Thursday, January 2, 2025
Homeകഥ/കവിത'ബൗണ്ടറികൾ' (തുടർക്കഥ -Part- 7) ✍ പ്രതാപ് ചന്ദ്രദേവ്.

‘ബൗണ്ടറികൾ’ (തുടർക്കഥ -Part- 7) ✍ പ്രതാപ് ചന്ദ്രദേവ്.

പ്രതാപ് ചന്ദ്രദേവ്

കഥ ഇതുവരെ:

ഒരിക്കലും മാറില്ല എന്ന് വിചാരിച്ച അസുഖം മാറിയപ്പോൾ, ഒരിക്കൽ ഉപേക്ഷിച്ചു പോന്ന ജന്മനാട്ടിലേക്ക് രാഹുൽ തിരിച്ചെത്തി. നാട്ടിൻ്റെയും ആളുകളുടെയും മാറ്റങ്ങൾ അയാളെ അത്ഭുതപ്പെടുത്തി. ചിലത് വേദനിപ്പിച്ചു. സ്നേഹ കൂടുതൽ കാരണം ഉപേക്ഷിച്ചുപോയ തൻ്റെ എല്ലാമായിരുന്ന ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ അവനെ വേദനിപ്പിച്ചു. അവൾ ഇപ്പോൾ വിധവയാണ്. അനിയൻ്റെ മക്കളുടെ നിഷ്കളങ്ക സ്നേഹത്തിൽ വീർപ്പുമുട്ടിയ അയാൾ, അനിയൻ്റെയും ഭാര്യയുടെയും സ്വഭാവമാറ്റം കണ്ട് വേദനിച്ചു.

തുടർന്നു വായിക്കുക.

” അതെ അതെ, നീയെന്തായാലും ബുദ്ധി പൂർവ്വം തന്നെ കൊച്ചിനെ ഇങ്ങു കൊണ്ടുവന്നത് നന്നായി. അല്ലെങ്കിൽ എൻ്റെ ഉറക്കം പോയേനെ.”

എന്ന രാജീവിൻ്റെ വാക്കുകൾ ഒരു കൂടം കൊണ്ട് തലയ്ക്ക് ആഞ്ഞിടിച്ചതു പോലെ തോന്നി. ഉറക്കം വരാതെ നേരം പുലർപ്പിച്ചു. അർഹതയില്ലാത്ത ഇവർക്ക് കൊടുക്കാനാണല്ലോ എൻ്റെ സമ്പാദ്യവുമായി ഇങ്ങു പോന്നത്! എന്ന് വിചാരിച്ചപ്പോൾ സ്വയം പുച്ഛം തോന്നി.

നേരം വെളുത്തപ്പോൾ സഞ്ചിയുമായി നില്ക്കുന്ന എന്നെക്കണ്ട രാജീവിന് അതിശയം. ഉണ്ണിമായയുടെ മുഖത്ത് ആശ്വാസം. കൂടുതലൊന്നും പറയാൻ പോയില്ല.

“ഹരീഷ്ജി എത്രയും പെട്ടെന്ന് അവിടെ എത്തണമെന്ന് പറഞ്ഞിരുന്നു. ഇവിടെ അധികം നില്ക്കാൻ തോന്നുന്നില്ല.”

“രണ്ടു ദിവസം കൂടെ ഇവിടെ നിന്നിട്ട് പോയാൽ പോരേ?

എന്ന് രാജീവ്.

“പിള്ളാര് ഉണർന്നില്ലല്ലോ, അവര് ഉണർന്നിട്ട്, ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചിട്ട് പോയാൽ പോരെ? വല്യച്ഛൻ പറയാതെ പോയാൽ പിള്ളേർക്ക് വിഷമമാകില്ലെ?”

എന്ന് ഉണ്ണിമായ ചോദിച്ചപ്പോൾ, ഉള്ളിൽ വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും ഒരു പുഞ്ചിരി വരുത്തിയിട്ട് സഞ്ചിയുമായി ഗേറ്റ് കടന്നു. അനിയൻ കെട്ടിയ ആ പുതിയ മതിൽ ഞങ്ങളുടെ സ്നേഹ ബന്ധത്തിനു കുറുകെ കെട്ടിയതു പോലെ തോന്നി.

