വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം ദിവസമായ ഇന്നാണ് സീതാ നവമി.
പുഷ്യ നക്ഷത്രത്തിൽ ജനിച്ച സീതാദേവിയുടെ ജന്മദിനം സീതാ നവമി അല്ലെങ്കിൽ സീത ജയന്തിയായി ആഘോഷിക്കുന്നു.
സീതാദേവിയെ ലക്ഷ്മി ദേവിയുടെ രൂപമായി കണക്കാക്കപ്പെടുന്നതിനാൽ സീതാ നവമി നാളിൽ ലക്ഷ്മി ദേവിയേയും ആരാധിക്കുന്നതിലൂടെ സർവ്വ ഐശ്വര്യങ്ങളും കൈവരുമെന്നാണ് വിശ്വാസം.
ഈ നവമി നാളിൽ വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയും ജീവിത പുരോഗതിക്ക് വേണ്ടിയും പ്രാർത്ഥിക്കുമ്പോൾ അവിവാഹിതകളായ പെൺകുട്ടികൾ ഇഷ്ടവി വിവാഹം നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു.
സീതാദേവി ഭൂമിയിൽ നിന്നാണ് ജനിച്ചത് എന്ന വിശ്വാസവുമായി ബന്ധപ്പെട്ട ഐതിഹ്യം നോക്കാം.
ഋഷി കുഷ്ധ്വജിന്റെ മകളായ വേദവതി മഹാവിഷ്ണു ഭക്തയായിരുന്നു. മഹാവിഷ്ണുവിനെ മാത്രം ധ്യാനിച്ചു കൊണ്ടിരുന്ന വേദവതി താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് മഹാവിഷ്ണുവിനെ മാത്രമാണെന്ന് പ്രതിജ്ഞയെടുത്തു. ഇതേ തുടർന്ന് ആശ്രമത്തിൽ നിരന്തരം തപസ്സിൽ മുഴുകിയിരുന്ന അവളെ ഒരു ദിവസം രാക്ഷസരാജാവായ രാവണൻ കാണുകയും വേദവതിയിൽ ആകൃഷ്ടനാവുകയും ചെയ്തു. വേദവതിയെ സ്വന്തമാക്കാനുള്ള രാവണശ്രമത്തിൽ നിന്നും രക്ഷനേടാൻ അവൾ അഗ്നിയിൽ ചാടി ജീവൻ ബലിയർപ്പിക്കുകയും കൂടാതെ രാവണന്റെ മരണത്തിന് അടുത്ത ജന്മത്തിൽ കാരണക്കാരിയാകുമെന്നും ശപിക്കുകയും ചെയ്തു.
ജനകമഹാരാജാവ് വയലിൽ ഉഴുതപ്പോൾ കണ്ടെത്തിയത് ഇതേ ദേവവതിയുടെ അടുത്ത ജന്മം ആയ സീതയെയാ യിരുന്നു. ഈ കാരണത്താലാണ് സീതാദേവിയെ അയോനിജ എന്നും വിളിക്കുന്നത്.
അങ്ങനെ സീതയുടെ അവതാരത്തിൽ അവൾ വിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീരാമനെ വിവാഹം കഴിച്ചു. അതുകൊണ്ടുതന്നെ വിവാഹിതരായ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച് സീതാദേവിയുടെ അനുഗ്രഹം തേടുന്നു.
സീതയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യമാണിത്. സീത മർഹിയിലെ പുനൗരധാമിലാണ് സീതാദേവിയുടെ ജന്മം എന്ന വിശ്വാസത്താൽ സീത മർഹിയിലെ ജനങ്ങൾ വളരെ ആവേശത്തോടെ സീതാ നവമി ആഘോഷിക്കുന്നു.
ജനക രാജാവിന്റെ രാജ്യം മിഥില കടുത്ത വരൾച്ച നേരിടുകയും ഇതേ തുടർന്ന് പ്രശ്നപരിഹാരത്തിനായി ധനുഷ്ഠ യാഗം നടത്താനും നിലം ഉഴുതുമറിക്കാനും മഹർഷി നിർദ്ദേശിച്ചു. ഇതേ തുടർന്ന് രാജാവ് തന്നെ പ്രജകൾക്കായി യാഗം നടത്തുകയും നിലം ഉഴുതുമറിക്കുകയും ചെയ്തപ്പോൾ കലപ്പ ഭൂമിക്കകത്തെ സ്വർണ്ണ നെഞ്ചുമായി കൂട്ടിയിടിക്കുകയും അതിൽ സുന്ദരിയായ ഒരു പെൺകുട്ടിയേയും കണ്ടു.
സന്തോഷവാനായ രാജാവ് ആ കുട്ടിക്ക് സീത എന്ന പേരിട്ടു കൊണ്ട് തന്റെ മകളായി സ്വീകരിച്ചു. അതോടുകൂടി സീതാദേവിയെ ഭൂമിദേവിയുടെ കുഞ്ഞായി കണക്കാക്കുകയും ജനകന്റെ മകൾ എന്ന നിലയിൽ ജാനകി എന്ന് കൂടി സീതാദേവി അറിയപ്പെടുകയും ചെയ്തു. ഈ കാരണത്തിലാണ് സീതാ നവമി ജാനകി ജയന്തി എന്ന പേരിൽ അറിയപ്പെടുന്നത്.
സീതാ നവമിനാളിൽ രാവിലെ എഴുന്നേറ്റ് കുളിച്ചശേഷം പൂജാമുറി ശുദ്ധിയാക്കുകയും ഗംഗാ ജലം തളിച്ച് ശ്രീരാമന്റേയും സീതാദേവിയുടേയും പ്രതിഷ്ഠക്കു മുമ്പിൽ മധുര പലഹാരങ്ങൾ, പഴം, ചന്ദനം തുടങ്ങിയവയും, പൂക്കൾ (മഞ്ഞയോ, ചുവപ്പോ) കൊണ്ടുള്ള മാലകൾ ദേവിക്ക് സമർപ്പിക്കുന്നതും ശുഭകരമാണ്. ഇന്നേദിവസം സീതാദേവി സ്തുതികൾ ജപിക്കുന്നതിലൂടെ രോഗവിമുക്തിയും , കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരവും സാധ്യമാകുന്നു.
സീതാദേവിക്ക് ആചാരപരമായ ആരാധനകൾ നടത്തുന്നതോടൊപ്പം ഭക്തർ എല്ലാവിധ മേക്കപ്പ് സാധനങ്ങളും സമർപ്പിക്കുന്നു. ഇത്തരം ചടങ്ങുകളിലൂടെ സീതാദേവി സന്തുഷ്ടയാകുമെന്നാണ് വിശ്വാസം.
ഏവർക്കും സീതാ നവമി ആശംസകൾ 🙏
ശുഭം