ഷെഡ്ഢിന്റെ മുകളിൽ മഞ്ഞുതുള്ളികൾ വീഴുന്ന ശബ്ദം….
വൃശ്ചിക മാസത്തിലെ തുളച്ചു കയറുന്ന തണുപ്പ് ഷെഡ്ഡിന്റെ ഉള്ളിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
നിലത്ത് തുണി കർട്ടനിൽ ചുരണ്ടു കിടന്നുറങ്ങുന്ന മകനെ പഴയ സാരി കൊണ്ട് പുതപ്പിച്ചു.
ദേവേട്ടനെ ഇവിടെയുള്ള നാട്ടുകാർ പരിപാടി കഴിഞ്ഞപ്പോൾ ചെറിയ തോതിൽ സൽക്കരിച്ചത് കൊണ്ട് നേരത്തെ തന്നെ കിടന്നു.
സൈക്കിളിൽ പല വെച്ച് അതിന്റെ മുകളിലാണ് കിടക്കുക.
മോള് പോയിട്ട് നാളത്തേക്ക് ഒരു കൊല്ലം ആകുന്നു.
നാളെ മോളെ അടുത്തേക്ക് പോകാൻ കാർ വിളിച്ചിട്ടുണ്ടെന്ന് ദേവേട്ടൻ പറഞ്ഞു.
വെളുപ്പിനെ തന്നെ പോകണമെന്നും പറഞ്ഞു.
കാലത്ത് ദേവേട്ടൻ എന്നെയും മോനെയും വിളിച്ചുണർത്തി .
അടുത്ത വീട്ടിൽ പോയി നിത്യ കർമ്മങ്ങൾ കഴിഞ് ഞങ്ങൾ കാറിൽ കയറി.
കാറിന്റെ പിന്നിലിരുന്ന് സൈഡിലേക്ക് നോക്കുമ്പോൾ മരങ്ങളും വീടുകളും പിന്നിലേക്ക് മറയുന്നത് കണ്ടു.
അതുപോലെ മനസ്സും പിന്നിലേക്ക് ഓടി….
ഒരു ദിവസം ഞങ്ങൾ അച്ഛനുമായി വീടിന്റെ വരാന്തയിൽ നിന്ന് സംസാരിക്കുമ്പോൾ മൂന്നു നാലു ചെറുപ്പക്കാർ വീട്ടിലേക്ക് കയറി വന്നു രണ്ടുപേർ ഞങ്ങളുടെ വീടിന്റെ അടുത്തുള്ളവർ ആയിരുന്നു.
അച്ഛൻ അവരോട് കയറി ഇരിക്കുവാൻ പറഞ്ഞു.
എന്താ നിങ്ങള് വന്നത്…
ഇവരെ മാഷെ കാണാൻ വന്നതാ…
ഇടവലത്തുള്ള ചെറുപ്പക്കാരൻ പറഞ്ഞു.
ഇവർ സർക്കസുകാരാണ് മാഷേ…
ഞാൻ എന്താ വേണ്ടത്…
ഇവർ ഇപ്പോൾ സർക്കസ് കളിക്കുന്നത് മണിയൂർ പഞ്ചായത്തിലാണ്…
അവിടെ കുറെ ദിവസമായി
ഇനി നമ്മുടെ പഞ്ചായത്തിലും കളിക്കണമെന്ന് ഉണ്ട്.
അതിന് ടെന്റ് കെട്ടാൻ സ്ഥലം വേണം.
മാഷുടെ താഴെ കുനി കുറച്ചു ദിവസത്തേക്ക് ടെന്റ് കെട്ടാൻ കൊടുക്കണം.
ഇവരെ കൊണ്ട് നമ്മുടെ നാട്ടുകാർക്ക് വല്ല പ്രശ്നവും ഉണ്ടാകുമോ…
അതൊന്നും മാഷ് പേടിക്കണ്ട ഞങ്ങളില്ലേ ഇവിടെ…
അച്ഛൻ സമ്മതിച്ചു.
