Friday, November 22, 2024
Homeയാത്രറിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം: മൈസൂർ - കൂർഗ് - കേരളം യാത്രാ...

റിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം: മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (30) – കൊളുക്കുമല

റിറ്റ ഡൽഹി

നമ്മുടെ രാജ്യത്തെ സേഫ്റ്റിവെച്ചുനോക്കുമ്പോൾ എടുത്ത തീരുമാനം ശരിയായോ എന്നറിയില്ല പോരാത്തതിന് അലാറം വെക്കേണ്ടത് രാവിലെ മൂന്നര മണിക്കും.നാലര മണിക്ക് മൂന്നാറിൽനിന്നു യാത്ര തുടങ്ങിയാലേ കൊളുക്കുമലയിലെ സൂര്യോദയം കാണാൻ സാധിക്കുകയുള്ളൂ.സമുദ്രനിരപ്പിൽനിന്ന് 8000 അടിയോളം ഉയരത്തിലാണിത്. ഏകദേശം 35 കി.മീ ദൂരമുണ്ട് .ലോകത്തിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങളാണവിടെ.ദുർഘടപാതയായതിനാൽജീപ്പുമാത്രമേ ഇതുവഴി സഞ്ചരിക്കുകയുള്ളൂ.പറഞ്ഞ സമയത്തുതന്നെ ജീപ്പ് വന്നു.

മൂന്നാറിൽനിന്നു ചിന്നക്കനാൽവഴി സൂര്യനെല്ലിയിലേക്കാണ് യാത്ര. അവിടെനിന്നാണ് ടിക്കറ്റ് വാങ്ങിക്കേണ്ടത്. സൂര്യനെല്ലി എന്ന ബോർഡ് കണ്ടപ്പോൾ മനസ്സിലാകെ വിഷമം. പീഡനക്കേസിലൂടെ പേരുകേട്ട സ്ഥലം. 1996 കളിൽ പത്രം വായിച്ചിരുന്നതുതന്നെ ഇതിനെക്കുറിച്ചറിയാനായിരുന്നല്ലോ.. ഏതൊരു പീഡനക്കേസുകളിലെയും വാര്‍ത്തകള്‍പോലെ എന്നെയും വിസ്‌മൃതിയിലാക്കിയതായിരുന്നു. എന്നാൽ ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ജെ യുടെ പത്രപ്രവർത്തകയായ ‘ലീല മേനോൻ ‘- നെ കുറിച്ചുള്ള പുസ്തകത്തിൽ ( വെയിലേക്ക് മഴ ചാഞ്ഞു) ഈ കുട്ടിയേക്കുറിച്ചും എഴുതിയിട്ടുണ്ടായിരുന്നു. അപ്പോഴെല്ലാം ശ്രീ. ലാൽജോസ് സംവിധാനം ചെയ്ത അച്‌ഛനുറങ്ങാത്ത വീട്- എന്ന സിനിമയിലെ ചില രംഗങ്ങളായിരുന്നു മനസ്സിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് ആ കുട്ടിയെക്കുറിച്ചോര്‍ക്കാറുണ്ടായിരുന്നു, . രാവിലത്തെ ഉറക്കം കളഞ്ഞുള്ള യാത്രയും സൂര്യനെല്ലിയും എന്തോ എന്നിലെ ഉഷാറെല്ലാം കളഞ്ഞു.

അവിടെനിന്നാണ് മല കയറാൻ തുടങ്ങുന്നത്.ആദ്യം കുറെ ദൂരം പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. ഇരുവശവും തേയിലത്തോട്ടങ്ങളാൽ സമൃദ്ധം. ‘ഹാരിസ് മലയാളം ലിമിറ്റഡ്’ എന്ന ബോർഡ് പല സ്ഥലത്തും കണ്ടു. പതിയേ റോഡിലെ സിമന്റ് അപ്രത്യക്ഷമാവുകയും മൺപാതകളായി.പിന്നീടങ്ങോട്ട് കല്ലും കുഴികളുമുള്ള വഴികളായി.

പോരാത്തതിന് വളവുകളും തിരിവുകളും. മുകളിലോട്ട് പോകുംതോറും വശങ്ങളിലെ താഴോട്ടുള്ള കാഴ്ച ശരിക്കും പേടിപ്പെടുത്തുന്നതാണ്.പരിചയസമ്പന്നനായ ഡ്രൈവർ ആയിട്ടുപോലും വളവുകളിൽ പലപ്രാവശ്യം റിവേഴ്‌സ് എടുത്തിട്ടാണ് മുന്നോട്ട് പോകാൻ സാധിച്ചത്.ഏകദേശം പത്ത് കി.മീ. ദൈർഘ്യമുണ്ട് ഈ യാത്രക്ക്.ഏകദേശം ആറുമണിയോടെ ഞങ്ങൾ ഏറ്റവും മുകളിലെത്തി.

അവിടെനിന്നു മലയുടെ മുകളിലെത്താന്‍ ഇനിയും പത്തുപതിനഞ്ചു നിമിഷത്തെ നടപ്പുംകൂടെയുണ്ട്. ‍ ജീപ്പിൽനിന്നു പുറത്തിറങ്ങിയപ്പോൾ, ആകെ തണുപ്പ്. കഴിഞ്ഞ ഒന്നര മണിക്കൂറിലെ കുലുങ്ങിയുള്ള യാത്ര കൈയും കാലുമൊക്കെ അവിടെത്തന്നെയുണ്ടോയെന്ന് സംശയം. നടക്കാനുള്ള വഴിയും അത്ര സുഖകരമല്ല.ഇതൊന്നും അറിഞ്ഞുകൂടാത്ത ഞാൻ സാധാരണ ചെരുപ്പുകളാണ് ധരിച്ചിരുന്നത്.അത് എനിക്ക് അതിന്റേതായ പ്രശ്‍നങ്ങൾ ഉണ്ടാക്കിത്തന്നു.എന്തായാലും സൂര്യൻതയ്യാറായിവരുന്നതിന്നുമുമ്പേ ഞങ്ങൾ അവിടെ തയ്യാറായി എത്തി.

പതിവുപോലെ പ്രകൃതി അതിന്റെ ക്യാൻവാസിൽ നിറങ്ങൾകൊണ്ട് നിറച്ചു.സൂര്യനും പതുക്കെ പൊങ്ങിവന്നു പക്ഷേ അനുസരണയില്ലാത്ത കുട്ടികളെപ്പോലെ പറന്നുനടക്കുന്ന പഞ്ഞിക്കെട്ടുകളായ മേഘങ്ങൾ നമ്മുടെ ആദിത്യനെ മറച്ചുകളഞ്ഞു.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളും. ഒന്നോ – രണ്ടോ നിമിഷം അപ്പോഴേക്കും ചെറിയ ഒരു കാറ്റില്‍ മേഘങ്ങള്‍ അവിടെനിന്ന് മാറി പോകും. പാറിപ്പറന്നുനടക്കുന്ന മേഘങ്ങള്‍ ഒളിപ്പിച്ചും അതിൽനിന്ന് രക്ഷപ്പെട്ടുവരുന്ന, സൂര്യനേയും എത്ര നേരം വേണമെങ്കിലും നോക്കിനിൽക്കാൻ സാധിക്കും. സൂര്യോദയം പല പ്രാവശ്യം പല സ്ഥലങ്ങളിൽവെച്ച് കണ്ടിട്ടുണ്ടെങ്കിലും മികച്ച സൂര്യോദയക്കാഴ്ച സമ്മാനിച്ചു.കാറ്റിനൊപ്പം മലമുകളിലേക്കും മറ്റുമായി നീങ്ങുന്ന മേഘങ്ങളാണ് ഇവിടുത്തെ താരം.

1932 യിലുള്ള തേയിലഫാക്ടറിയാണു അവിടുത്തെ മറ്റൊരു ആകർഷണം.ഞങ്ങൾ ഫാക്ടറികത്ത് വിസിറ്റ് ചെയ്യതില്ലെങ്കിലും തേയില വിൽപ്പന നടത്തുന്ന കടയുണ്ട്. അത്യാവശ്യം ഷോപ്പിംഗും കൂട്ടത്തിൽ നല്ല ഓർഗാനിക് ചായയും കുടിക്കാൻ കിട്ടി. അവിടത്തെ തൊഴിലാളികൾ വരുന്നതേയുള്ളൂ. മിക്കവാറും തമിഴും മലയാളവും കൂട്ടിക്കലർത്തിയാണ് സംസാരിക്കുന്നത്. ഏതൊരു വിനോദസഞ്ചാരകേന്ദ്രത്തിലും കാണുന്നതുപോലെ, ഈ മനോഹരമായക്കാഴ്ചകളെല്ലാം സഞ്ചാരികൾക്കുള്ളതാണ്.അവിടെയുള്ളവർ ഇതൊക്കെ ആസ്വദിക്കുന്നുണ്ടോ എന്നത് സംശയമാണ്.അവരെല്ലാം ജീവിതം ജീവിച്ചുതീർക്കാനുള്ള പങ്കപ്പാടിലാണ്.

ഹോട്ടലിലേക്കുള്ള തിരിച്ചുള്ള യാത്ര, തണുപ്പിന്റെ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞയാത്രയാണ്. മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുൻപിൽനിന്ന് ഫോട്ടോ എടുക്കാനായിട്ട് ജീപ്പിൽനിന്നറങ്ങിയപ്പോഴാണ്, കൊളുക്കുമലയിൽനിന്നു കൊണ്ടുവരുന്ന 2 അതിഥികളെ കണ്ടത്.

എൻ്റെ ഓരോരോ കാൽപാദങ്ങളിലിരുന്ന് രക്തം കുടിക്കുന്ന അട്ടകൾ .വേദനയോ ചൊറിച്ചിലോ ഒന്നുമില്ല. ആദ്യം ചെളിയാണെന്ന് വിചാരിച്ച് ഒരെണ്ണത്തിനെ തട്ടിക്കളഞ്ഞു.അപ്പോഴേക്കും ഡ്രൈവർ കണ്ട് മറ്റേതിനെ വലിച്ചെടുത്തുകളഞ്ഞു. അങ്ങനെയാണ് അതിനെ മാറ്റേണ്ടത്. എന്തായാലും കുറെ നേരത്തേക്ക് രക്തം ഒഴുകുന്നുണ്ടായിരുന്നു.ഇപ്പോൾ ആ മലയുടെ ഓർമ്മയ്ക്കായി ഓരോരോ കറുത്ത പാടുകളുണ്ട്, .ഓഗസ്റ്റ് മാസമായിരുന്നു ഞങ്ങളുടെ ഈ വിസിറ്റ്. മഴക്കാലസമയത്ത് അട്ടകളുടെ ശല്യം കൂടുതലാണ്.

‘Enjoy your holidays differently’ ഞങ്ങൾ താമസിച്ച ഹോട്ടലിലെ പരസ്യത്തിൽ കണ്ട വാചകമാണ്. അതേ,മൂന്നാറില്‍  പ്രകൃതി നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകളും അനുഭവങ്ങളും വ്യത്യസ്തവും മനോഹരവുമാണ്‌.

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments