ബ്യൂണസ് അയേഴ്സ് ലോക ചാമ്പ്യൻമാരായ അർജൻറീന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ചു.കോപയിലെ നിലവിലെ ചാമ്പ്യന്മാർ കൂടിയായ അർജൻറീന 29 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചത്. നായകൻ ലിയോണൽ മെസിക്കൊപ്പം ലോകകപ്പ് ടീമിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും കോപ അമേരിക്ക സ്ക്വാഡിലുമുണ്ട്.
എന്നാൽ മുതിർന്ന താരം പൗളോ ഡിബാലയ്ക്ക് ടീമിൽ ഇടം നേടാനായില്ല. മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസ്, ഇൻറർ മിലാൻ താരം ലൗട്ടാരോ മാർട്ടിനെസ്, ബെയർ ലെവർക്യൂസൻ താരം പലാസിയോ എന്നിവർ അവരുടെ ക്ലബുകൾക്ക് ഒപ്പം ലീഗ് കിരീടം നേടിയാണ് അർജൻറൈൻ ടീമിലെത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ ടീമിൽ ഇടം നേടി.
കോപ അമേരിക്ക ടൂർണമെൻറിന് മുന്നോടിയായി ജൂൺ 9, 14 തീയ്യതികളിലായി ഇക്വഡോറുമായും ഗ്വാട്ടിമാലയുമായും അർജൻറീനയ്ക്ക് സന്നാഹ മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിലേക്കുള്ള ടീമിനെകൂടിയാണ് ലയണൽ സ്കലോണിയും സംഘവും പ്രഖ്യാപിച്ചത്. 29 അംഗ സ്ക്വാഡ് കോപ്പ അമേരിക്കയ്ക്ക് മുൻപ് 26 ആയി ചുരുക്കും.
ജൂൺ 20നാണ് കോപ്പ അമേരിക്ക ടൂർണമെൻറ് തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ കാനഡയാണ് അർജൻറീനയുടെ എതിരാളികൾ. കാനഡക്ക് പുറമെ പെറു, ചിലി ടീമുകളാണ് അർജൻറീനയുടെ ഗ്രൂപ്പിലുള്ളത്. കഴിഞ്ഞ കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ലിയോണൽ മെസി ഫു്ടോബോളിലെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയത്. പിന്നാലെ ഖത്തറിൽ നടന്ന ലോകകപ്പും ഫൈനലിസീമയും മെസിയുടെ നേതൃത്വത്തിൽ അർജൻറീന നേടി. യൂറോപ്യൻ ഫുട്ബോൾ വിട്ട് അമേരിക്കയിലെ മേജർ സോക്കർ ലീഗിലേക്ക് മെസി കുടിയേറിയശേഷം അർജൻറീന കളിക്കുന്ന പ്രധാന ടൂർണമെൻറാണിത്.
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, ജെറോണിമോ റുല്ലി, എമിലിയാനോ മാർട്ടിനെസ്.
ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മൊളീന, ലിയോനാർഡോ ബലേർഡി, ക്രിസ്റ്റ്യൻ റൊമേറോ, ജർമ്മൻ പെസെല്ല, ലൂക്കാസ് മാർട്ടിനെസ്, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലൻ്റൈൻ ബാർകോ.
മിഡ്ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ്, ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എക്‌സിക്വയൽ പലാസിയോസ്, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ.
ഫോർവേഡുകൾ: എയ്ഞ്ചൽ ഡി മരിയ, വാലൻ്റൈൻ കാർബോണി, ലിയോണൽ മെസി, എയ്ഞ്ചൽ കൊറിയ, അലജാൻഡ്രോ ഗാർനാച്ചോ, നിക്കോളാസ് ഗോൺസാലസ്, ലൗതാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്.