ഒരു കിടിലൻ കണവ റോസ്റ്റ്
ആവശ്യമുള്ള സാധനങ്ങൾ
1. കണവ :1kg
2. സവാള വലുത്: 3
തക്കാളി വലുത്: 2
പച്ചമുളക്: 2
വെളുത്തുള്ളി: 8 അല്ലി
ഇഞ്ചി: 1/2 ഇഞ്ചുകഷണം
3. പെരിംജീരകം: 1 ടീസ്പൂൺ
പട്ട : 2 കഷണം
തക്കോലം: 1
ഗ്രാമ്പൂ : 3
4. മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
മുളകുപൊടി : 1ടീസ്പൂൺ
മല്ലിപ്പൊടി: 1/2 ടീസ്പൂൺ
കുരുമുളക് പൊടി: 1/4 ടീസ്പൂൺ
കറിവേപ്പില:
ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
5. കടുക് : ആവശ്യത്തിന്
ഉലുവ വറുത്തു പൊടിച്ചത് : 1/4 ടീസ്പൂൺ
വെളിച്ചെണ്ണ: ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
കണവ തൊലികളഞ്ഞ് ഉപ്പിട്ട് ഉരച്ച് നന്നായി കഴുകി ഒരിഞ്ചു നീളത്തിൽ മുറിച്ചു വയ്ക്കുക. തൊലികളഞ്ഞ് നന്നായി കഴുകി സവാള ചെറുതായി ക്രോസ് അരിഞ്ഞുവയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും തൊലികളഞ്ഞ് നന്നായി കഴുകി ചെറുതായി അരിഞ്ഞുവയ്ക്കുക. പച്ചമുളക് രണ്ടായി പിളർന്ന് വയ്ക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിയ്ക്കുക. അതിലേക്ക് വറ്റൽ മുളകും ഇട്ട് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. നന്നായി ഇളക്കുക. ഒരഞ്ചു മിനിട്ട് കഴിയുമ്പോൾ മൂന്നാമത്തെ ചേരുവകൾ ചേർത്ത് വീണ്ടും നന്നായി വഴറ്റുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെള്ളം വാർന്ന കണവയും, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതീയിൽ ഒരു പത്തുമിനിട്ട് വേവിക്കുക.
അതിനുശേഷം മൂടി തുറന്നു മുളകുപൊടിയും, മല്ലിപ്പൊടിയും, കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അരഗ്ലാസ്സ് തിളച്ച വെള്ളവും ചേർത്ത് അടച്ചുവച്ചു ഇടയ്ക്ക് ഇളക്കിയിളക്കി കറിവേപ്പിലയും ഉലുവാപ്പൊടിയും ചേർത്ത് നല്ല റോസ്റ്റ് പരുവമാകുമ്പോൾ വാങ്ങിവയ്ക്കുക. (മസാല പൊടികളും മറ്റും നിങ്ങളുടെ ചോയ്സ് ന് അനുസരിച്ച് മാറ്റം വരുത്തി ചേർക്കാവുന്നതാണ്.)
ചേരുവകൾ നന്നായി കഷണങ്ങളിൽ പൊതിഞ്ഞ് അരപ്പ് ചുവപ്പു കലർന്ന കറുത്ത നിറം കൂടി കലർന്നു വരുമ്പോഴാണ് ശരിക്കും പാകം. അപ്പോഴേക്കും സൂപ്പർ മണം ചുറ്റു പരിസരമാകെ പരക്കും.ഈ റോസ്റ്റ് ചോറിനും ചപ്പാത്തിക്കും ആപ്പത്തിനും ഒക്കെ ഒപ്പം വളരെ നല്ല രുചിയോടെ കഴിക്കാം. ആരെങ്കിലുമൊക്കെ ഒന്നു പരീക്ഷിച്ചു നോക്കുക. അഭിപ്രായം അറിയിക്കുമല്ലോ?..
വീണ്ടുംമറ്റൊരു പാചകവുമായി കാണാം. നന്ദി
ജസിയഷാജഹാൻ