Saturday, October 19, 2024
Homeകേരളംതീരത്തടിഞ്ഞു ശിരസ്സറ്റ ശരീരങ്ങൾ ; ചാലിയാറിൽ 32 മൃതദേഹം , 23 ശരീരഭാഗങ്ങൾ.

തീരത്തടിഞ്ഞു ശിരസ്സറ്റ ശരീരങ്ങൾ ; ചാലിയാറിൽ 32 മൃതദേഹം , 23 ശരീരഭാഗങ്ങൾ.

നിലമ്പൂർ :ചാലിയാറിന്‌ ചൊവ്വ മരണത്തിന്റെ തണുപ്പായിരുന്നു. ചൂരൽമലയിലെ വീടുകളിൽ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി കഴിഞ്ഞവർ തലയറ്റ ശരീരങ്ങളായി ഒഴുകി. വേർപ്പെട്ട കുഞ്ഞുകാലുകളും കൈകളുംമുതൽ ആന്തരികാവയവങ്ങൾവരെ തീരങ്ങളിലടിഞ്ഞു. നാട്ടുകാരും രക്ഷാപ്രവർത്തകരും മരവിച്ച മനസ്സുമായി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും കരയിലെത്തിച്ചു.

പോത്തുകല്ലിൽനിന്ന്‌ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ രാവിലെ എട്ടിന്‌ പോസ്‌റ്റുമോർട്ടം ടേബിളിൽ ആദ്യമെത്തിച്ചത്‌ നാലു വയസുകാരന്റെ മൃതദേഹം. പിന്നീട്‌ മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ആംബുലൻസുകൾ പാഞ്ഞെത്തി. ഏഴുവയസുകാരിയുടെയും രണ്ട് പുരുഷൻമാരുടെയും ഒഴികെയെല്ലാം പൂർണമല്ലാത്ത ശരീരങ്ങൾ. ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിൽ ഒലിച്ചിറങ്ങിയ പാറക്കല്ലുകളിലും മരത്തടികളിലും തട്ടിത്തെറിച്ച മൃതദേഹങ്ങൾ കവറിലും പായയിലും തുണിയിലും പൊതിഞ്ഞാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. പലതും തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു. ശരീരത്തിനുള്ളിൽ ചെളിയും മണ്ണും നിറ‍ഞ്ഞതും കല്ലുകൾ തറച്ചതുമായ മ‍ൃതദേഹങ്ങളാണ്‌ കണ്ടെത്തിയതിലേറെയും. മഞ്ചേരി മെഡിക്കൽ കോളേജിലെ പൊലീസ് ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പോസ്‌റ്റുമോർട്ടം നടപടികൾ.

ചാലിയാറിൽ 32 മൃതദേഹം, 23 ശരീരഭാഗങ്ങൾ
പെയ്‌തിറങ്ങിയ പേമാരി ചൂരൽമലയുടെ ഹൃദയം പിളർന്നപ്പോൾ കണ്ണീരൊഴുകിയെത്തിയത്‌ ചാലിയാറിൽ. ചൂരൽമലയിൽനിന്ന്‌ ചാലിയാറിലൂടെ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയത് 32 മൃതദേഹങ്ങളാണ്‌. 18 പുരുഷന്മാരുടെയും 10 സ്‌ത്രീകളുടെയും നാല്‌ കുട്ടികളുടെയും മൃതദേഹമാണ്‌ കിട്ടിയത്‌. 23 മൃതദേഹ അവശിഷ്ടങ്ങളും കണ്ടുകിട്ടി. പോത്തുകല്ല്‌, മുണ്ടേരി ഭാഗങ്ങളിൽനിന്നാണ്‌ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്‌. ചൊവ്വ രാവിലെ 7.30ഓടെ കുനിപ്പാല കടവിൽനിന്ന് നാലുവയസുള്ള ആൺകുട്ടിയുടെ മൃതദേഹം ആദ്യംകിട്ടി. അധികം വൈകാതെ ബാക്കിയുള്ളവയും. മുണ്ടേരി വനത്തിൽനിന്ന്‌ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ ആദിവാസികളാണ്‌ രക്ഷാപ്രവർത്തകരെ സഹായിച്ചത്‌.

കാട്ടിൽ കുടുങ്ങിക്കിടന്ന മിക്ക മൃതദേഹങ്ങളും വാണിയമ്പുഴ കടവിൽ ഡിങ്കി ബോട്ട്‌ ഉപയോഗിച്ച്‌ മറുകരയിൽ എത്തിച്ചു. വരുംദിവസങ്ങളിലും ചാലിയാറിന്റെ ഇരുകരകളിലും തിരച്ചിൽ തുടരും. മന്ത്രി വി അബ്ദുറഹ്മാൻ, പി വി അൻവർ എംഎൽഎ, കലക്ടർ വി ആർ വിനോദ്‌ എന്നിവരാണ്‌ ജില്ലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്‌.

മരിച്ചവരിൽ തിരിച്ചറിഞ്ഞവർ.

1) വൈത്തിരി തളിപ്പുഴ മുത്തേത്തൊടി ഹൗസിൽ എം എസ്‌ റുക്‌സാന (35)
2) ചൂരൽമല ചീനിക്കാംപറമ്പിൽ വീട്ടിൽ റംലത്ത്‌ (53)
3) എച്ച്‌എംഎൽ സെന്റിനറി റോക്ക്‌ എസ്‌റ്റേറ്റ്‌ ഫീൽഡ്‌ ഓഫീസർ എ ഗിരീഷ്‌(50)
4)ചൂരൽമല പിലാക്കൽ അഷ്‌റഫ്‌ (49)
5 )ചൂരൽമല ലെനിൻ നിവാസിൽ ലെനിൻ
6 )കുളത്തിങ്കൽ ഹൗസിൽ കുഞ്ഞിമൊയ്‌തീൻ(65)
7) മട്ടത്ത്‌ ഹൗസിൽ പ്രേമലീല
8)എറക്കാടൻ ഹൗസിൽ റെജീന
9) ചൂരൽമല വിജീഷ്‌ (37)
10) മുണ്ടക്കൈ പുഞ്ചിരിമട്ടം കയത്തിൽ ഹൗസിൽ സുമേഷ്‌ (35)
11) മുണ്ടക്കൈ പടിക്കപറമ്പിൽ ഹൗസിൽ സലാം(39)
12) ശ്രേയ നിവാസിൽ ശ്രേയ (19)
13) വെള്ളരിമല അരുൺ നിവാസിൽ ദാമോദരൻ (65)
14) ചൂരൽമല കൗസല്യ
15) മുണ്ടക്കൈ സഹാന (7)
16) കിഴക്കേ തെക്കുംകര വാസു (60)
17) കളത്തിങ്കൽ ആയിഷ
18) ചൂരൽമല ആമിന
19 )മുണ്ടക്കൈ ജഗദീഷ്‌(45)
20 )ചൂരൽമല എറക്കടാൻ അനസ്‌ (25)
21) ആമക്കുഴി മുട്ടത്ത്‌ അഫ്‌സിയ
22 ) ചൂരൽമല അച്ചു (അശ്വിൻ)
23) അഷ്‌നി (10)
24 ) എറക്കാട്‌ നബിസ (60)
25) ചെട്ടിതൊടിയിൽ ജമീല (65)
26 ) ചൂരൽമല വിജിത നിവാസിൽ അനു(3)
27 ) ചൂരൽമല മട്ടത്ത്‌ മോഹനൻ (64)
28 ) പാറു (63) 
29) കരിമ്പിൻകാല ഗീത(44)
30 ) മൂലകൂടത്തിൽ ഷാരൺ (20)
31 ) ഹോസ്‌പിറ്റൽ പാടി പ്രജീഷ്‌ (38)
32) ജുബൈരിയ (30)
33) മുഹമ്മദ്‌ ഇഷാൻ(10)
34) പ്രേമ (55)
35) ഷരൺ (16)
36 ) എരക്കാടൻ മുഹമ്മദ്‌ നിയാസ്‌
37 ) അയ്യൻകൊല്ലി കല്യാണകുമാർ (56)
38 ) മുണ്ടക്കൈ പാറക്കടവൻ ഹൗസിൽ നാരായണൻ (55)
39 ) പാലക്കൽ സതീദേവി
40 ) ചൂരൽമല ആദിൽ(12)
41 ) കൃഷ്‌ണ നിവാസിൽ പി കെ വിജയൻ (59)
42 ) ഉദയനിധി ഹൗസിൽ കാളിദാസൻ (34)
43 ) പാലക്കൽ പങ്കജാക്ഷി (75)
44 ) നസീറ (40)
45) ചൂരൽമല ടൗൺ ശാന്തൻ മുഹമ്മദ്‌ (65)
46 ) മുണ്ടക്കൈ ഷിജു
47 ) കൃഷ്‌ണ നിവാസിൽ ഭാസ്‌കരൻ (62).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments