ്പായം, മധുരമലയാളം (ബാലകവിതകൾ) സന്ധ്യാനാമാവലി (സമ്പാദനം) ഹിന്ദി വ്യാകരണമാല (വൈജ്ഞാനികം) പതിനഞ്ച് നാടോടിക്കഥകൾ (പുനരാഖ്യാനം) ലോറൽ മരത്തിന്റെ ഇലകൾ (നാടോടിക്കഥകൾ)
ദേവീപ്രസാദം (പൂഴനാട് ദേവീകീർത്തനങ്ങൾ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താേന്നയ്ക്കൽ കൃഷ്ണപ്രസാദിന്റെ കവിത.
🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
ആകാശക്കാഴ്ച
ആകാശമാകവേ അത്ഭുതക്കാഴ്ച
ആരും കൊതിയ്ക്കുന്ന നല്ല കാഴ്ച
അമ്പിളിമാമനും,നക്ഷത്രക്കൂട്ടവും
സൂര്യനും വിസ്മയക്കാഴ്ച്ചയല്ലോ.
മേഘങ്ങളാലോലമൂഞ്ഞാലിലാടുന്നു
പറവകൾ ചിറകടിച്ചാർത്തിടുന്നു ഈ
മനോഹാരിത നമുക്കെന്നുമേകിയ
ഈശ്വരനോട് നാം നന്ദി ചൊല്ലാം!
ലോകത്തിലെ നല്ല കാഴ്ചകൾ
എല്ലാം നല്കിയത് ഈശ്വരനാണ്.
ആ ഈശ്വരനെ സ്തുതിക്കണം,
ഈശ്വരനോട് നന്ദി പറയണം എന്നാണ്
കൃഷ്ണ പ്രസാദ് സാർ നമ്മളെ
ഓർമ്മിപ്പിക്കുന്നത്.
ഈ ലക്കത്തിലെ കഥയും കവിതകളുമെല്ലാം നിങ്ങൾക്ക് രസകരമായിട്ടുണ്ടാവുമെന്നാണ് മാഷ് കരുതുന്നത്. പുതിയ രചനകളുമായി പുതിയ എഴുത്തുകാരെ നമുക്ക് അടുത്ത തവണ പരിചയപ്പെടാം.
ഏറെ സ്നേഹത്തോടെ,
നിങ്ങളുടെ