ഒരുപാട് കിരീടങ്ങൾ കൈവശം വെച്ച് അതിൻ്റെ തലക്കനവും മഹിമയുമായി 2002ലെ ലോകകപ്പിന് ഫ്രഞ്ച് ടീമെത്തുമ്പോൾ കിരീടം നേടാൻ ഫുട്ബോൾ പ്രേമികൾ ഏറ്റവും സാധ്യത കൽപ്പിച്ചത് ഫ്രാൻസിനായിരുന്നു.1998ലെ ലോകചാമ്പ്യന്മാർ, 2000ത്തിലെ യൂറോ ജേതാക്കൾ, 2001ലെ കോൺഫെഡറേഷൻ കപ്പ് തുടങ്ങി കിരീടം ചൂടിയ ടൂർണമെൻ്റുകളിലെല്ലാം വ്യക്തമായ ആധിപത്യം എതിരാളികൾക്ക് മേൽ സ്ഥാപിച്ചാണ് ഫ്രാൻസ് ചാമ്പ്യന്മാരായത്. അന്നത്തെ ഫ്രഞ്ച് ടീമിൻ്റെ മികവ് കണ്ട് അവരെ തളക്കാൻ സാധിക്കുന്ന ടീം ഏതാണെന്ന് പലകുറി ഞാൻ ചിന്തിച്ചിട്ടുണ്ട്…
ഉത്ഘാടന മത്സരത്തിൽ സെനഗൽ ലോകത്തെ ഞെട്ടിച്ചു…..ലോകചാമ്പ്യൻമാരെ ഒരു ഗോളിന് തകർത്ത് പരാജയത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു…. ആ തോൽവിയിൽ നിന്ന് ഫ്രാൻസസിന് കരകയറാനായില്ല….അടുത്ത കളിയിൽ സമനിലയും മൂന്നാം അങ്കത്തിൽ തോൽവിയും സമ്മതിച്ച് 2002 ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോളു പോലും അടിക്കാനാകാതെ സിദാനും സംഘവും തലതാഴ്ത്തി മടങ്ങി. അതിന് ശേഷം ഫിഫ ഒരു തീരുമാനമെടുത്തു. ഇനി മുതൽ ലോകകപ്പ് ജേതാക്കളും യോഗ്യത റൗണ്ട് കളിക്കണമെന്ന്. പരിക്കു മൂലം സിദാൻ അദ്യത്തെ രണ്ട് മൽസരങ്ങളിൽ കളിച്ചില്ല എന്നതും ഫ്രാൻസിന് തിരിച്ചടിയായി…..
2006 ൽ ഫ്രാൻസ് ലോകകപ്പിനെത്തുമ്പോൾ വിമർശനങ്ങളുടെ പ്രവാഹമായിരുന്നു. വയസൻ പട എന്ന് കളിയാക്കിയും, ടീമിനെ ഒരുക്കിയ കോച്ചിനെ അപമാനിച്ചും, ഒന്നിനും പെറ്റാത്തവരാണ് ഇത്തവണത്തെ ഫ്രഞ്ച് ടീം എന്ന ആക്ഷേപവും ഏറ്റുവാങ്ങിയാണ് അവർ കളിയാരംഭിച്ചത്…
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് സമനിലയും ഒരു വിജയവുമായി ആവേശവും കോരിത്തരിപ്പും ഒന്നുമുണ്ടാക്കാതെ ശാന്തമായി രണ്ടാം റൗണ്ടിലേക്ക്. അവിടുന്നങ്ങോട്ട് ഫ്രാൻസിന്റെ കളിയാകെ മാറി. സിനദിൻ സിദാൻ എന്ന ഫുട്ബോൾ മാന്ത്രികൻ കളം നിറഞ്ഞാടി. ഗോളിന് വഴിയൊരുക്കിയും, ഗോളടിച്ചും പ്രീ ക്വാർട്ടറിൽ സ്പെയിനിനെ തകർത്ത് അടുത്ത മത്സരത്തിലേക്ക്…
ക്വാർട്ടറിൽ ഫുട്ബോൾ രാജാക്കൻമാരുടെ മുന്നിൽ സിദാൻ പുറത്തെടുത്ത പ്രകടനം പന്തുകളിയെ ഗൗരവമായി സമീപിക്കുന്നവർക്ക് പാഠപുസ്തകവും, ഫുട്ബോളിനെ നെഞ്ചിലേറ്റിയവർക്ക് എന്നെന്നും ഓർത്തു വയ്ക്കാവുന്ന അമൂല്യനിധിയും ആയി…..റൊണാൾഡോ, റോബർട്ടോ കാർലോസ്, കഫൂ, റൊണാൾഡീഞ്ഞോ, കക്ക, റൊബിഞ്ഞോ, അഡ്രിയാനോ എന്നീ പ്രതിഭാശാലികളുടെ ബ്രസീലിനെ ഒറ്റയ്ക്ക് ഒരു മനുഷ്യൻ നേരിട്ട് സ്വയം ഒരു രാജ്യമായി മാറി. ഫുട്ബോൾ ഒരു ടീമിലെ പതിനൊന്ന് പേരുടെ കളിയാണെങ്കിലും ഞാൻ നേരിട്ട് കണ്ട കാൽപന്തുകളിയിലെ ആദ്യത്തെ വൺമാൻഷോ ബ്രസീലിനെതിരെ സിദാന്റെ പോരാട്ടമായിരുന്നു. അന്ന് ഞങ്ങളുടെ ക്ലബ്ബിൽ നിന്ന് കളി കണ്ട ബ്രസീൽ ആരാധകർ സിദാൻ്റെ മാജിക് പ്രകടനം കണ്ട് കണ്ണ് തള്ളി പറഞ്ഞു, സിദാൻ ഒരു രക്ഷയുമില്ല…. അയാളാണ് താരം…
സെമിയിൽ ലൂയിസ് ഫിഗോ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരുടെ പോർച്ചുഗലിനെ സിദാന്റെ ഗോളിൽ തകർത്ത് കലാശ പോരാട്ടത്തിന് ഫ്രാൻസ് തയ്യാറെടുത്തു…
ഫൈനലിലും പട നയിച്ച് ഗോൾ നേടി സിദാൻ ഫ്രാൻസിനെ മുന്നിലെത്തിച്ചു. നിശ്ചിത സമയത്ത് കളി സമനിലയിൽ പിരിഞ്ഞപ്പോൾ അധിക സമയത്തേക്ക് മത്സരം നീണ്ടു. എക്സ്ട്രാ ടൈമിൽ സിദാന്റെ തകർപ്പൻ ഹെഡ്ഡർ ഇറ്റാലിയൻ ഗോൾകീപ്പർ ബഫൺ ഉജ്ജ്വലമായി തട്ടിയകറ്റിയ രംഗം കണ്ട് സോക്കർ പ്രേമികൾ തലയിൽ കൈവെച്ചു. അപകടാവസ്ഥ മനസ്സിലാക്കി ഇറ്റലി ഒരുക്കിയ നെഗറ്റീവ് തന്ത്രത്തിന് മുന്നിൽ സിദാൻ വീണു. സിദാൻ കാരിരുമ്പിന്റെ കരുത്തുള്ള തൻ്റെ തലകൊണ്ട് മറ്റൊരാസിയുടെ നെഞ്ചത്തേക്ക് കുത്തി. ഇടിയുടെ ആഘാതത്തിൽ മറ്റൊരാസി താഴത്ത് കിടന്ന് പിടഞ്ഞു. ഇത് കണ്ട് റഫറി ഓടി വന്ന് സിദാനെ ചുവപ്പു കാർഡ് കാണിച്ച് പുറത്താക്കി…
സിദാൻ ഇങ്ങനെയൊരു മോശത്തരം കാണിച്ചത് തെറ്റായിപ്പോയെന്നും, എന്തുതന്നെ സംഭവിച്ചാലും അവസാനം സെക്കൻഡ് വരെ കളിച്ച് 1998 ലേത് പോലെ 2006ലും ഫ്രാൻസിന്റെ വിജയ ശില്പിയായി ലോകകിരീടം ഉയർത്തണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു നാടകീയ രംഗം അരങ്ങേറിത്…
സിനിമ കഥപോലെ അന്നത്തെ സംഭവത്തിന്റെ രഹസ്യം പിന്നീട് ചുരുളഴിഞ്ഞപ്പോൾ സിദാനോട് അങ്ങേയറ്റം ബഹുമാനവും ആദരവും എനിക്ക് തോന്നി…
സ്വന്തം സഹോദരിമാരെ കടുത്ത ഭാഷയിൽ അപമാനിച്ചാൽ ആങ്ങളമാർക്ക് അടങ്ങിയിരിക്കാൻ പറ്റുമോ….
മറ്റൊരാസിയെ തലകൊണ്ട് കുത്തിയത് പിന്നീട് ഓർമ്മയിൽ വരുമ്പോഴെല്ലാം സിദാൻ ചെയ്തത് നൂറ് ശതമാനം ശരിയാണെന്ന് ഞാൻ അടിവരയിടും…
2006ലെ ടൂർണമെന്റിന്റെ താരവും മറ്റാരുമായിരുന്നില്ല…….
Super