തിരുവനന്തപുരം/പാലക്കാട് : വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കിൽ വിതരണം നിയന്ത്രിക്കാൻ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർക്ക് നിർദേശം നൽകി.
രാത്രിയിൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വിതരണം തടസ്സപ്പെടും. രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാൽ വൈദ്യുതി വിതരണലൈനുകൾ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പുറത്തിറക്കിയത്.
പല ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വ്യാഴാഴ്ച 5854 മെഗാവാട്ട് ആയിരുന്നു. 11.42 കോടി യൂണിറ്റ് ഉപയോഗിച്ചു. ഇത് സർവകാല റെക്കോഡാണ്.4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേർത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്ക്കുള്ളൂ. ഈ ശേഷി മറികടന്നാൽ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല.
ലോഡുകൂടി പലേടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയുംചെയ്യും. മഴപെയ്ത് ചൂടുകുറഞ്ഞ് ഉപഭോഗം കുറയുന്നതുവരെ ഈ സ്ഥിതി തുടരും.