Saturday, November 23, 2024
Homeമതംപുണ്യ ദേവാലയങ്ങളിലൂടെ - (60) ' ചമ്പക്കുളം വലിയ പള്ളി ' ✍️ലൗലി ബാബു...

പുണ്യ ദേവാലയങ്ങളിലൂടെ – (60) ‘ ചമ്പക്കുളം വലിയ പള്ളി ‘ ✍️ലൗലി ബാബു തെക്കെത്തല

ലൗലി ബാബു തെക്കെത്തല

‘ ചമ്പക്കുളം വലിയ പള്ളി ‘
(ചമ്പക്കുളം കല്ലൂർക്കാട് സെന്റ്മേരീസ് പള്ളി)

ചമ്പക്കുളം എന്ന് കേൾക്കുമ്പോൾ ഓർമ്മയിൽ ഒരു പ്രശസ്ത സിനിമാ ഗാനം ഒഴുകിയെത്തും..

ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച
പൊന്നാഞ്ഞിലി തോണിയോ
ആറന്മുള തേവരാറാട്ടിനെത്തുന്ന
പള്ളിപെരുംതോണിയോ
ഉലകിന്റെ പുകഴായ തോണി
തച്ചനുയിരൂതി പോറ്റുന്ന തോണി
ഒരു തച്ചു പണിയാം ഒരുമിച്ചു തുഴയാം
ഹൈ ലെസ ഹൈലേസ ഹൊയ്
(ചമ്പക്കുളം..)

ആടിവാ ആടിവാലൻ കുറത്തീ തെയ്യ തെയ്യാരെ തെയ്യാ
അമ്പലം പൂത്താടി വാ കുറത്തി തെയ്യ തെയ്യാരെ തെയ്യാ
സ്വപ്നങ്ങൾ തൻ കേവു ഭാരം കൊണ്ടു
സ്വർണ്ണത്തിനേക്കാൾ തിളക്കം (2)
മനസ്സെന്ന മയിലിന്റെ നിറമുള്ള ചെറു പീലി
നിറയെ പതിപ്പിച്ചു വാ
ആ അഴകുള്ള തോണി അരയന്ന റാണി
അരി വെൺപിറാ പൈങ്കിളി
ആഹാ അണിയത്തു മുങ്ങീ അമരത്തു പൊങ്ങീ
അല മാറ്റി ഉശിരേകി വാ
( ചമ്പക്കുളം…)

കീച്ചി കീച്ചി പൂന്തോലം
ആരു പറഞ്ഞൂ പൂന്തോലം
ഞങ്ങ പറഞ്ഞു പൂന്തോലം
പൂന്തോലാണെൽ എണ്ണിക്കോ
വെള്ളത്തിലൂടെ പറക്കും
പിന്നെ വള്ളത്തുഴപാടുകാക്കും (2)
ഒരു കോടി ഹൃദയങ്ങൾ പുളകങ്ങൾ അണിയുന്ന
പനിനീർകിനാവായി വാ
തെയ് തെയ് തകതോം തിത്തെയ് തകതോം
വായ്ത്താരിയോടൊത്തു വാ
ഹോയ് അതു കുട്ടനാടിന്റെ തുടിതാളമാകുന്ന
പുലരിതുടിപ്പായ് വാ വാവാ
(ചമ്പക്കുളം…)

ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട്‌ മേഖലയിൽപ്പെട്ട മനോഹരമായ ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.

ചമ്പക്കുളം എന്ന് ഈ സ്ഥലത്തിന് എങ്ങനെ പേരു വന്നു എന്നത് ചമ്പ ഭഗവതിയുടെ ക്ഷേത്രമുള്ളയിടം ചമ്പക്കുളം ആയെന്ന് പറയപ്പെടുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമല്ല. വാമൊഴിയായും മറ്റും പകർന്നു വന്ന കാര്യങ്ങളാണ് ഈ ചരിത്രത്തിലേക്കൊക്കെ വെളിച്ചം വീശുന്നത്. കൊണ്ടാക്കൽ, നടുഭാഗം, വൈശ്യംഭാഗം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയാണ്.ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി.

🌻 ചമ്പക്കുളം മൂലം വള്ളംകളി

ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുൻപ് വിഗ്രഹത്തിന്റെ സ്ഥാപനത്തിനു തൊട്ടുമുൻപ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിനു പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം അർജ്ജുനന് ശ്രീകൃഷ്ണൻ നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു.

പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങൾ എത്തിച്ചേർന്നു. വള്ളങ്ങളുടെ ഈ വർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വർഷങ്ങൾക്കു ശേഷം ഇന്നും ഈ ആഘോഷം ഉത്സാഹത്തോടെ പുനരവതരിക്കെപ്പെടുന്നു. ജലത്തിലൂടെയുള്ള ഒരു വർണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാർന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും വള്ളത്തിൽ കെട്ടിയുണ്ടാക്കിയ പ്രതലത്തിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഈ ഘോഷയാത്രയ്ക്കു ശേഷമാണ് വള്ളംകളി തുടങ്ങുക. വിവിധ വിഭാ‍ഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു.

ആറന്മുള കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം വള്ളംകളി. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളം വള്ളംകളി മത്സരത്തോടെയാണ്. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ഗ്രാമത്തിലൂടെ ഒഴുകുന്ന പമ്പയാറിൽ നൂറുകണക്കിന് ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കാനെത്തുക. ജൂൺ / ജൂലൈ മാസങ്ങളിൽ നടക്കുന്ന ഈ ജലോത്സവത്തിനു സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുക. വഞ്ചിപ്പാട്ടുകളുടെ താളത്തിനൊപ്പിച്ച് പമ്പയിലെ ഓളങ്ങൾ കീറിമുറിച്ചു മുന്നേറുന്ന ചുണ്ടൻ വള്ളങ്ങൾ ആവേശം നിറയ്ക്കുന്ന കാഴ്ച്ചയാണ്.

🌻ചമ്പക്കുളം വലിയ പള്ളി

പമ്പയുടെ തീരത്താണ് ചമ്പക്കുളം കല്ലൂർക്കാട് മർത്ത് മറിയം പള്ളിയെന്ന ചമ്പക്കുളം വലിയ പള്ളി സ്ഥിതി ചെയ്യുന്നത്.

A. D. 427 ലാണ് ചമ്പക്കുളം പള്ളിയുടെ സ്ഥാപനം. ആദ്യകാലത്ത് തോമാശ്ലീഹ സ്ഥാപിച്ച നിരണം പള്ളിയുടെ കീഴില്‍ ആയിരുന്നു ചമ്പകുളം പള്ളി. പിന്നീട് കലൂര്‍ക്കാട്‌ പ്രശസ്തമായ ഒരു വ്യാപാര കേന്ദ്രമാവുകയും മറ്റു ദേശങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് വന്നു ചേരുകയും ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹം വളരുകയും ചെയ്തു. അതിന്‍റെ ഫലമായി ചമ്പക്കുളം പള്ളിയുടെ പ്രസക്തി വര്‍ദ്ധിച്ചു.
ആലപുഴ ജില്ലയിലെ കത്തോലിക്കാ ദേവാലയങ്ങളുടെയെല്ലാം മാതൃദേവലയമായാണ് ചമ്പക്കുളം പള്ളി കരുതപ്പെടുന്നത്.

കേരളത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള ഈ പള്ളി. കേരളത്തിലെ 9 ബസലിക്ക ദേവാലയങ്ങളിൽ ഒന്നുകൂടിയാണിത്.
ക്രിസ്തുമത വ്യാപന സമയത്ത് തോമാശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികൾക്കു ശേഷം സ്ഥാപിതമായ ദേവാലയമാണിത്. മൈലക്കൊമ്പ്, കടുത്തുരുത്തി, അരുവിക്കര, കുറവിലങ്ങാട്, ഉദയംപേരൂർ, ഇടപ്പള്ളി തുടങ്ങിയ പള്ളികൾക്കൊപ്പമാണ് ഇതും നിർമ്മിക്കപ്പെടുനന്ത്. നാലാം നൂറ്റാണ്ടിലാണ് നിർമ്മാണം നടന്നത് എന്നാണ് വിശ്വാസം.

🌻ദേവാലയ സ്ഥാപന ചരിത്രം

ലഭ്യമായ രേഖകളും ചരിത്രവും മറ്റും നോക്കുമ്പോൾ എഡി 427 ൽ ആണ് ദേവാലയ നിർമ്മാണം നടന്നത് എന്നു കാണാം. ചേരമാൻ പെരുമാളുടെ കാലത്താണ് പള്ളി നിർമ്മക്കുന്നത്. ഇന്നത്തെ സെമിത്തേരിയുടെ സ്ഥാനത്തായിരുന്നു ഓല മേഞ്ഞ് ക്ഷേത്രത്തിന്റെ ആകൃതിയിലായിരുന്നു പള്ളിയുടെ ആദ്യ രൂപം. പിന്നീട് വന്ന പല രാജാക്കന്‍മാരും പള്ളിയുടെ നിർമ്മാണത്തിന് പല രീതിയിലും സഹായം നല്കിയിട്ടുണ്ട്. ചെമ്പകശ്ശേരി രാജാക്കന്മാരാണ് ഇതിൽ പ്രധാനികൾ.

അമ്പലപ്പുഴ ക്ഷേത്രവുമായും ചമ്പക്കുളം പള്ളിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. ദിവസവും പ്രാർഥനകളില്ലാതിരുന്ന ഇവിടെ പ്രേതബാധ മൂലം ദിവസവും പ്രാർത്ഥനകൾ നടത്തണമെന്ന് പറഞ്ഞത് ചെമ്പകശ്ശേരി രാജാവാണെന്നും ഒരു വിശ്വാസമുണ്ട്.
ദേവാലയത്തിന്‍റെ ചരിത്രത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്ന ലിഖിതങ്ങളും താളിയോലയും ശീലാന്തി ലിഖിതങ്ങളും ഒക്കെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

🌻ചമ്പക്കുളം പള്ളിയുടെ സവിശേഷത

ചമ്പക്കുളം പള്ളി. ഗോഥിക്, ബാരോക്ക് രീതികൾ സമന്വയിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. യേശുവിന്റെ ജീവിതത്തിലെ പ്രധാന ചില സംഭവങ്ങളുടെ ഇലച്ചായ ചിത്രങ്ങൾ, പഴയ നിയമത്തിലെ ചില സംഭവങ്ങൾ തുടങ്ങിയവ ഇവിടെ വരച്ചിട്ടിരിക്കുന്നത് കാണാം. ശ്രീലങ്കയിൽ നിന്നും വന്ന ധർമ്മ രാജ, മൈക്കിൾ രാജ എന്നീ രണ്ട് കലാകാരന്മാരാണ് ഇതിന് നേതൃത്വം നല്കിയത്. തടിയില്‍ തീർത്ത ഒട്ടേറെ രൂപങ്ങൾ ദേവാലയത്തിനുള്ളിൽ കാണാം.കയ്യിൽ റോസാ പുഷ്പവുമായി നിൽക്കുന്ന മാതാവാണ് ഇവിടുത്തെ പ്രതിഷ്ഠ. അപൂർവ്വ പ്രതിഷ്ഠയായതിനാൽ തന്നെ ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു. ഇത് കൂടാതെ തിരുക്കുടുംബത്തിന്റെ അപൂര്‍വ്വ രൂപങ്ങളും ഇവിടെ കാണാം.

🌻തിരുന്നാൾ

ഒക്ടോബർ 15 ന് നടക്കുന്ന മാതാവിന്റെ ദർശന തിരുന്നാൾ, മാർച്ച് 19ന് നടക്കുന്ന യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ, മൂന്ന് നോയമ്പ് പെരുന്നാൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ

ആലപ്പുഴ ജില്ലയിലെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ് പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ചമ്പകുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് പള്ളി. നൂറ്റാണ്ടുകളുടെ കഥകള്‍ ഉറങ്ങുന്ന പള്ളി സന്ദർശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments