പാലക്കാട്: ആവേശത്തിരയിളക്കി പാലക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് പരിസരത്തുനിന്ന് 10.45-ഓടെ ആരംഭിച്ച റോഡ്‌ഷോ, 11.20-ഓടെ ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് അവസാനിച്ചു.
ചൊവ്വാഴ്ച രാവിലെ 10.25 ഓടെ മേഴ്സി കോളേജ് മൈതാനത്ത് ഹെലികോപ്ടറില്‍ വന്നിറങ്ങിയ മോദിയെ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് എസ്.പി.ജി, പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് മാര്‍ഗ്ഗം കോട്ടമൈതാനത്തിന് മുന്നില്‍ എത്തിയ മോദിക്ക് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പാലക്കാട് ലോക്‌സഭാ മണ്ഡലം ബി. ജെ. പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പാലക്കാട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ റോഡ്‌ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പാതയ്ക്കിരുവശവും നിന്ന പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയോടെയും വാദ്യമേളങ്ങളോടെയുമാണ് മോദിക്ക് വരവേല്‍പ്പ് നല്‍കിയത്.പാലക്കാട്ടെ റോഡ്‌ഷോ പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി സേലത്തേക്ക് തിരിച്ചു.