സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും, വൈരാഗ്യ നടപടി ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിലെന്നും സാന്ദ്രയുടെ പരാതിയിൽ പറയുന്നു. ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ് രണ്ടാം പ്രതിയാണ്. പരാതിയെത്തുടർന്ന്, കോടതി നിർദേശ പ്രകാരം, എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തു. തൊഴിൽ സ്വാതന്ത്ര്യത്തിനു തടസം സൃഷ്‌ടിക്കുകയും, സാന്ദ്രയുമായി സഹകരിക്കരുത് എന്ന് മറ്റുള്ളവർക്ക് നിർദേശം നൽകിയതായും ആരോപണമുണ്ട്.
പോയവർഷം നവംബറിൽ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. എക്‌സിക്യൂട്ടീവ് ബോഡി അംഗങ്ങളായ ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ്, ബി. രാകേഷ് എന്നിവർക്കെതിരെ സാന്ദ്ര തോമസ് കള്ളക്കേസ് നൽകിയെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
സിനിമാ മേഖലയിലെ ‘പവർ ഗ്രൂപ്പ്’ നടത്തിയ ചില ഇടപെടലുകളുടെ ഭാഗമായാണ് തന്നെ അസോസിയേഷനിൽ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. “ആരാണ് ഇതിന് പിന്നിലെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, എനിക്ക് അസ്‌സോസിയേഷൻ്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് നേരെ വിരൽ ചൂണ്ടേണ്ടി വരും. സത്യം തീർച്ചയായും പുറത്തുവരുമെന്നും” സാന്ദ്ര പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ നേരിടാൻ ശക്തമായി നിലകൊള്ളാൻ തീരുമാനിച്ചതായും സാന്ദ്ര പറഞ്ഞു.
സിനിമാ വിതരണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ തന്നെ അപമാനിച്ചതായി സാന്ദ്ര തോമസ് പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ സാന്ദ്രയോട് അനുചിതമായ രീതിയിൽ സംസാരിച്ചതാണ് നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) പരാതി നൽകാൻ ഇടയാക്കിയത്.
സിനിമാ മേഖലയിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കെതിരെ സാന്ദ്ര ശബ്ദമുയർത്തുന്നത് ഇതാദ്യമായിരുന്നില്ല. സിനിമാ സെറ്റുകളിൽ സ്ത്രീകൾ പലപ്പോഴും കടുത്ത അവഗണന നേരിടുന്നുണ്ടെന്നും ഇത് മാനസിക പീഡനത്തിന് കാരണമാകുമെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. മലയാള സിനിമയിൽ സ്ത്രീകൾ ഒഴികെയുള്ളവർ ചേർന്ന ‘പവർ ഗ്രൂപ്പ്’ ഉണ്ടെന്നും സാന്ദ്ര പറഞ്ഞു.