ബെർഗാമോ: തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം അറ്റ്ലാന്‍റയെ വീഴ്ത്തി റയൽ.നോക്കൗട്ട് റൗണ്ട് സാധ്യത ഭീഷണിയിലായ സ്പാനിഷ് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അറ്റ്ലാന്റയെ വീഴ്ത്തിയത്.റയലിനായി സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ വലകുലുക്കി. ചാൾസ് ഡി കെറ്റെലറെ, അഡെമോളെ ലുക്ക്മാൻ എന്നിവരാണ് ഇറ്റലി ക്ലബിന്‍റെ ഗോൾ സ്കോറർമാർ.
മത്സരത്തിൽ 10ാം മിനിറ്റിൽ ബ്രാഹിം ഡിയാസിന്റെ പാസിൽനിന്ന് ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ചാമ്പ്യൻസ് ലീഗിൽ താരത്തിന്‍റെ 50ാം ഗോളാണിത്. സീസണിൽ റയലിനായി താരത്തിന്‍റെ 12ാം ഗോളും. ഇതിനിടെ താരത്തിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത് റയലിന് തിരിച്ചടിയായി. 36ാം മിനിറ്റിൽ പകരക്കാരനായി ബ്രസീൽ താരം റോഡ്രിഗോ ഗ്രൗണ്ടിലെത്തി.ആദ്യ പകുതിയിലെ ഇൻജുറി ടൈമിൽ (45+2) ചാൾസ് ഡി കെറ്റെലറെയിലൂടെ അറ്റ്ലാന്റ സമനില പിടിച്ചു. ബോക്സിനുള്ളിൽ സീഡ് കൊലാസിനാക്കിനെ ഫൗൾ ചെയ്തതിനാണ് അറ്റ്ലാന്‍റക്ക് അനുകൂലമായി സ്പോട്ട് കിക്ക് വിധിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച റയൽ പരിക്ക് ഭേദമായി തിരിച്ചെത്തിയ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിലൂടെ വീണ്ടും മുന്നിലെത്തി. 56ാം മിനിറ്റിലായിരുന്നു ഗോൾ. മൂന്ന് മിനിറ്റിനുള്ളിൽ വിനീഷ്യസിന്‍റെ അസിസ്റ്റിൽനിന്ന് ബെല്ലിങ്ഹാം ടീമിന്‍റെ മൂന്നാം ഗോളും നേടി. 65ാം മിനിറ്റിൽ ലുക്ക്മാൻ അറ്റ്ലാന്‍റയുടെ തോൽവി ഭാരം കുറച്ചു.എംബാപ്പെ 79 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽനിന്നാണ് 50ാം ഗോൾ നേട്ടത്തിലെത്തിയത്. ചാമ്പ്യൻസ് ലീഗിന്‍റെ ചരിത്രത്തിൽ ഗോളുകളിൽ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് (25 വയസ്സും 356 ദിവസവും).