പത്തനംതിട്ട —2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണസാമഗ്രികളുടെ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരക്കുകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി അന്തിമ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കും.
രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മാതൃക പെരുമാറ്റചട്ടവും നോമിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയില്‍ 15 വീതം ഫ്ളയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും അഞ്ച് വീതം വീഡിയോ സര്‍വൈലന്‍സ് ടീമും ആന്റി ഡീഫേയ്‌സ്മെന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കും. മാതൃക പെരുമറ്റചട്ടലംഘനവും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികള്‍ ചിത്രങ്ങള്‍, വീഡിയോകള്‍ സഹിതം സി വിജില്‍ ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം.
സുവിധ പോര്‍ട്ടല്‍ വഴി നോമിനേഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പോര്‍ട്ടല്‍ ഉപയോഗം സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലന ക്ലാസ് നല്‍കും. അവസാന ദിവസത്തിനു വേണ്ടി കാത്തിരിക്കാതെ മുന്‍കൂട്ടി നോമിനേഷന്‍ സമര്‍പ്പിക്കണം. ഭിന്നശേഷിക്കാര്‍ക്കും 85 വയസിനുമുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിനായി ബിഎല്‍ഒമാര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കുന്നവര്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് ഓഫീസര്‍മാരുടെ ടീം വീട്ടിലെത്തും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈല്‍ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം സംബന്ധിച്ച കമ്മീഷന്‍ നിര്‍ദേശങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സംയമനം പാലിക്കണം. വ്യക്തിപരമായ ആരോപണങ്ങള്‍ക്കു പകരം പ്രശ്നാധിഷ്ഠിതമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. മാതൃകാ പെരുമാറ്റച്ചട്ടം യാതൊരു കാരണവശാലും ലംഘിക്കരുത്. ജാതി/വംശ വികാരങ്ങളുടെ അടിസ്ഥാനത്തിലുള്ള വോട്ടഭ്യര്‍ത്ഥന പാടില്ല.
വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്ന പ്രചരണങ്ങള്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യാജ പ്രസ്താവനകളോ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കരുത്.
എതിര്‍ പാര്‍ട്ടിക്കാരെയും അവരുടെ പ്രവര്‍ത്തകരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പാടില്ല. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന പ്രസ്താവനകള്‍ നേതാക്കളോ, സ്ഥാനാര്‍ത്ഥികളോ നടത്തരുത്. പരിശോധിച്ച് ഉറപ്പുവരുത്താത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുത്. വാര്‍ത്തകള്‍ എന്ന തരത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്.
എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടുള്ളതല്ല.
ലോക്‌സഭ തെരഞ്ഞെടുപ്പ്: പരസ്യപ്രചരണം : മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചരണത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാന ശുചിത്വമിഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്‍ അറിയിച്ചു. പരസ്യദാതാക്കള്‍ പരസ്യ പ്രചരണ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കണം.
പരസ്യ പ്രചരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ (റീസൈക്കിള്‍) സാധ്യമല്ലാത്ത പിവിസി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും 100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍/ റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂആര്‍ കോഡ് എന്നിവ പതിപ്പിക്കണം.
കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീന്‍ വസ്തുക്കള്‍ സിഐപിഇടിയില്‍ നിന്നും പിവിസി -ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലീന്‍ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വില്‍പന നടത്താവൂ.
പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനര്‍ ബോര്‍ഡുകള്‍ പ്രോഗ്രാമിന്റെ തീയതിക്ക് അടുത്ത ദിവസവും തീയതി വയ്ക്കാത്ത പരസ്യ ബാനര്‍, ബോര്‍ഡുകള്‍ പരമാവധി 30 ദിവസമായി കണക്കാക്കി സ്ഥാപിച്ചവര്‍ തന്നെ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം.
ഉപയോഗശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റ് പ്രിന്റിംഗ് യൂണിറ്റിലേക്കോ അംഗീകൃത റീസൈക്ലിങ്ങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേനയ്ക്ക്/ക്ലീന്‍ കേരള കമ്പനിക്ക് യൂസര്‍ ഫീ നല്‍കി റീസൈക്ലിങ്ങിനായി തിരിച്ചേല്‍പ്പിക്കണം. ഹരിത കര്‍മ്മ സേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കികൊണ്ട് പരസ്യ പ്രിന്റിംഗ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണം.
നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകളില്‍ നിയമപാലകരെ തെറ്റിദ്ധരിപ്പിക്കും വിധം പിവിസി ഫ്രീ, റീസൈക്ലബിള്‍ ലോഗോയും പ്രിന്റിംഗ് യൂണിറ്റിന്റെ പേരും പതിച്ച് കൊണ്ടുള്ള പരസ്യ പ്രചാരണ ബോര്‍ഡുകള്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചതായി കണ്ടെത്തുന്ന പക്ഷം പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഏജന്‍സിയുടെയും ലൈസന്‍സ് പെര്‍മിറ്റ് റദ്ദ് ചെയ്യും.