താളവാദ്യങ്ങളുടെ മൂലസ്വരൂപങ്ങൾ
അങ്ങനെ ദേവദാസീ സമ്പ്രദായം അവസാനിച്ചുവെങ്കിലും നൃത്തങ്ങൾ രൂപവൈവിദ്ധ്യം പ്രാപിച്ച് ആരാധാനാലയങ്ങളിൽ ഇന്നും പ്രമുഖരൂപംകൊണ്ട് നിലനിൽക്കുന്നുവെന്ന് പറയാം. ഈ നൃത്തത്തിനും അകമ്പടിയായോ അല്ലാതെയോ വാദ്യങ്ങൾ വിരാജിയ്ക്കുന്നു. നടരാജൻ്റെ ഢക്ക തന്നെയാണല്ലോ നമ്മുടെ ഇടയ്ക്കയായി മാറിയത്.(സംസ്കൃതത്തിലെ രവിശബ്ദം ദ്രാവിഡ ഭാഷയിൽ ഇരവിയായി മാറിയതുപോലെ).64 കലാവിദ്യകളെയും പ്രതിനിധാനം ചെയ്യുന്ന കുണുക്കുകൾ ഇതിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഇടയ്ക്ക വാദ്യരാജാവാണ്. ഇടയ്ക്ക വെറുമൊരു വാദ്യോപകരണം മാത്രമല്ല. അത് ഒരു സംഗീതോപകരണം കൂടിയാണ്.അത് സോപാനസംഗീതത്തിൻ്റെ ആവശ്യഘടകവുമാണ്.അഷ്ടപദി എന്ന ഗീതാഗോവിന്ദമാകുന്ന രാസലീലാകാവ്യം 13-ാം നൂറ്റാണ്ടോടുകൂടി വിരചിയ്ക്കപ്പെട്ടു. കേരളത്തിൽ സോപാനത്തിൽ അത് സ്ഥാനം പിടിച്ചു. ഇതല്ലാതെ മറ്റനേകം സ്തോത്രങ്ങളും സോപാനത്തിനടുത്തുവെച്ച് ഇടയ്ക്ക സഹിതം ആലാപിക്കാറുണ്ട്. ഈ ഇടയ്ക്കയുടെ കൊച്ചനുജൻ മാത്രമാണ് ശ്രുതിമനോഹരങ്ങളായ ശബ്ദമുതിർക്കുന്നതിമല. അതിൻ്റെ മറ്റൊരു പതിപ്പാണ് മദ്ദളം. ഇവയെല്ലാം വേദ വാദ്യത്തിൽപ്പെടുന്നവയാണ്. അസുരവാദ്യമെന്നു സങ്കല്പിക്കുന്ന ചെണ്ടയുടെ വലന്തല ദേവവാദ്യമാണെന്നതും നാം ഓർക്കണം. കേരളത്തിൽ ആവിഷ്കൃതങ്ങളായ ഇത്തരം വാദ്യ വിശേഷങ്ങൾ മറ്റു രൂപം പ്രാപിച്ച് ഇതര സംസ്ഥാനങ്ങളിൽ കാണാൻ കഴിയും. ദേവൻ്റെ നിത്യപൂജയിൽ സോപാനത്തിനടുത്ത് ഇത്തരം വാദ്യ വിശേഷണങ്ങൾ ദേവദർശനാനുഭൂതിയുടെ മാറ്റുകൂട്ടുന്നു. പടഹം, ഭേരി തുടങ്ങിയ രണ വാദ്യങ്ങളും ഇന്നും പല ക്ഷേത്രങ്ങളിലും കാണാൻ കഴിയും. അവയുടെ വേറെവേറെയും ഒന്നിച്ചുമുള്ള കലാരൂപങ്ങളും കലാശില്പങ്ങളും ഇന്നും വികസ്വരമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പ്രചലിതമായ പഞ്ചവാദ്യ(ഇടയ്ക്ക, തിമല, മദ്ദളം, ശംഖ്, കൊമ്പ് തുടങ്ങിയവ) രൂപത്തിന് രണ്ടു നൂറ്റാണ്ടുകളോളം തന്നെ പഴക്കമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ശംഖധ്വനിയുടെ രഹസ്യം
അനുഷ്ഠാന വാദ്യഘോഷങ്ങളുടെ ആദിയിങ്കൽ ശംഖം മുഴക്കുക പതിവുണ്ട്. ശരിയായ ശംഖനാദം “ഓംകാരധ്വനി “തന്നെയാണെന്ന് പറയാം. ദീർഘ പ്രണവമായ ശംഖനാദം മുഴക്കുന്നത് മംഗളകരമത്രേ. പഴയകാലത്ത് രണവാദ്യവും കൂടിയായിരുന്നു ശംഖം. ശബ്ദത്തിൻ്റെ അഥവാ സ്പന്ദനങ്ങളുടെ ഊർജ്ജചലനങ്ങളുടെ പശ്ചാത്തലമായ ആകാശത്തേയാണ് ശംഖം പ്രതിനിധാനം ചെയ്യുന്നത്. ശം എന്നാൽ മംഗളമെന്നും ഖം എന്നാൽ ആകാശമെന്നും ഉള്ള അർത്ഥമെടുത്താൽ ഇത് മനസ്സിലാക്കാം.
ശംഖനാദം അങ്ങനെ എല്ലാ ശബ്ദ സ്പന്ദനങ്ങളുടേയും ആദിമരൂപമായ പ്രണവധ്വനിയ്ക്ക് സദൃശ്യമാണ്. ക്ഷേത്രവാദ്യങ്ങൾ ഇങ്ങനെയാണ് രൂപംകൊണ്ടത്.
ഉത്സവരൂപം തന്ത്രസമുച്ചയത്തിൽ
ഈ വക വാദ്യവിശേഷങ്ങളെ തന്ത്രസമുച്ചയത്തിലെ ഉത്സവപടലമായ 9-ാം പടലത്തിൽ 116-ാം ശ്ലോകത്തിൽ ഇങ്ങനെ കൊടുത്തിരിക്കുന്നു.
ശംഖപ്രേംഖച്ചടുലപടഹോത്താളതാളോരുഭേരി
രംഗച്ഛൃംഗോഡ്ഡ മരഡമരൂദ്ദീപ്രവീണാപ്രവീണാ:
ഢക്കാ ഢുക്കാ വിരളമുരളീ കർമ്മഠാശ്ചാഭിയായു:
സ്ഫായദ്ദീപാസ്തമിഹ മഹിതോദ്ദാമഹേളാ മഹേളാ:
അർത്ഥം:
ശംഖധ്വനിയോടുകൂടി ശബ്ദിച്ചിരിക്കുന്ന നല്ല പെരുമ്പയോടും നല്ല ശബ്ദമായിരിക്കുന്ന ചേങ്കല, കൈമണി ഇവയോടും നല്ലതായി വലുതായിരിക്കുന്ന ചെണ്ടകളോടും, കൊമ്പ്, കുഴൽ ഇവയോടും ബന്ധിച്ചിരിക്കുന്ന തിമല (ഡമര), കടുന്തുടി(ഡമരു) ഇവയോടും വീണാശബ്ദത്തോടുംകൂടി ഇരിയ്ക്കുന്ന സമർത്ഥരായിരിക്കുന്ന വാദ്യക്കാരും എടയ്ക്കയും (ഡക്കാ), മദ്ദളവും (ഢുക്ക), നല്ല ശബ്ദമുള്ള മുരളികളും ശബ്ദിപ്പിയ്ക്കുന്നേടത്ത് സമർത്ഥരായ വാദ്യക്കാരും ശോഭിച്ചിരിക്കുന്ന ദീപത്തെ എടുത്തു കൊണ്ട് നല്ല മുത്തുമാലകളെക്കൊണ്ടലങ്കരിച്ചിരിക്കുന്ന സ്ത്രീകളും ദേവൻ്റെ മുമ്പിൽ നടക്കണം.
തുടരും