തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനിടെ വൈദ്യുതി നിയന്ത്രണം വേണമെന്ന ആവശ്യത്തിലുറച്ച് കെഎസ്ഇബി. ലോഡ് ഷെഡിങ് എർപ്പെടുത്തണമോയെന്ന കാര്യത്തിൽ ഇന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനമാകും. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ഉപയോഗവും മറ്റുകാര്യങ്ങളും യോഗത്തിൽ വിശദമായി ചോദ്യം ചെയ്യും.
വൈദ്യുതി ഉപയോഗവും കെഎസ്ഇബി നേരിടുന്ന പ്രതിസന്ധികളും ചർച്ച ചെയ്ത ശേഷമാകും ലോഡ് ഷെഡിങ് വേണമോയെന്ന കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. സംസ്ഥാനത്ത് ചൂട് കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക് കടക്കുകയാണ്.കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നതും പതിവായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം വേണമെന്ന നിലപാടിലേക്ക് കെഎസ്ഇബി കടന്നത്. ഈയാഴ്ച ആദ്യം പീക്ക് സമയത്തെ ഉപയോഗം 5648 മെഗാവാട്ടായി ഉയർന്നിരുന്നു.
വൈദ്യുതി ഉപയോഗം വർധിച്ചതോടെ ലോഡ് കൂടി ട്രാൻസ്ഫോമറുകൾക്ക് തകരാർ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി പീക്ക് ഡിമാന്‍റ് കഴിഞ്ഞദിവസം 5717 മെഗാവാട്ടായി ഉയർന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 5024 മെഗാവാട്ടായിരുന്നു. നിലവിലെ സിസ്റ്റത്തിന് താങ്ങാവുന്നതിലും അധികമാണ് 5717 മെഗാവാട്ട് എന്ന വൈദ്യുതി ഉപഭോഗം. ഉപഭോഗം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലയ്ക്കും.
ലോഡ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ 11 കെവി ഫീഡറുകളില്‍ വൈദ്യുതി നിലയ്ക്കുകയാണ്. ഇങ്ങനെ സംഭവിച്ചാൽ അഞ്ച് മിനിറ്റത്തേക്ക് ആ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യാനാകില്ല. വൈദ്യുതോപഭോഗം പരിമിതപ്പെടുത്തിയില്ലെങ്കില്‍ വീണ്ടും ഇത് സംഭവിക്കാമെന്നാണ് കെഎസ്ഇബി പറയുന്നത്.