ചെന്നൈ :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ സഖ്യത്തിനെതിരായ പരാമർശത്തിൽ മറുപടിയുമായി തമിഴ്നാട് കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയെയും പരാജയപ്പെടുത്താതെ തന്റെ പാർടിക്ക് ഉറക്കമില്ലെന്നായിരുന്നു ഉദയനിധിയുടെ മറുപടി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം.
ഡിഎംകെയ്ക്ക് ഉറക്കമില്ലെന്നാണ് മോദി പറയുന്നത്. അതെ, മോദിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കാതെ ഞങ്ങൾക്ക് ഉറക്കമില്ല. 2014-ൽ 450 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1,200 രൂപയാണ് വില. തിരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. 100 രൂപ കുറച്ചു. തിരഞ്ഞെടുപ്പിന് ശേഷം 500 രൂപ കൂട്ടും, ഉദയനിധി പറഞ്ഞു. ചുഴലിക്കാറ്റ് സംസ്ഥാനത്ത് ദുരന്തം വിതച്ച കാലയളവിൽ തമിഴ്‌നാടിനെ മോദി തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രി കേന്ദ്രത്തോട് ധനസഹായം അഭ്യർഥിച്ചിരുന്നു. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ലെന്നും ഉദയനിധി പറഞ്ഞു.
മോദിയുടെ ജനങ്ങളിലെ സ്വീകാര്യത കണ്ട്കോൺഗ്രസിനും അവരുടെ ഇന്ത്യാ സഖ്യത്തിനും ഉറക്കം നഷ്ടമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ് ഉദയനിധിയുടെ പ്രതികരണം. ഇന്ത്യ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്നും ഉത്തർപ്രദേശിൽ മോദി പ്രസംഗിച്ചിരുന്നു. കോൺഗ്രസിന് വികസനത്തെപ്പറ്റി സംസാരിക്കാനുള്ള കഴിവില്ലെന്നും താൻ വികസന പ്രവർത്തനങ്ങളെപ്പറ്റി പറയുമ്പോൾ അത് തെരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് കോൺഗ്രസ് പറയുന്നതെന്നുമൊക്കെയായിരുന്നു മോദിയുടെ പരാമർശം.