അംബിക❤️
80കളിലെ താരസുന്ദരി അംബികയെ ഓർക്കാത്തവർ ആരാണുള്ളത്… ഇന്ന് അംബികയാണ് നമ്മുടെ അതിഥി.
ഒരു ദശാബ്ദക്കാലം തെന്നിന്ത്യയിലെ ടോപ് ഹീറോയിൻ ആയിരുന്ന അംബിക, 1962 നവംബർ 16ന് തിരുവനന്തപുരത്തെ കല്ലറയിൽ, കല്ലറ കുഞ്ഞൻ നായരുടെയും കല്ലറ സരസമ്മയുടെയും പുത്രിയായി ജനിച്ചു.
അമ്മ – കല്ലാറ സരസമ്മ മഹിള കോൺഗ്രസ് ലീഡറായിരുന്നു.
അംബികക്ക് രണ്ട് അനുജത്തിമാരും രണ്ട് അനുജന്മാരും ആണ് ഉള്ളത്. അനുജത്തി രാധയും അഭിനേത്രിയാണ്.
ഒരു ചൈൽഡ് ആർട്ടിസ്റ്റായിട്ടായിരുന്നു അംബിക അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്. എന്നാൽ ‘നീലത്താമര’ ‘ലജ്ജാവതി’ തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു അവരെ പ്രശസ്തിയിലേക്ക് എത്തിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും മൂന്ന് ഇൻഡോ അമേരിക്കൻ ഫിലിമുകളിലും അംബിക അഭിനയിച്ചു.
ഗ്ലാമർ ഉണ്ടെങ്കിൽ അഭിനയം ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് തെളിയിച്ചവരാണ് തെന്നിന്ത്യൻ നടിമാരിൽ പലരും. എന്നാൽ അഭിനയത്തിന്റെ അടിസ്ഥാനത്തിൽ ടോപ് ഹീറോയിൻ ആയിത്തീർന്ന നടിയാണ് അംബിക.
ശാലീനത വഴിഞ്ഞൊഴുകുന്ന മുഖവും അതിൽ വിരിയുന്ന സൗമ്യ സുന്ദര ഭാവങ്ങളും ബഹളങ്ങൾ ഒട്ടും ഇല്ലാത്ത അഭിനയപ്രകൃതവും അംബികയെ പ്രേക്ഷക മനസ്സുകളിൽ മുൻനിര നായികയാക്കി മാറ്റാൻ പോന്നവയായിരുന്നു. അവരുടെ അഭിനയ ശേഷി തെളിയിക്കാൻ നിരവധി സിനിമകൾ മലയാളത്തിൽ അവർക്ക് ലഭിച്ചു. മോഹൻലാലിനൊപ്പം അഭിനയിച്ച സൂപ്പർ ഹിറ്റ് ഫിലിം ‘രാജാവിന്റെ മകനും’ ‘ ഇരുപതാം നൂറ്റാണ്ടും ‘ ഉദാഹരണങ്ങളാണ്.
1978 മുതൽ 1989 വരെ അക്കാലത്തെ മുൻനിര നായകന്മാരായ കമലഹാസൻ, രജനീകാന്ത്, ജയകാന്ത്, സത്യരാജ്, മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ശങ്കർ, എൻ.ടി.ആർ. അംബരീഷ്, ചിരഞ്ജീവി,രാജ്കുമാർ തുടങ്ങിയവരോടൊപ്പം സിൽവർ സ്ക്രീൻ പങ്കിടാൻ സാധിക്കുക എന്നത്ചില്ലറ കാര്യമല്ല.
തന്റെ അഭിനയ ജീവിതത്തിൽ ഇരുന്നൂറിൽ പരം ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച്, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അംബിക, 1984 ൽ ‘കലൈമാമണി’ അവാർഡ് നേടി.
‘കാതൽ പരിശു’ എന്ന തമിഴ് സിനിമയിൽ അനുജത്തി രാധയുടെ കൂടെ മത്സരിച്ചഭിനയിച്ചു. സഹോദരിമാരുടെ റോളിൽ മികച്ച അഭിനയം കാഴ്ചവച്ച ഇവർ തുടർന്ന് നിരവധി തമിഴ് സിനിമകളിൽഒരുമിച്ച് അഭിനയിച്ചു.
രാധ വളരെ ശ്രദ്ധാപൂർവ്വം കരിയർ മുന്നോട്ടു കൊണ്ടുപോയി വിജയിച്ചശേഷം വളരെ സെലക്ടീവായി, മുൻനിര നായകന്മാരുടെ ഒപ്പം മാത്രം അഭിനയിച്ചു. ജന്മംകൊണ്ട് മലയാളിയാണെങ്കിലും വെറും ആറ് മലയാളം സിനിമകളിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളു.
രാധയുടെ രണ്ടു പെൺമക്കളും അഭിനയരംഗത്ത് സജീവമാണ്. അഭിനയം നിർത്തിയ രാധയോട് വീണ്ടും സജീവമാകാൻ ഫാൻസ് അപേക്ഷിച്ചുവെങ്കിലും അവർ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. പിന്നീട് ബി.ജെ.പി.യിൽ ചേർന്നു.
അംബിക 1988 ൽ NRI ആയ പ്രേംകുമാർ മേനോനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പുത്രന്മാരാണ്. തുടർന്ന് അമേരിക്കയിൽ സെറ്റിൽ ചെയ്തുവെങ്കിലും 1996 ൽ വിവാഹമോചനം നേടി.
2000 ൽ നടനായ രവികാന്തിനെ പുനർവിവാഹം ചെയ്തുവെങ്കിലും 2002 ആയപ്പോഴേക്കും അവർ വേർപിരിഞ്ഞു. 60കളുടെ പ്രസരിപ്പിൽ അംബിക ഇപ്പോൾ ചെന്നൈയിലെ വസതിയിൽ വിശ്രമജീവിതം നയിക്കുകയാണ്.