തെയഡോഷ്യസ് സെനോബിയാര്‍ക്ക് (423-529)
ടര്‍ക്കിയാണ് തെയഡോഷ്യസിന്റെ ജന്മസ്ഥലം. സ്തൂപസ്ഥനായ വി. സൈമണിന്റെ വ്യത്യസ്തമായ ജീവിതശൈലിയില്‍ ആകൃഷ്ടനായ തെയഡോഷ്യസ് 30 വര്‍ഷം ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. അദ്ദേഹത്തിന്റെ വിശിഷ്ടമായ ജീവിതത്താല്‍ ആകൃഷ്ടരായി അനേകംപേര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വന്നു. അങ്ങനെ, ചാവുകടലിനടുത്ത് യൂദയായിലെ മരുഭൂമിയില്‍ ഒരു വലിയ ആശ്രമം പടുത്തുയര്‍ത്തേണ്ടിവന്നു. വി. ബേസിലിന്റെ നിയമാവലികള്‍ക്കനുസൃതമായി ആദ്യം രൂപംകൊടുത്ത ആശ്രമമായിരുന്നു അത്.
ക്രമേണ ആ പ്രദേശം ഒരു സിറ്റിയായി വളര്‍ന്നു. വിവിധ ജോലികള്‍ ചെയ്യുന്ന അനേകം വര്‍ക്ക്‌ഷോപ്പുകളും, അഞ്ച് ആശുപത്രികളും ഒക്കെ ഉള്‍പ്പെട്ട ഒരു സിറ്റി. ആശുപത്രികളില്‍ അംഗവൈകല്യമുള്ള രോഗികളെയും മനോരോഗികളെയും ശുശ്രൂഷിക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. ഗ്രീക്കുകാര്‍ക്കും അമേരിക്കക്കാര്‍ക്കും അറബികള്‍ക്കുമായി മൂന്നു ദൈവാലയങ്ങളും പടുത്തുയര്‍ത്തി. ഏവര്‍ക്കും അവരവരുടെ ഭാഷയില്‍ പ്രാര്‍ത്ഥിക്കാനുള്ള സൗകര്യത്തിനായിരുന്നു ഇത്. നാലാമതൊരു ദൈവാലയം പശ്ചാത്തപിക്കുന്ന പാപികള്‍ക്കുവേണ്ടി മാത്രമായിരുന്നു. ഇവയ്ക്കുപുറമെ അതിഥികള്‍ക്കു വന്നു താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. എല്ലാവരുടെയും ആവശ്യങ്ങള്‍ ദൈവം അത്ഭുതകരമായി സാധിച്ചുകൊടുത്തിരുന്നു
ഇതിനിടയില്‍ ജറുസലത്തിന്റെ പാത്രിയര്‍ക്കീസ് തെയഡോഷ്യസിനെ സന്യാസികളുടെയെല്ലാം തലവനായി നിയമിച്ചു.
“മരണത്തെപ്പറ്റി ചിന്തിക്കൂ; നിങ്ങള്‍ ഒരിക്കലും പാപം ചെയ്യുക യില്ല” എന്നതായിരുന്നു തിയഡോഷ്യസിന്റെ മുഖ്യഉപദേശം. എപ്പോഴും മരണത്തെപ്പറ്റി ധ്യാനിക്കാന്‍ അദ്ദേഹം ഒരു പുതിയ ശവക്കുഴി തന്നെ ആശ്രമത്തില്‍ നിര്‍മ്മിച്ചിരുന്നു. 529-ല്‍ മരിക്കുമ്പോള്‍ തിയഡോഷ്യസിന് 106 വയസുണ്ടായിരുന്നു.
അനുകമ്പയാണ് ആദ്ധ്യാത്മികതയുടെയും ഈശ്വരചിന്തയുടെയും അടിസ്ഥാനം.