🔹സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 3 മുതല്‍ 4 ഡിഗ്രി വരെ അധികം രേഖപ്പെടുത്തി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സുരക്ഷിതരായി ഇരിക്കണമെന്നും മന്ത്രി പറഞ്ഞു.
🔹കനത്ത ഉഷ്ണ തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം ജില്ലാ കലക്ടർ ഡോ എസ് ചിത്രയാണ് ഉത്തരവിട്ടത്. മെയ് 2 വരെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദ്ദേശം. അഡീഷണൽ ക്ലാസുകൾ പാടില്ലെന്നും കോളേജുകളിലും ക്ലാസുകൾ നടത്തരുതെന്ന് കലക്ടർ അറിയിച്ചു. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും സമാന മുന്നറിയിപ്പ് പ്രതീക്ഷിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടപെടൽ.
ജില്ലയൊട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കാനും സാമനമായ നിലയിൽ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
🔹കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാര്‍ യാത്രികരാണ് മരിച്ച അഞ്ച് പേരും. കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), സുധാകരന്റെ ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (9) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 10.45-ഓടെയായിരുന്നു അപകടം.
🔹ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ച് ഉത്തരവായി. മേയ് എട്ട് വരെയാണ് നിരോധനം.
കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിൽപ്പന നടക്കുന്നില്ലെന്ന് അതാത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതും ആയതിലേയ്ക്ക് സ്ക്വാഡ് രൂപീകരിച്ച് കർശന പരിശോധനകൾ നടത്തേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു. കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും മേൽനോട്ടവും നടത്തേണ്ടതാണ്.
🔹രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞ് പറയുന്നതെന്ന് പത്മജ വേണുഗോപാല്‍ ചോദിച്ചു. തന്നെ പറഞ്ഞത് ക്ഷമിച്ചു. തന്റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന തന്റെ അമ്മയെ പറ്റി പറഞ്ഞു. ഇപ്പോള്‍ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു . ഇലക്ഷനില്‍ നില്‍ക്കേണ്ടി വന്നാല്‍ ഒരു സ്ത്രീയുടെ വോട്ട് പോലും നിങ്ങള്‍ക്ക് കിട്ടില്ലെന്നും ആദ്യം, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
🔹മുതലപ്പൊഴിയില്‍ ഇന്നലെ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. മുതലപ്പൊഴിയില്‍ പ്രഖ്യാപിച്ച പരിഹാരങ്ങള്‍ അടിയന്തരമായി നടപ്പാക്കണം. അല്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാഴായി എന്നും അസോസിയേഷന്‍ വിമര്‍ശിച്ചു.
🔹സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം. മെയ് 2 മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ്. റോഡ് ടെസ്റ്റിലും മാറ്റമുണ്ടായിരിക്കും. വിശദമായ സര്‍ക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
🔹ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടു. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
🔹ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ട ഹാസന്‍ എംപിയും സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുമെന്ന് ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ കുമാരസ്വാമി അറിയിച്ചു. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച, ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണീ നടപടി. പ്രചരിക്കുന്നത് അഞ്ചു വര്‍ഷത്തോളം പഴയ വിഡിയോകളാണെന്ന് പിതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ പറഞ്ഞു. ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയില്‍ രേവണ്ണയ്ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്.
🔹ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ദേവഗൗഡയുടെ കൊച്ചുമകനും കര്‍ണാടക ഹസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായി പ്രജ്വല്‍ രേവണ്ണ വിവാദത്തില്‍ മോദിയും അമിത് ഷായും നിശ്ശബ്ദരായി തുടരുന്നതെന്ത് കൊണ്ടെന്ന് പ്രിയങ്ക ഗാന്ധി. പ്രജ്വലുമായി വേദി പങ്കിട്ട് അയാള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച ആളാണ് മോദിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
🔹നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍, കെനിയന്‍ പൗരനില്‍ നിന്നും ആറരക്കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ദ്വിഭാഷിയുടെ സഹായം ഉറപ്പാക്കിയ ശേഷമായിരിക്കും ഡി ആര്‍ ഐ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. ആര്‍ക്ക് വേണ്ടിയാണ് ഇയാള്‍ കൊക്കെയ്ന്‍ കടത്തിയതെന്നുള്‍പ്പടെ കണ്ടെത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ നീക്കം.
🔹കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിലെ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് പോലീസിൻ്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടിക്കൊന്നത്. ധനേഷിൻ്റെ അമ്മയോട് ഓട്ടോ ഡ്രൈവറായ ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
🔹തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), ഒന്നര വയസുള്ള മകള്‍ പൂജിത എന്നിവരാണ് മരിച്ചത്.
പാലാഴിയില്‍ കാക്കമാട് പ്രദേശത്ത് പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍തൃ ഗൃഹഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുള്ള മകളെയും കാണാതായത്.
🔹ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടുമുതല്‍. സ്മാര്‍ട്ട്‌ഫോണ്‍ അടക്കം വിവിധ കാറ്റഗറിയിലുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ നിരവധി ഓഫറുകളുമായാണ് വില്‍പ്പന മേള ആരംഭിക്കുന്നത്. പുതിയതായി വിപണിയില്‍ എത്തിയതും ജനപ്രിയവുമായ വിവിധ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഡിസ്‌ക്കൗണ്ട് ഓഫറുമായി വില്‍പ്പനയ്ക്ക് എത്തുക.നിരവധി ഫീച്ചറുകള്‍ ഉള്ള ഈ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. റെഡ്മി 13സി, റെഡ്മി നോട്ട് 13 പ്രോ, സാംസങ് ഗാലക്‌സി എം34, ഷവോമി 14, സാംസങ് ഗാലക്‌സി എസ്23, ഐക്യൂഒഒ ഇസെഡ്9, ഗാലക്‌സി എസ്24 അടക്കം നിരവധി ഫോണുകള്‍ ഡിസ്‌ക്കൗണ്ട് റേറ്റില്‍ ലഭിക്കും. എന്നാല്‍ ഡിസ്‌ക്കൗണ്ട് നിരക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ബാങ്ക് ഓഫറും ലഭിക്കും. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഇഎംഐ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ക്കും ഇളവ് ലഭിക്കും. 45000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറാണ് മറ്റൊരു ആകര്‍ഷണം.
🔹ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 33 പന്തില്‍ 68 റണ്‍സെടുത്ത ഫിലിപ് സാള്‍ട്ടിന്റെ കരുത്തില്‍ 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡല്‍ഹിയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.
🔹നിവിന്‍ പോളി നായകനായി വരാനിരിക്കുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ചര്‍ച്ചയാകുന്നു. മലയാളി ഫ്രം ഇന്ത്യയുടെ പുതിയ ടീസറാണ് പ്രക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പ്രമോ രസകരമായ രംഗങ്ങളാല്‍ ചിരി പടര്‍ത്തുന്നതായിരുന്നു. എന്നാല്‍ പുതിയ പുറത്തുവിട്ടിരിക്കുന്ന പുതിയ ടീസര്‍ ഗൗരവമായ വിഷയം പ്രതിപാദിക്കുന്നതാണെന്നും വ്യക്തമാക്കുന്നതാണ്. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമന്‍ നിര്‍വഹിക്കുന്നു. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, എന്നിവരും എത്തുന്നു. ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം ‘ഏഴ് കടല്‍ ഏഴ് മലൈ’യും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ‘ഏഴ് കടല്‍ ഏഴ് മലൈ’ സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ. തമിഴ് നടന്‍ സൂരിയും പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നായിക അഞ്ജലി ആണ്.