ആ വലിയ വീട്ടിലേയ്ക്ക് ആളുകൾ വന്നും പോയുമിരുന്നു, മൊബൈൽ മോർച്ചറിയിൽ വെള്ളപുതച്ച് അദ്ദേഹം കിടക്കുന്നു, ഇന്നലെ വരെ തന്റെ കൂടെ ഉണ്ടായിരുന്ന സ്നേഹ സമ്പന്നനായ മനുഷ്യൻ. സ്നേഹിക്കാൻ മാത്രമറിയാവുന്ന, ദയയും സഹാനുഭൂതിയും ഉള്ള വലിയ മനുഷ്യനാണ് ഇന്ന് നിശ്ചലനായി ആ ഐസ് പെട്ടിയിൽ വിറങ്ങലിച്ചു കിടക്കുന്നത്. ആ വലിയ ബംഗ്ലാവിൽ അദ്ദേഹത്തിന്റെ മക്കൾ എല്ലാ സൗകര്യവും ചെയ്തു കൊടുത്തിട്ടുണ്ട് . അച്ഛന് പുറത്ത് പോകാൻ കാറ് അതോടിയ്ക്കാൻ ഡ്രൈവർ, അച്ഛന്റെ സുരക്ഷയ്ക്കായി വീടിന് ചുറ്റും ക്യാമറ, എല്ലാ മുറികളിലും എ സി, അടുക്കളയിലേയ്ക്കും പുറം പണിക്കും, ജോലിക്കാർ എന്ന് വേണ്ട എല്ലാം അറിഞ്ഞ് മക്കൾ ചെയ്തിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ എ സി ഉപയോഗിയ്ക്കാത്ത ആളാ, വാതത്തിന്റ അസ്കിത ഉള്ള ആൾക്ക് എന്തിനാ എ സി എന്നാണ് ചോദിയ്ക്കാറ്. അവൾ ഒരു ദീർഘനിശ്വാസത്തോടെ അദ്ദേഹത്തെ നോക്കി. സ്ഥിരമായി കൈകളിലും, കാലുകളിലും ധരിയ്ക്കാറുള്ള സോക്സ് ഇന്ന് ഇല്ല, ആ ഐസ് പെട്ടിയിൽ വിറങ്ങലിച്ചു കിടക്കുന്ന അദ്ദേഹത്തെ നിസ്സഹായയായി അവൾ നോക്കിനിന്നു, ഒരാർത്തനാദമായി പുറത്തേയ്ക്ക് വരാനാവാതെ കരച്ചിൽ തൊണ്ടയിൽ വീർപ്പുമുട്ടി വിങ്ങുന്നു.
ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണ എന്ന് പറയുന്നത് എത്ര ശെരിയാണ്, ഉറ്റവരോ ഉടയവരോ ഇല്ലാത്ത തന്നെ സ്വന്തം മകളായ് അദ്ദേഹം ഏറ്റെടുത്തു. എന്നത്തേയും പോലെ അച്ഛന്റെ കൂട്ടുകാരനായ ജോൺ അങ്കിളുമായി പതിവ് സായാഹ്നസവാരിയ്ക്കിറങ്ങിയപ്പോളാണ് റോഡ് ക്രോസ്സ് ചെയ്ത തന്നെ വണ്ടി ഇടിയ്ക്കുന്നത്, നിർത്താതെ പോയ വണ്ടിക്കാരനെ ചീത്ത വിളിച്ചുകൊണ്ടു അബോധാവസ്ഥയിലായിരുന്ന തന്നെ എടുത്ത് ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടെ നിന്നും വീട്ടിലേയ്ക്കും കൂട്ടി. തന്നെ അന്യോഷിച്ചു വരാൻ ആരുമില്ലെന്നറിഞ്ഞു സ്വന്തം വീടായി കണ്ട് അവിടെ താമസിക്കാൻ അനുവാദം തന്നു.
“എന്നാ മക്കളും കൊച്ചുമക്കളും കുളിച്ചു വന്നോളൂ “.
കാർമ്മികന്റെ ശബ്ദം കേട്ട് അവൾ ചിന്തയിൽ നിന്ന് ഉണർന്നു. അദ്ദേഹത്തിന്റെ രണ്ടാണ്മക്കളും മൊബൈൽ നോക്കി ഇരിക്കുന്നു, മരുമക്കൾ അവരുടെ അമേരിക്കയിലെ ബിസിനസ്സിനെ പറ്റിയും, പാർട്ടികളെ കുറിച്ചും പൊങ്ങച്ചം പറഞ്ഞു രസിയ്ക്കുന്നുണ്ട്, കൊച്ചുമക്കൾ എവിടെ ? അവരെ കാണുന്നില്ല അവർ മുകളിൽ മുറിയിൽ കാണും, അവരുടെ അച്ഛനമ്മമാർക്ക് നമ്മുടെ സംസ്കാരത്തെ പറ്റി പറഞ്ഞു കൊടുക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് കുട്ടികൾക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടാവില്ല.
അദ്ദേഹത്തെ കുളിപ്പിച്ച് ഭസ്മക്കുറി തൊടുവിച്ച് വെള്ളപുതച്ച് താഴെ കിടത്തി നാല് വശത്തും ഭസ്മം കൊണ്ട് അടയാളപ്പെടുത്തിയിരിയ്ക്കുന്നു. തലയ്ക്കലും കാൽക്കലും നാളികേരത്തിന്റ പാതിമുറിയിൽ എണ്ണ ഒഴിച്ച് കത്തിച്ചു വച്ചിട്ടുണ്ട്, അപ്പോഴേക്കും കുളിയ്ക്കാൻ പോയവർ എത്തി. എല്ലാവരും ചേർന്ന് ബോഡി പുറത്തേയ്‌ക്കെടുത്തു അവളുടെ ഉള്ളിലെ സങ്കടകടൽ കണ്ണ് നീരായി പുറത്തേയ്ക്കൊഴുകി, പുറമെ നിശബ്‍ദമായി ഉള്ളിൽ അവൾ ആർത്തു കരഞ്ഞു.
” അവന് വേണ്ടി കരയാൻ നീ മാത്രേ ഉള്ളു “.
എന്ന് പറഞ്ഞു ജോണങ്കിൾ അവളെ ചേർത്ത് പിടിച്ചു. ബംഗ്ലാവിന്റ തെക്കേ തൊടിയിൽ അപ്പോഴേക്കും ചിതയെരിഞ്ഞു തുടങ്ങിയിരുന്നു, ജോണങ്കിളിന്റെ അടുത്തുനിന്ന് ഒരാർത്തനാദത്തോടെ അവൾ അങ്ങോട്ട് ഓടി…
“ശല്യം ഈ പട്ടി പോയില്ലേ ഇതുവരെ ….ഛീ…പോ… പട്ടീ ” ആരോ അവളെ ഓടിച്ചു വിട്ടു.
അവളുടെ താങ്ങും തണലുമായ സാന്ത്വനം അരങ്ങൊഴിഞ്ഞിരിയ്ക്കുന്നു ഒരു ദീർഘനിശ്വാസത്തോടെ ജോണങ്കിൾ ഓർത്തു.