വാതിലിൽ മുട്ടിയപ്പോൾ കതക് തുറന്നത് ഗിരിജമാമിയാണ്. സഞ്ചിയും തൂക്കി നില്ക്കുന്ന എന്നെ കണ്ടപ്പോൾ ഗിരിജമാമിയുടെ മുഖത്ത് അത്ഭുതഭാവം.

“എന്താ മോനേ വെളുപ്പാൻ രാവിലെ ?”

“ഞാൻ തിരികെ പോകുന്നു. നിങ്ങളെയെല്ലാം കണ്ട് യാത്ര പറഞ്ഞിട്ട് പോകാമെന്ന് വിചാരിച്ചു. ”

അപ്പോഴത്തേക്കും ബാലമാമയും തൊട്ടുപിറകെ കാത്തുമോളുമായി ലക്ഷിയും അവിടെയെത്തി.

“തിരികെ പോകുകയാണോ ?”

നിറകണ്ണുകളോടെ ലക്ഷ്മി ചോദിച്ചു.

അതെയെന്ന് തലയാട്ടി.

“ഇനി രാഹുലേട്ടനെ എനിക്ക് കാണാൻ കഴിയോ?”

ഞാൻ പുഞ്ചിരിച്ചു കൊണ്ടു അവളോടു ചോദിച്ചു:

“അപ്പോൾ ലക്ഷ്മി എൻ്റെ കൂടെ വരുന്നില്ലേ?”

അവൾ അത്ഭുതഭാവത്തിൽ എൻ്റെ മുഖത്ത്, അവളുടെ നനഞ്ഞ കൺമിഴികളാൽ നോക്കി.

“ഇന്നലെ ലക്ഷ്മി പറഞ്ഞതു മറന്നു പോയോ ? എന്നെ പരിചരിക്കാൻ വേറെയാരെയും നോക്കരുത്, താൻ വരാമെന്ന്?”

”അതു ഞാൻ… ഇപ്പോൾ രാഹുലേട്ടന് ഒരു പരിചാരികയുടെ ആവശ്യം ഇല്ലല്ലോ, ആവശ്യം വരുമ്പോൾ എന്നെ വിളിച്ചാൽ മതി, ഞാൻ ഓടിയെത്തും.”

“ഞാൻ കിടപ്പിലായിട്ട് എന്നെ പരിചരിക്കാൻ എനിക്ക് ഒരാളുടെ ആവശ്യം വരില്ല. അവിടെ ആശ്രമത്തിൽ അതിനുള്ള അറേൻജ്മെൻ്റൊക്കെയുണ്ട്. എനിക്ക് ഇപ്പോൾ ആവശ്യം ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്ത് എന്നെ പരിചരിക്കുന്ന ഒരു ഭാര്യയെയാണ്. ഒപ്പം കാത്തു മോളെപ്പോലെയുള്ള ഒരു ഓമന മോളും. സമ്മതമാണെങ്കിൽ നിങ്ങൾ രണ്ടു പേരും എന്നോടൊപ്പം പോന്നോളൂ… ”

അപ്രതീക്ഷിതമായ ആ ക്ഷണത്തിൽ ആഹ്ളാദിക്കണോ കരയണോ എന്നറിയാതെ അന്തംവിട്ടു നില്ക്കുന്ന ലക്ഷ്മി, കാര്യം വ്യക്തമാകാതെ എന്നെയും അവളുടെ അമ്മയെയും മാറി മാറി നോക്കിക്കൊണ്ടു നില്ക്കുന്ന കാത്തുമോൾ, വിശ്വസിക്കാനാകാതെയും എന്നാൽ ചെറിയൊരു സംശയത്തോടെയും നില്ക്കുന്ന ബാലമാമയും ഗിരിജമാമിയും. എല്ലാവരോടുമായി ഞാൻ വെളിപ്പെടുത്തി:

“നിങ്ങളോടെല്ലാം രാജീവ് പറഞ്ഞു കാണാത്ത ഒരു കാര്യമുണ്ട്. എനിക്കിപ്പോൾ അസുഖമൊന്നുമില്ല. ചികിത്സയില്ല എന്നു വിചാരിച്ചിരുന്ന എൻ്റെ രോഗം ദൈവതുല്യനായ ഒരു മനുഷ്യൻ ചികിത്സിച്ച് ഭേദപ്പെടുത്തി. അദ്ദേഹത്തിൻ്റെ ആശ്രമത്തിലാണ് ഞാൻ താമസ്സിക്കുന്നത്. ഇന്നലെവരെ എൻ്റെ ജീവിതത്തെപ്പറ്റി എനിക്ക് ചിന്തയില്ലായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ജീവിക്കണം എന്ന് തോന്നുന്നു. ലക്ഷ്മിയോടും കാത്തുമോളോടും ഒപ്പം.”

കരയണോ ചിരിക്കണോ എന്നറിയാത്ത മുഖഭാവത്തോടെ എൻ്റെ കണ്ണുകളിലേയ്ക്കു തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മി. കേട്ട വാക്കുകൾ വിശ്വാസിക്കണോ വേണ്ടയോ എന്നറിയാതെ നിൽക്കുന്ന ബാലമാമയും ഗിരിജമാമിയും.

“എൻ്റെ ലക്ഷ്മിയുടെ മനസ്സ് എനിക്ക് നന്നായി അറിയാം. അവളുടെ അച്ഛനും അമ്മയും എന്ന നിലയ്ക്ക് നിങ്ങൾക്ക് സമ്മതമാണോ ഇല്ലയോ എന്നാണ് എനിക്ക് അറിയേണ്ടത് ?”

നിറകണ്ണുകളോടെ എൻ്റെ നേർക്ക് കൈകൂപ്പാൻ മാത്രമേ ബാലമാമയ്ക്ക് കഴിഞ്ഞുള്ളു. ഗിരിജമാമി എൻ്റെ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാകാതെ നില്ക്കുന്ന കാത്തു മോളെ വാരിയെടുത്തുകൊണ്ട് ഞാൻ പറഞ്ഞു:

”എനിക്കും ലക്ഷ്മിക്കും കാത്തുമോൾ മാത്രം മതി, മോളായിട്ട്. ഇവളെ നമുക്ക് അവിടത്തെ സ്കൂളിൽ ചേർക്കാം. കാത്തു മോളേ… മോളുടെ അച്ഛനാ ഞാൻ. മോള് അച്ഛാ എന്ന് എന്നെ വിളിച്ചേ.. ”

എൻ്റെ ദേഹത്ത് സ്നേഹത്തോടെ പറ്റിപ്പിടിച്ചിരുന്നെങ്കിലും അവൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കുക മാത്രമേ ചെയ്തുള്ളു.
സന്തോഷക്കണ്ണീരോടെ അവളെ തഴുകിക്കൊണ്ട് ലക്ഷ്മി പറഞ്ഞു:

” അച്ഛാ എന്നു വിളി മേളേ.. എൻ്റെ കാത്തുമോളുടെ അച്ഛൻ തന്നെയാ ഇത്. ”

അമ്മയുടെ സമ്മതം കിട്ടിയ സന്തോഷത്തോടെ കാത്തുമോൾ വിളിച്ചു: “അച്ഛാ ” ഒപ്പം കുഞ്ഞു ചുണ്ടുകൾ കൊണ്ട് ഒരു ചുംബനവും അവളെൻ്റെ കവിളിൽ തന്നു. അത് എന്നിൽ അഗാദമായ ഒരു പിതൃവാത്സല്യം ഉണ്ടാക്കി.

അതുവരെ മിണ്ടാൻ കഴിയാതെ നിന്ന ബാലമാമ പറഞ്ഞു:

“വയസ്സായ ഞങ്ങളുടെ വിഷമം ലക്ഷ്മിയെയും മോളെയും ഓർത്തിട്ടായിരുന്നു. ഞങ്ങളുടെ കാലശേഷം അവരെന്തു ചെയ്യുമെന്ന് ഓർത്തിട്ട് ഒരു മനസ്സമാധാനവുമില്ലായിരുന്നു. എൻ്റെ പിടിവാശി കാരണം എൻ്റെ മോളുടെ ജീവിതം നശിച്ചുപോയല്ലോ എന്ന പശ്ചാത്താപം എന്നെ വേട്ടയാടുകയായിരുന്നു ഇതുവരെ.”

