Saturday, December 28, 2024
Homeകഥ/കവിതഭാമയാട്ടം (ഓട്ടൻതുള്ളൽ) ✍സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഭാമയാട്ടം (ഓട്ടൻതുള്ളൽ) ✍സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

എന്നാലിനിയൊരു
കഥയുര ചെയ്യാം
എന്നുടെ ഗുരുവരനരുളിയപോലെ…
ശങ്കയിതൊട്ടും വേണ്ടാ-
കഥയിൽ
സംഗതി പലതും
വന്നു ഭവിക്കാം….

ശങ്കരനെന്നൊരു
നാമം കേട്ടാൽ
ഉള്ളിൽ നിറയും
മോഹന രൂപം….
കാർമുകിൽ
വർണ്ണമതിനൊപ്പം
ലേശം കരിമഷികൂടി
ചേർത്തതുപോലെ.,..
ഒത്തകരുത്തിൻ
ഉത്തമനാകും
ചത്വരനാകിയ
ഭഗവാൻ ശിവനെ,
കാണുവതെന്തൊരു
മികവാണയ്യാ….
താണ്ഡവമാടും
നടരാജൻതൻ
നിറവും ഭാവവും
നോപ്പവരുണ്ടോ…?
ഉത്തമരായൊരു
പൂരുഷർ പലരും
ഒത്തകറുപ്പിന്നടയാളങ്ങൾ
നാദസ്വരൂപൻ
നടനമനോഹരൻ
കൃഷ്ണൻതന്നുടെ
നിറവും നോക്കുക…
ധവളമനോഹരനല്ല
ഭഗവാൻ
അഞ്ജനവർണ്ണനെന്നതു
സത്യം.
പാൽക്കടൽ പണ്ടു
കടഞ്ഞൊരു നേരം
മോഹിനി വേഷം
പൂണ്ടൊരു വിഷ്ണു,
കാലമതേറെ പിന്നിട്ടപ്പോൾ
വീണ്ടും മോഹിനി
വേഷമെടുത്തു.
അംഗോപാംഗം
സുന്ദരിയായി
മോഹിനിയരുകിലണഞൊരു നേരം
ശ്രീപരമേശ്വരനും
മോഹമുദിച്ചു.
ഇക്കഥതന്നുടെ
ഭാവനയാൽ
മോഹിനിയാട്ടം
കലയും വന്നു.

മികവായ് വിദ്യ
പഠിപ്പോർക്കെല്ലാം
വിജയമതേറെ
വന്നീടുമ്പോൾ
കുന്നായ്മയ്ക്കൊരതിരില്ലാതെ
ഏഷണികൂട്ടും
പാഷാണകൃമികൾ
ചുറ്റും കൂടും എന്നതു
സത്യം.
ഇവർ -വർണ്ണവിവേചന
വിഷഭാവങ്ങൾ
ഛർദ്ദിച്ചീടും മടികൂടാതെ…
കലയെന്നുള്ളൊരു
വൈഭവമതിനെ
വിറ്റുമുടിച്ചു കാശാക്കുന്നോർ,
ജാതിമതത്തിൻ
വർണ്ണം നോക്കിയേ
വിദ്യയതേകൂ
ശിഷ്യർക്കായും.
അഹന്തമുറ്റി
മഥിച്ചീടുമിവർ
ഈ കേരളനാടിന്നപമാനം
താൻ…

ആക്ഷേപങ്ങൾ
ചൊരുഞ്ഞൊരു
പെണ്ണവൾ
നവമാധ്യമമതിൽ
തുള്ളിമഥിക്കേ…
കേരളജനത
ഒത്തൊരുമിച്ചു
കളസംകീറി
ആട്ടിയകറ്റി…
വലുതായുള്ളൊരു
വട്ടപ്പൊട്ടും
മട്ടിയടിച്ചു
കലക്കിയ മുഖവും
ചുണ്ടിൽ നിറയും
കുങ്കുമനിറവും…
വാരിവലിച്ചു
ചുറ്റിയ പുടവയും
പാറിനടക്കും
തലമുടിയും
അംഗനമാർ
മൗലിക്കൊത്തൊരു
മോഹിനിതന്നെ
സംശയമതില്ല.

കാലക്കേടു
വരുന്നൊരു
നേരം
കൂട്ടത്തോടെ എന്നതുപോലെ
വായിൽ തോന്നിയ
വാക്കുകൾകൊണ്ട്
സ്വയമേ നാശം
തീർക്കുന്നോരിവരെ,
എന്തുപറഞ്ഞു വിളിക്കേണം
ദുഷ്കരമാണിന്നവരുടെ
കാര്യം..
വിവരക്കേടിന്
അളവില്ലല്ലോ
വിധിയെന്നല്ലാതെന്തതു
ചൊൽവാൻ….
വഴിയെപോയൊരു
വയ്യാവേലിയെ
വെറുതെ മാടിവിളിച്ചതുപോലെ
ഗതികേടിന്റൊരു ഭാണ്ഡം പേറി
തെക്കുവടക്കു നടപ്പൂ
മഹതി…
ഇതുപോലൊരു ഗതി
വന്നീടാൻ
ശത്രുക്കൾക്കും
ഇടയാകല്ലേ…
ഇനിയുമതേറെ
ചൊല്ലാനുണ്ട്
സമയമതൊട്ടും
ശോഭിതമല്ല….
മംഗളമതുഞ്ഞാൻ
ചൊല്ലീടട്ടെ
ശിവശങ്കരപാദം
വന്ദിച്ചീടാം…
നാരായണ ജയ
നാരായണ ജയ
നാരായണ ജയ
നാരായണ ജയ

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments