കിരീടപോരാട്ടത്തിൽ വീണുപോയെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ. ചരിത്രത്തിൽ മുദ്രചാർത്തിയാണ് ഇത്തവണ മടങ്ങിയത്. ബാറ്റിങ് വിസ്ഫോടനം കൊണ്ടാണ് അവർ അടയാളപ്പെടുത്തിയത്. വെടിക്കെട്ട് ബാറ്റിങ്ങിന്റെ സകലസാധ്യതകളും പരീക്ഷിച്ച ടീം അച്ചടക്കമുള്ള ബൗളിങ്ങുമായും ശ്രദ്ധിക്കപ്പെട്ടു. ഓസ്‌ട്രേലിയയെ രണ്ട് ലോകകിരീടങ്ങളിലേക്കു നയിച്ച പാറ്റ് കമിൻസിന് ഇവിടെ കിരീടനേട്ടം സ്വന്തമാക്കാനായില്ലെങ്കിലും നായകനായി തിളങ്ങി. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായിരുന്നു സൺറൈസേഴ്‌സ്. അവിടെനിന്നാണീ കുതിപ്പ്.
ഇടിവെട്ട് : ഓപ്പണറായ ട്രാവിസ് ഹെഡ് ഒരു സെഞ്ചുറിയടക്കം നേടിയത് 567 റൺസ്. അഭിഷേക് ശർമയും (482) ഹെൻറിച്ച് ക്ലാസ്സെനും (463) ടീമിനായി റൺവേട്ട നടത്തി. ഹെഡും അഭിഷേകും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് ഐ.പി.എലിന്റെ സുന്ദരമുഹൂർത്തങ്ങളിലുണ്ട്. ഇത്തവണത്തെ അഞ്ച് ഉയർന്ന സ്കോറുകളിൽ മൂന്നും ഹൈദരാബാദിന്റെ പേരിലാണ്. ബെംഗളൂരുവിനെതിരേ മൂന്ന് വിക്കറ്റിന് 287 റൺസ് നേടിയപ്പോൾ ചരിത്രത്തിലെ ഉയർന്ന സ്കോറായി. മുംബൈക്കെതിരേ മൂന്നിന് 277 റൺസും ഡൽഹിക്കെതിരേ ഏഴിന് 266 റൺസും ടീം അടിച്ചെടുത്തു. ഡൽഹിക്കെതിരേ പവർപ്ലേയിൽ (ആറ് ഓവറിൽ) 125 റൺസെടുത്തപ്പോൾ അത് ട്വന്റി-20 ചരിത്രത്തിലെതന്നെ ഉയർന്ന സ്കോറായി.
മിന്നൽ ബൗളിങ് ; നായകൻ പാറ്റ് കമിൻസ്- ഭുവനേശ്വർ കുമാർ- ടി. നടരാജൻ പേസ് ത്രയം സീസണിലെ മികച്ചതായിരുന്നു. ബൗളിങ്ങിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നടരാജൻ 19 വിക്കറ്റുമായി നാലാമതെത്തി. കമിൻസ് 17 വിക്കറ്റും ഭുവി 11 വിക്കറ്റും നേടി.
കണ്ണീരോടെ കാവ്യ ; ഫൈനൽ മത്സരത്തിനുശേഷം ചാനൽ ക്യാമറകളിൽ നിറഞ്ഞത് കണ്ണീരണിഞ്ഞുനിൽക്കുന്ന കാവ്യ മാരനായിരുന്നു. ടീമിന്റെ ചീഫ് എക്സിക്യുട്ടീവ്. ടീമിനൊപ്പം മുഴുവൻ സമയവും സഞ്ചരിച്ച് കാര്യങ്ങളെല്ലാം നോക്കുന്നതും കാവ്യതന്നെ. എന്നാൽ, കപ്പുയർത്താനുള്ള ഭാഗ്യമുണ്ടായില്ല.
കഴിഞ്ഞ ഡിസംബറിൽ നടന്ന താരലേലത്തിൽ കമിൻസിനെ 20.50 കോടിക്ക് സ്വന്തമാക്കിയപ്പോൾ കാവ്യയുടെ സന്തോഷപ്രകടനം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ആറു താരങ്ങളുടെ ഒഴിവു നികത്താൻ 34 കോടി രൂപയുണ്ടായിരുന്ന സൺറൈസേഴ്‌സ് അന്ന് കമിൻസിനും ട്രാവിസ് ഹെഡിനുമായി (6.8 കോടി) മുടക്കിയത് 27.3 കോടിയാണ്. രണ്ടു കോടി വീതം അടിസ്ഥാന വിലയുണ്ടായിരുന്ന താരങ്ങളായിരുന്നു ഇരുവരും. അന്നത്തെ കാവ്യയുടെ തീരുമാനം ശരിയാണെന്ന് തെളിഞ്ഞു.