കൂട്ടത്തിൽ വന്ന ചെറുപ്പക്കാരൻ എന്നെ നോക്കിചിരിച്ചു.
പിറ്റേന്ന് സന്ധ്യയ്ക്ക് സർക്കസ് തുടങ്ങി.
ഉദ്ഘാടനം ചെയ്തത് അച്ഛനായിരുന്നു.
അന്ന് വീട്ടിൽ വന്നപ്പോൾ എന്നെ നോക്കി ചിരിച്ച ആ ചെറുപ്പക്കാരൻ തന്നെയായിരുന്നു സൈക്കിൾ അഭ്യാസം കാണിച്ചത്.
ഞാനും അമ്മയും ഇരിക്കുന്നതിന്റെ മുന്നിൽ കൂടി അയാൾ സൈക്കിൾ ഓടിച്ചു അഭ്യാസങ്ങൾ കാണിക്കുമ്പോൾ ഒളി കണ്ണിട്ട് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
അവർ പോകുന്നതുവരെ ഉച്ചയ്ക്കുള്ള ഭക്ഷണം വീട്ടിൽ നിന്ന് കൊടുക്കാം എന്ന് അച്ഛൻ അവരോട് പറഞ്ഞു.
പോകുന്നത് വരെ വീട്ടിൽ നിന്നായിരുന്നു അവർക്ക് ഉച്ചഭക്ഷണം.
ഞാൻ ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടു.
ദേവൻ എന്നാണ് പേര് എന്നും B. A വരെ പഠിച്ചിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.
ഞങ്ങൾ മനസ്സുകൊണ്ട് അടുത്തു.
പോകുന്ന ദിവസം അയാൾ ഫോണിൽ കൂടി വിളിച്ചു പറഞ്ഞു…
ഇന്ന് രാത്രി ഞങ്ങൾ ഇവിടെ നിന്നും പോവുകയാണ്.
എന്നെ ഇഷ്ടമാണെങ്കിൽ എന്റെ കൂടെ വരിക.
നമുക്ക് ഒന്നിച്ച് ജീവിതം പങ്കിടാം.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് പിരിയുമ്പോൾ അവർ ഞങ്ങളോട് യാത്ര പറഞ്ഞു.
രാത്രി എല്ലാവരും ഉറങ്ങിയ നേരം എനിക്കുവേണ്ടി സൂക്ഷിച്ച സ്വർണവും അച്ഛന്റെ മേശയിലെ കുറിച്ച് പൈസയും ആവശ്യമുള്ള ഡ്രസ്സും പെട്ടിയിലാക്കി ഞാൻ പിന്നിലെ വാതിൽ തുറന്ന് അവർ സാധനങ്ങൾ കയറ്റിക്കൊണ്ടിരിക്കുന്ന ലോറിയുടെ അടുത്തേക്ക് നടന്നു.
ലോറിയുടെ അടുത്ത് ഒരു കാർ നിർത്തിയിട്ടിരിക്കുന്നു.
ദേവേട്ടൻ എന്നോട് കാറിലേക്ക് കയറാൻ പറഞ്ഞു.
ജനിച്ച നാടിനോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഞാൻ ആ കാറിൽ കയറി.
കൊല്ലങ്ങൾ ഒരുപാട് കഴിഞ്ഞു പല സ്ഥലങ്ങളിലും ദേവേട്ടന്റെകൂടെ കറങ്ങി.
കുട്ടികൾ രണ്ടായി.
ഞങ്ങളെ ചില സർക്കസുകൾ ദേവേട്ടൻ പഠിപ്പിച്ചു.
ഞങ്ങൾ കലാകുടുംബം എന്ന പേരിൽ സർക്കസ് ആരംഭിച്ചു.
ഞാൻ വീടുവിട്ട് ഒരു കൊല്ലം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചെന്നും പിന്നെ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ അച്ഛൻ പോയിടത്ത് അമ്മയും പോയെന്ന് അറിഞ്ഞു.
തായിനേരി പ്രദേശത്ത് കളിക്കുമ്പോഴാണ് മോള് ഞങ്ങളെ വിട്ടുപോയത്.
ആ പ്രദേശത്തുകാർ വളരെ നല്ലവരായിരുന്നു.
ഓരോ ദിവസവും നന്നായി അവിടെ നിന്നും കലക്ഷൻ കിട്ടിയിരുന്നു.
അവസാന ദിവസമാണ് മണ്ണിനടിയിൽ കുഴിച്ചിടുന്ന ഐറ്റം ചെയ്യുക.
സന്ധ്യക്ക് ആ പ്രദേശത്തുള്ള മുഴുവൻ ആളുകളും എത്തി.
മോളെ പുതിയ ഡ്രസ്സ് ഉടുപ്പിച്ച് നെറ്റിയിൽ ചന്ദനം തൊട്ട് ദേവേട്ടനും നാട്ടുകാരും ആഴത്തിൽ കുഴിച്ച കുഴിയിൽ ഇറക്കി കിടത്തി.
അവൾ എന്നെ നോക്കി ചിരിച്ചു.
സാധാരണ ചെയ്യാത്ത പ്രവർത്തികൾ ആണ് അന്ന് അവൾ ചെയ്തത്.
എന്റെ കവിളിൽ ഉമ്മവെച്ചു.
കുഴിയുടെ മുകളിൽ പലക വെച്ചു മണ്ണിട്ട് അതിന്റെ മുകളിൽ ചിരട്ട കത്തിച്ചു.
അരമണിക്കൂർ ദേവേട്ടന്റെ അഭ്യാസങ്ങൾ…..
മകന്റെ ചില പ്രകടനങ്ങൾ…
ഇതെല്ലാം കഴിഞ്ഞ് പല നീക്കി മകളെ എടുത്തപ്പോൾ അവൾ ഞങ്ങളെ വിട്ടു പോയിരുന്നു.
ആളുകൾ അവളെയും എടുത്ത് ഓടി.. ആശുപത്രിയിൽ എത്തിയപ്പോൾ അവൾ ഞങ്ങളെ വിട്ടുപോയിന്നറിഞ്ഞു.
തിരിച്ച് അവളെയും കൊണ്ട് വന്നപ്പോൾ നിങ്ങൾക്ക് നാട്ടിലേക്ക് കൊണ്ടു പോകണ്ടേ എന്ന് നാട്ടുകാർ ചോദിച്ചു.
ഞങ്ങൾക്ക് ആരുമില്ല എന്ന് ദേവേട്ടൻ കരഞ്ഞു പറഞ്ഞു.
എനിക്ക് ബോധം വന്നപ്പോൾ ദേവേട്ടൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
കുഴിച്ച കുഴിയിൽ തന്നെ മറവ് ചെയ്യാൻ സ്ഥലത്തിന്റെ ഉടമസ്ഥൻ സമ്മതിച്ചു.
നീയെന്താ സ്വപ്നം കാണുകയാ…
ദേവേട്ടൻ തട്ടി വിളിച്ചു.
സ്ഥലത്ത് എത്തി ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി.
അവളെ മറവ് ചെയ്ത സ്ഥലത്തുള്ള ആളുകൾക്ക് ഞങ്ങളെ മനസ്സിലായി.
അവളെ മറവ് ചെയ്ത അടുത്തേക്ക് ഞങ്ങൾ നീങ്ങി.
ഞങ്ങളുടെ പിന്നാലെ അവിടുത്തെ നാട്ടുകാരും വന്നു.
കൊണ്ടുവന്ന പുഷ്പങ്ങൾ ഞാനും ദേവേട്ടനും മോനും കുഴിമാടത്തിൽ വിതറി.
അവൾ ചിരിച്ചുകൊണ്ട് നിൽക്കുന്നതുപോലെ തോന്നി.
അറിയാതെ എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ മൺകൂനയിൽ വീണു.
ഞങ്ങളെ നാട്ടുകാർ യാത്രയാക്കി.
കാറിൽ കയറി ഞാൻ പിന്നിലേക്ക് നോക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് കൈവീശുന്നതായി തോന്നി.