Monday, December 23, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 05, 2024 വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 05, 2024 വെള്ളി

കപിൽ ശങ്കർ

🔹കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.

🔹സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ഇന്ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും.

🔹തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുതെന്നും ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔹ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കട്ടേയെന്നും കെജ്രിവാള്‍ ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചു.

🔹പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. കുട്ടികള്‍ റോഡരികില്‍ നില്‍ക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റം ആകുമെന്ന് ചോദിച്ച കോടതി കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതായി കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വീട്ടുകാര്‍ പരാതി നല്‍കുകയോ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് മാധ്യമ സമ്മര്‍ദത്തിന് വഴങ്ങരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

🔹സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛന്‍ ജയപ്രകാശ് ഹൈക്കോടതിയില്‍. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ശ്രമമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.

🔹കൊച്ചി: എറണാകുളത്തെ ആദ്യകാല ഗൈനക്കോളജിസ്റ്റും ലക്ഷ്മി ഹോസ്പിറ്റൽ സ്ഥാപകയുമായ ശാന്താ വാര്യർ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10-ന് കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത്.എബിവിപി മുൻ കാല പ്രവർത്തകനായ പ്രദീപ് വാര്യരുടെ മാതാവാണ്. പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. കെ.കെ.ആർ വാരിയരുടെ ഭാര്യയാണ്. 1979-ലാണ് ഇരുവരും ചേർന്ന് എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റൽ സ്ഥാപിച്ചത്. 30,000-ത്തിലേറെ പ്രസവങ്ങളെടുത്ത ഡോക്ടർ എന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത.1963-ലാണ് ശാന്താ വാര്യർക്ക് മെഡിക്കൽ ബിരുദം ലഭിക്കുന്നത്. തുടർന്ന് സർക്കാർ സർവീസിൽ കുറച്ച് കാലം സേവനമനുഷ്ഠിച്ചു. പിന്നാലെ ഉപരിപഠനത്തിനായി ലണ്ടനിലെത്തി. പഠനശേഷമാണ് ഭർത്താവുമായി ചേർന്ന് ലക്ഷ്മി ആശുപത്രി സ്ഥാപിക്കുന്നത്. രോ​ഗികളുടെ ക്ഷേമം ഉറപ്പാക്കിയുള്ള ചികിത്സയ്‌ക്കാണ് അവർ പ്രാധാന്യം നൽകിയത്.

🔹എലത്തൂരില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റി. യുവാവും പെണ്‍കുട്ടിയും വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു എന്നാണ് സൂചന. രേഖകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

🔹ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് നഴ്സിങ് ഓഫീസര്‍ പി ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ഉപവാസം നാലാം ദിവസം പിന്നിട്ടു. ഡിഎംഇ ഉത്തരവിറക്കാതെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയില്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് മെഡിക്കല്‍ കോളേജ്. കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. ആശുപത്രി തീരുമാനം മാറ്റുന്നത് വരെ ഉപവാസം തുടരുമെന്ന് അനിത അറിയിച്ചു.

🔹20മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കര്‍ണാടകയിലെ വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസ്സുകാരനായ സാത്വികിനെ രക്ഷപ്പെടുത്തി. വിജയപുരയിലെ ലച്ച്യാന്‍ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ ബൂധനാഴ്ച വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം.

🔹റഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുമെന്നും ഇവരെ കടത്തിയ ഏജന്റുമാര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ റഷ്യയിലെ അംബാസിഡര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ കടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

🔹പ്രഥമ ഇന്നസെന്റ് പുരസ്‌കാരം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്. കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മന്ത്രി ആര്‍.ബിന്ദു പുരസ്‌കാരം കൈമാറി.

🔹തൃശ്ശൂര്‍ അത്താണി പെരിങ്ങണ്ടൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ അതിവേഗം കാറില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുന്നംകുളം സ്വദേശി കോലഴിപറമ്പില്‍ വീട്ടില്‍ അഖില്‍ (34) ഓടിച്ചിരുന്ന കാറില്‍ നിന്നും പെരിങ്ങണ്ടൂരില്‍ എത്തിയതോടെ തീ ഉയരുകയായിരുന്നു.

🔹കളിക്കുന്നതിനിടെ കണ്ടെത്തിയ കുഴിബോംബ് പൊട്ടിത്തെറിച്ച് അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഗെരോയിലാണ് സംഭവം. പത്ത് വര്‍ഷത്തോളം പഴക്കമുള്ള കുഴിബോംബാണ് കുട്ടികള്‍ കണ്ടെത്തിയതെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കിയത്.

🔹ഐപിഎല്‍ 2024 ലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 48 പന്തില്‍ 89 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ കരുത്തില്‍ 200 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബ് വെറും ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആവേശ ജയം എത്തിപ്പിടിക്കുകയായിരുന്നു. ആറാമനായി ക്രീസിലെത്തി 29 പന്തില്‍ പുറത്താകാതെ 61 റണ്‍സുമായി നിന്ന ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ വിജയശില്‍പി. എട്ടാമനായിറങ്ങിയ ഇംപാക്ട് പ്ലെയര്‍ അഷുതോഷ് ശര്‍മ്മ 17 പന്തില്‍ 31 നേടിയതും വിജയത്തില്‍ നിര്‍ണായകമായി.

🔹വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു.

🔹മലയാള സിനിമയില്‍ ഇനി വരാനിരിക്കുന്നത് ഒരുപിടി വമ്പന്‍ ചിത്രങ്ങളാണ്. അക്കൂട്ടത്തിലെ പ്രധാന സിനിമയാണ് ‘കത്തനാര്‍’. എന്നും വ്യത്യസ്തകള്‍ക്ക് പുറകെ പോകുന്ന ജയസൂര്യ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് സിനിമയാകും ഇതെന്ന് ഏവരും വിധിയഴുതുന്ന സിനിമയിലെ പുത്തന്‍ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. കത്തനാരില്‍ പ്രധാന വേഷത്തില്‍ എത്തുന്ന നടന്‍ പ്രഭുദേവയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം പ്രഭുദേവയുടെ പിറന്നാള്‍ ആയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സൈനികനോ, രാജാവോ, യോദ്ധാവോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രഭുദേവ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments