തിരുവനന്തപുരം:— ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 5,74,175 വോട്ടർമാരാണ് പുതുതായി പേരു ചേർത്തത്. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആയി. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024-ൻറെ ഭാഗമായി വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. സഞ്ജയ് കൗൾ ഐ.എ.എസ് പറഞ്ഞു.
ബൂത്ത് ലെവൽ ഓഫീസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉൾപ്പെടെയുള്ള വിവരം ശേഖരിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 27.10.2023-ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിന്മേൽ സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുള്ളതാണ് അന്തിമ വോട്ടർ പട്ടിക.
അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ട്. ഇത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. സഞ്ജയ് കൗൾ ഐ.എ.എസ് അഭ്യർത്ഥിച്ചു. അന്തിമവോട്ടർ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന (www.ceo.kerala.gov.in) ലഭ്യമാണ്. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണ്.
– – –