Logo Below Image
Sunday, May 25, 2025
Logo Below Image
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ... " അസാധ്യം " - (അദ്ധ്യായം - 11) 'പലായനം'

റെക്സ് റോയിയുടെ നോവൽ… ” അസാധ്യം ” – (അദ്ധ്യായം – 11) ‘പലായനം’

റെക്സ് റോയി

പലായനം

“നമ്മൾ എങ്ങോട്ടാണ് പോകുന്നത്, മുത്തൂ?” ഡോ. സന്ധ്യ ചോദിച്ചു.

“ശ്ശ്ശ്,” മുത്തു അവളോട് നിശബ്ദയായിരിക്കാൻ ആവശ്യപ്പെട്ടു, എന്നിട്ട് ഡ്രൈവിംഗിൽ ശ്രദ്ധിച്ചു.

ആ രാത്രി 11 മണി കഴിഞ്ഞപ്പോഴാണ് മുത്തു സന്ധ്യയോട് ഉടൻ പുറപ്പെടാൻ ആവശ്യപ്പെട്ടത്. നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ബാഗ് എടുത്ത്, അവർ രണ്ട് പേരും ഒരു രഹസ്യ മാർഗത്തിലൂടെ ഹോട്ടലിന്റെ ബേസ്‌മെന്റ് പാർക്കിങ്ങിൽ എത്തി ഒരു കാറിൽ കയറി പുറപ്പെട്ടു. ഇത് മുത്തു വളരെ കാലം മുൻപേ തയ്യാറാക്കിയ ഒരു എമർജൻസി എസ്കേപ്പ് പ്ലാൻ ആയിരുന്നു.

“മുത്തൂ, നാളത്തെ ഡി.ജെ. എന്ത് ചെയ്യും?” ഡോ. സന്ധ്യ ചോദിച്ചു.

“അത് മുത്തു രാജ് നോക്കിക്കോളും.”

“വാട്ട്?… ആര്?”

“ഹ ഹ ഹ, ഒറിജിനൽ മുത്തു രാജ്. ഞാൻ വെറും ഡ്യൂപ്ലിക്കേറ്റ് ആണെന്ന് നിനക്കറിയാമല്ലോ?”

“മുത്തൂ, നീ എന്തൊക്കെയാ ഈ പറയുന്നത്?”

“ഹ ഹ ഹ, എടീ, നിനക്ക് രാജനെ അറിയില്ലേ?”

“ആര്, ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫായ രാജനോ?”

“അതെ, അവനാണ് യഥാർത്ഥ മുത്തു രാജ്. അവന്റെ ഐഡന്റിറ്റിയാണ് ഞാൻ വാടകയ്ക്ക് എടുത്തത്.”

“എന്ത്?… എന്തൊക്കെയാണ് മുത്തു ഈ പറയുന്നത്?”

“അവൻ്റെ ഊരിൽ ചില പ്രശ്നങ്ങളുണ്ടായി, പോലീസ് കേസ് ഒക്കെ വന്നു. അവൻ ഒളിവിൽ താമസിക്കാൻ എന്റെ ഒരു സുഹൃത്തിന്റെയടുത്തു പോയി. അവൻ വഴി മുത്തു രാജിന്റെ ഐഡന്റിറ്റി ഞാൻ കടമെടുത്തതാണ്. പിന്നീട് ഞാൻ ഇവിടെ സെറ്റിൽ ആയപ്പോൾ, ഒറിജിനൽ മുത്തു രാജിനെ ‘രാജൻ’ എന്ന പേരിൽ ഇങ്ങോട്ടു കൊണ്ടുവന്ന് ഹോട്ടലിലെ സെക്യൂരിറ്റിയാക്കി. ഡി.ജെ. കണ്ടക്റ്റ് ചെയ്യാനുള്ള പരിശീലനമൊക്കെ ഞാൻ അവന് കൊടുത്തിരുന്നു.”

“അപ്പോൾ അവന്റെ കേസ്സൊക്കേ?”

“അതൊക്കെ പണ്ടേ തീർത്തതാണ്.”

“ഇതൊന്നും ഇതുവരെ എന്നോടു പറഞ്ഞിട്ടില്ലല്ലോ.”

“നിന്നെ കണ്ടെത്തി ഇവിടെ എത്തിക്കുന്നതിനു മുൻപുള്ള കാര്യങ്ങളാണ്. പിന്നെ ഒരുപാടു പറഞ്ഞ് നിന്നെ ഭയപ്പെടുത്തരുതെന്ന് കരുതി. അന്നൊക്കെ ഒരു കാറ്റടിച്ചാൽ പോലും നീ ഭയന്നു വിറച്ചിരുന്നല്ലോ.”

“ഓക്കെ,……ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത്? ഇങ്ങനെ പെട്ടെന്ന് ഇറങ്ങി ഓടാൻ എന്താണ് സംഭവിച്ചത്?”

“അവർ വന്നത് എന്നെ തേടിയാണ്.”

“ങേ!” ഡോ. സന്ധ്യയുടെ ശബ്ദത്തിലെ ഞെട്ടൽ മുത്തു ശ്രദ്ധിച്ചു.

“ഉറപ്പാണോ, മുത്തൂ?”

“ഉം.”

“ഇത് എങ്ങനറിഞ്ഞു?” ഡോ. സന്ധ്യയുടെ ശബ്ദത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു. വളരെ സുരക്ഷിതയാണെന്ന് കരുതി ജീവിക്കുകയായിരുന്നു അവൾ. മുത്തുവിൻ്റെ കരുതലിൽ അവൾക്ക് അത്ര വിശ്വാസമുണ്ടായിരുന്നു.

“ഞാനൊരു വലിയ മണ്ടത്തരം ചെയ്തു,” മുത്തു പറഞ്ഞു.

“ങേ, എന്തു മണ്ടത്തരം?” ഡോ. സന്ധ്യയുടെ ശബ്ദത്തിൽ ആശങ്ക പ്രകടമായി.

“എനിക്ക് പരിചയമുണ്ടായിരുന്ന ഒരു ഓൺലൈൻ ജേർണലിസ്റ്റിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ?”

“ങാ, പക്ഷേ അവൾ വളരെ വിശ്വസ്തയാണെന്നും, അവളിലൂടെ എന്റെ റിസേർച്ച് പേപ്പേഴ്സ് ലോകത്തിനു മുന്നിൽ എത്തിക്കാം എന്നുമല്ലേ നീ പറഞ്ഞത്?”

“അതെ, അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവളുടെ പത്രം ചെറിയതാണെന്നു കരുതിയാണെന്നു തോന്നുന്നു, ഏതോ വലിയ ചാനലിലെ ആരെയോ കോൺടാക്റ്റ് ചെയ്യാമെന്നും അവർ വഴി നല്ല പബ്ലിസിറ്റി ലഭിക്കുമെന്നും അവൾ പറഞ്ഞത്…”

“അവൾ ചതിച്ചോ, മുത്തൂ?”

“അവളല്ല, ആ ചാനലിലെ ആളുകളാണ്. വൻ മരുന്നു കമ്പനികളുടെ പണം വാങ്ങി നക്കുന്നവർക്ക് അവരോടല്ലേ കൂറുണ്ടാകുക.”

“ഇപ്പോൾ ആരാ… ആരാ നമ്മുടെ പുറകെ?”

“ഒരാൾ അല്ല, കുറെ പേരാണ്.”

ഒരു തേങ്ങലിന്റെ ശബ്ദം കേട്ട് മുത്തു സന്ധ്യയെ നോക്കി.

“നീ കരയുകയാണോ?”

“ഞാൻ കാരണമല്ലേ മുത്തു ഇതിൽ പെട്ടത്?”

“എടീ, വീണ്ടും ഇതുതന്നെ പറയരുത്. ഞാൻ എന്തിനാണ് ഇത് ഏറ്റെടുത്തതെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ?”

“എന്നാലും… മുത്തൂ…”

“ഒരു ‘എന്നാലും’ ഇല്ല. ഇത് ഒരു യുദ്ധമാണ്, മാനവരാശിക്കു വേണ്ടിയുള്ള യുദ്ധം.” ഇതു പറഞ്ഞ് മുത്തു കാറിന്റെ വേഗം കൂട്ടി.

(തുടരും)

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