ഗിരിജമാമി പറഞ്ഞു:

“ഞങ്ങൾക്ക് നൂറുവട്ടം സമ്മതമാ മക്കളേ.. പക്ഷേ, ഇത്രയും ദൂരെ പോവുന്ന കാര്യം ഓർക്കുമ്പോ! ഈ വീടും വസ്തുവുമൊക്കെ നിങ്ങൾക്കൊള്ളതാ. ഈ പറമ്പിൽ നിന്ന് നിങ്ങൾക്ക് ജീവിക്കാനുള്ള ആദായവും കിട്ടും. നിങ്ങൾ ഇവിടെത്തന്നെ.. ”

ഗിരിജ മാമിയെ തടഞ്ഞു കൊണ്ട് ബാല മാമ പറഞ്ഞു:

“നീ എന്താണ് പറയുന്നത് ഗിരിജേ ? രാഹുലിൻ്റെ ജോലി അവിടെയല്ലേ, നമുക്ക് ഒരു കാര്യം ചെയ്യാം, ഈ പറമ്പും വീടും വിറ്റ് അവർക്കു കൊടുക്കാം. അവരവിടെ നല്ലൊരു വീട് വാങ്ങട്ടെ ”

” ഈ വീടും പറമ്പും വിൽക്കേണ്ട കാര്യം തല്ക്കാലം ആലോചിക്കണ്ട. അതിവിടെ കാത്തുമോൾക്ക്, നമ്മുടെ നാട് മറന്നു പോകാതിരിക്കാനായി കിടന്നോട്ടെ. എൻ്റെ ബാങ്ക് അക്കൗണ്ടിൽ ഇരുപത് കോടിയോളം രൂപ കിടപ്പുണ്ട്. എൻ്റെ എഴുത്തിന് കിട്ടിയ പ്രതിഫലമാ. അത് രാജീവിനും കുടുംബത്തിനും കൊടുക്കാനാ ഞാനിവിടെ വന്നത്. പക്ഷേ, അതിന് അവര് അർഹരല്ലന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് കൊടുത്തില്ല. ഈ തുക കൊണ്ട് ആഗ്രഹിക്കുന്ന എന്തു വാങ്ങാനും ഇപ്പോഴെനിക്ക് കഴിയും.”

ഞാൻ പറഞ്ഞതുകേട്ട് അന്തം വിട്ടു നില്ക്കുന്ന ഗിരിജമാമിയോടായി ചിരിച്ചുകൊണ്ട് പറഞ്ഞു:

” മാമിയെന്താ നോക്കിക്കൊണ്ട് നില്ക്കുന്നത്? എനിക്ക് വിശക്കുന്നു. എന്തെങ്കിലും പെട്ടെന്നുണ്ടാക്കിത്താ.. ”

എന്നിട്ട് ബാലമാമയോട് പറഞ്ഞു:

“കാപ്പി കുടിച്ചിട്ട് നമുക്കെല്ലാവർക്കും ഇവിടത്തെ അമ്പലത്തിലേക്ക് പോകാം. ലക്ഷ്മിയുടെ കഴുത്തിൽ എനിക്ക് ഒരു താലികെട്ടണം.”

ഒരു സ്വപ്നം കാണുന്നതുപോലെ നില്ക്കുകയാണ് ലക്ഷ്മി.

“എന്താ ലക്ഷ്മീ, തനിക്ക് സമ്മതമല്ലേ ?”

അവൾ ഒരു നവവധുവിൻ്റെ നാണത്തോടെ എൻ്റെ കയ്യിലിരിക്കുന്ന കാത്തുമോളെ തഴുകിക്കൊണ്ട്, എൻ്റെ ശരീരത്തോട് ചേർന്നു നിന്നു.

ക്ഷേത്രത്തിൽ നിന്ന് കാത്തു മേളെയും എടുത്തു കൊണ്ട് എൻ്റെ ഭാര്യ ലക്ഷ്മിയുടെ കയ്യും പിടിച്ചുകൊണ്ട് ടാക്സിക്കരികിലേയ്ക്ക് നടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ബാലമാമയോടും ഗിരിജ മാമിയോടുമായി പറഞ്ഞു:

“ഇവിടത്തെ കാര്യങ്ങൾ ആരെയെങ്കിലും ഏർപ്പാടു ചെയ്തിട്ട് എത്രയും പെട്ടെന്ന് അങ്ങത്തിക്കോണം, ഞങ്ങടെ കൊച്ചു സ്വർഗ്ഗത്തിലേക്ക്.”

സമ്മതപൂർവ്വം രണ്ടുപേരും തലയാട്ടി. അപ്പോൾ ദൂരെനിന്ന് ഒരു ചുവന്ന കാറു പാഞ്ഞുവന്ന് ഞങ്ങളുടെ അടുത്തെത്തി ബ്രേക്കിട്ടു.
തുടരും.

പ്രതാപ് ചന്ദ്രദേവ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments