Saturday, December 21, 2024
Homeഅമേരിക്കഎൺപതുകളിലെ വസന്തം :- 'സീമ' ✍അവതരണം: ആസിഫ അഫ്രോസ്

എൺപതുകളിലെ വസന്തം :- ‘സീമ’ ✍അവതരണം: ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

എൺപതുകളിൽ ബിഗ്സ്‌ക്രീനിൽ നിറഞ്ഞുനിന്നിരുന്ന ശാന്തകുമാരി എന്ന സീമ ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ ഒരു നിത്യഹരിതനായിക തന്നെ.

1957 മെയ് 22 ന് മാധവൻ നമ്പ്യാരുടെയും വാസന്തിയുടെയും മകളായിട്ടായിരുന്നു സീമ ജനിച്ചത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഡാൻസ് മാസ്റ്റർ തങ്കപ്പന്റെ കീഴിലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയതെങ്കിലും കമൽ ഹാസനിൽ നിന്നാണ് സിനിമാറ്റിക് ഡാൻസ് അധികവും സീമ പഠിച്ചെടുത്തത്.

പതിനാലാമത്തെ വയസ്സിൽ തമിഴ് സിനിമകളിൽ ഗ്രൂപ്പ് ഡാൻസറായി സീമ തന്റെ കരിയർ തുടങ്ങി. തുടർന്ന് അഞ്ചുവർഷത്തോളം നൃത്തവും കമ്പോസിങ്ങും ആയി തുടർന്നെങ്കിലും, ഐ.വി. ശശിയുടെ ‘ അവളുടെ രാവുകൾ’ എന്ന സിനിമയാണ് സീമക്ക് അഭിനയത്തിൽ ഒരു വഴിത്തിരിവായത്. അന്ന് അവർക്ക് 19 വയസ്സായിരുന്നു. ഐ. വി. ശശിയുടെ സംവിധാനത്തിൽ സീമയുടെ തുറന്ന അഭിനയവും മാദക രംഗങ്ങളും സിനിമാ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചു. അക്കാലത്താണ് ശാന്തി എന്ന പേര് സീമ എന്നാക്കിയത്. സീമ പ്രശസ്തയായി മാറി. പ്രഗത്ഭരായ സംവിധായകർ വ്യത്യസ്തവേഷങ്ങളുടെ ഓഫറുമായി സമീപിച്ചു തുടങ്ങി.

അതുവരെ ഷീല, ശാരദ, ജയഭാരതി, കെ.ആർ. വിജയ, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു മലയാള സിനിമാലോകം അടക്കി ഭരിച്ചിരുന്നത്. സഹനടിയായും സഹോദരിയായും ഒക്കെ അപ്രധാനവേഷങ്ങൾ വരെ ചെയ്യാൻ തയ്യാറായിരുന്ന സീമ, അതെല്ലാം ഏറ്റെടുത്ത് വിജയിപ്പിച്ചു. ഏതുറോളും അവരുടെ കയ്യിൽ ഭദ്രമായിരുന്നു.ഇത് അവർക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കാൻ സംവിധായകർക്ക് ധൈര്യമേകി.

അങ്ങാടി, മനുഷ്യമൃഗം, തടവറ, അനുപല്ലവി, കരിമ്പാറ തുടങ്ങി ജയന്റെ കൂടെ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സീമ പ്രേക്ഷകരുടെ സൂപ്പർ ഹീറോയിനായി മാറി. ഗ്ലാമർ റോളുകളും മിനി സ്കെർട്സും ബിക്കിനിയും അവരുടെ അഭിനയജീവിതത്തിന്റെ ഭാഗമായിരുന്നു.

ജയന്റെ മരണശേഷം സീമ – ജയൻ തരംഗം അവസാനിച്ചു. കുറെയെങ്കിലും ആ വിടവ് നികത്തിയത് രതീഷും മമ്മൂട്ടിയുമായിരുന്നു.
എം. ടി. വാസുദേവന്റെ ചിത്രങ്ങളിൽ വ്യത്യസ്തവഷങ്ങൾ ചെയ്യാൻ സാധിച്ചത് അവരുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു. ഹാസ്യവും നെഗറ്റീവ് റോളും വരെ അവർ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ തയാറായി. അക്കാലത്തെ പ്രഗത്ഭരായ എല്ലാ സംവിധായകരുടെ സിനിമകളിലും അഭിനയിച്ചുവെങ്കിലും, ഐ. വി. ശശിയുടെ കൂടെ മാത്രം 59 സിനിമകൾ ചെയ്തു. കോട്ടയം ശാന്തയായിരുന്നു സീമക്കുവേണ്ടി ശബ്ദം നൽകിയിരുന്നത്.

1980 ൽ ഐ. വി. ശശിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടുമക്കൾ – അനുവും അനിയും.1988 ൽ മഹായാനത്തിന് ശേഷം ഒരിടവേള എടുത്തുവെങ്കിലും 1998 ൽ ‘ ഒളിമ്പ്യൻ ആന്റണി ആദം’ ലൂടെ വീണ്ടും ആക്റ്റീവ് ആയി. തുടർന്ന് നിരവധി ടി. വി. സീരിയലുകളും ഷോകളും ചെയ്തു. 2017 ൽ ഐ. വി. ശശി മരണപ്പെട്ടു.

260 ഓളം മലയാളം സിനിമകളും 25തമിഴ് സിനിമകളും 7 തെലുങ്ക് സിനിമകളും 6 കന്നഡ സിനിമകളും ഒരു ഹിന്ദി സിനിമയും സീമയുടെ ലിസ്റ്റിലുണ്ട്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഡം, അനുബന്ധം തുടങ്ങിയവ അവരുടെ അഭിനയത്തിന് പൊൻ‌തൂവൽ ചാർത്തിയ ചിത്രങ്ങളാണ്. മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

സിനിമയിൽ സജീവമായിരുന്ന കാലത്ത് ‘ക്വീൻ ‘ ‘ഡ്രീം ഗേൾ ഓഫ് മലയാളം ‘ എന്നൊക്കെ അറിയപ്പെട്ടിരുന്ന സീമ ഇപ്പോൾ ചെന്നൈലാണ് താമസിക്കുന്നത്.

ആസിഫ അഫ്രോസ്✍

RELATED ARTICLES

1 COMMENT

  1. ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ… ഈ സിനിമകളിലെയൊക്ക സീമയുടെ അഭിനയം കാണാൻ മാത്രം ആയി ഇന്നും ഞാൻ ടിവി യിൽ ആ സിനിമകൾ വീണ്ടും വീണ്ടും കാണും. ആസിഫയുടെ മികച്ച അവതരണം. 👍🙏

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments