Saturday, October 5, 2024
Homeഇന്ത്യഎയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി,കുപ്രസിദ്ധ ഡാർക്ക് വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ഹാക്കർ

എയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി,കുപ്രസിദ്ധ ഡാർക്ക് വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ഹാക്കർ

മുംബൈ: എയർടെൽ ഉപഭോക്താക്കളായ 37.5 കോടി ആളുകളുടെ  വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. ആധാർ നമ്പറും, ജന്മദിനവും, വിലാസവും, ഇ മെയിൽ ഐഡിയും, ഫോട്ടോ ഐഡിയും അടക്കമുള്ള വിവരങ്ങൾ കുപ്രസിദ്ധ ഡാർക്ക് വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ടാണ് അവകാശവാദം. ക്സെൻ സെൻ എന്ന ഐഡിയിൽ നിന്നാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഈ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. എയര്‍ടെല്‍ ഉപഭോക്താക്കളുടെ ജൂൺ വരെയുള്ള വിവരങ്ങൾ ലഭ്യമാണെന്നാണ് ഹാക്കറുടെ അവകാശവാദം.

എന്നാല്‍ സുരക്ഷാ വീഴ്ച നിഷേധിച്ച് രാജ്യത്തെ ടെലികോം ഭീമന്‍മാരായ ഭാരതി എയർടെൽ രംഗത്തെത്തി. ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ആർക്കും ആശങ്ക വേണ്ടെന്നുമാണ് കമ്പനി അറിയിപ്പ്. എയര്‍ടെല്ലിന്‍റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് കമ്പനിയുടെ പ്രതികരണം. ‘ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി. എന്നാല്‍ എയര്‍ടെല്ലിന്‍റെ ഭാഗത്ത് നിന്ന് യാതൊരു ഡാറ്റ ചോര്‍ച്ചയുമുണ്ടായിട്ടില്ല’- എന്നും എയര്‍ടെല്‍ വക്താവ് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

2024 ജൂണിലാണ് എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചത് എന്ന് ഹാക്കര്‍ അവകാശപ്പെടുന്നു. തെളിവെന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ടും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു ഗുരുതര ആരോപണവും ഹാക്കറുടെ ഭാഗത്ത് നിന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കൈവശമുള്ള ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ മുമ്പ് ശ്രമിച്ചിരുന്നു എന്നാണ് ഈ അവകാശവാദം. എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി 2021ലും ആരോപണമുണ്ടായിരുന്നെങ്കിലും അന്നും കമ്പനി അക്കാര്യം നിഷേധിച്ചിരുന്നു. രാജ്യത്തെ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ക്കെതിരെയും സമാന ഡാറ്റ ചോര്‍ച്ച ആരോപണം മുമ്പുണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments