Sunday, October 27, 2024
Homeമതംസുവിശേഷ വചസ്സുകൾ (88) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (88) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ദിവ്യദർശനങ്ങളെ കാണുക( യെഹ.1:1-5)

“മുപ്പതാം ആണ്ട് നാലാം മാസം അഞ്ചാം തീയതി, ഞാൻ കേബാർ നദീ തീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറന്നു; ഞാൻ ദിവ്യ ദർശനങ്ങളെ കണ്ടു” (വാ.1).

യെഹസ്ക്കേൽ പ്രവാചകൻ, ദൈവദർശനങ്ങൾ കണ്ടു തുടങ്ങിയതിന്റെ, പ്രഥമ വിവരണമാണു ധ്യാന ഭാഗത്തു നാം വായിക്കുന്നത്. പിന്നീടു ദർശനങ്ങൾ തുടർമാനമായി തന്റെ ജീവിതത്തിൽ ഉണ്ടായി എന്നു നമുക്കറിയാം? ഇപ്രകാരം ഒരു ദർശനം ആ സമയത്തു ഒരിക്കലും താൻ പ്രതീക്ഷിച്ചു കാണുകയില്ല. തനിക്കു
പ്രവാചക പാരമ്പര്യമില്ലായിരുന്നു. താനൊരു പുരോഹിതനായിരുന്നു. പ്രവാസികളോടൊപ്പം, ഒരു പ്രവാസിയായി ബാബിലോണിൽ കഴിഞ്ഞിരുന്നപ്പോഴാണ്, താൻ ദർശനങ്ങൾ കാണാൻ ആരംഭിച്ചത്.

പഴയ നിയമത്തിൽ, പുരോഹിതന്മാർക്കും, പ്രവാചകന്മാർക്കും ആയിരുന്നു ദൈവം നിയോഗങ്ങൾ നൽകിയിരുന്നത്. എന്നാൽ, പുതിയ നിയമ പാരമ്പര്യത്തിൽ, എല്ലാ ശുശ്രൂഷകളും എല്ലാവർക്കുമായി നൽകപ്പെട്ടിരിക്കുന്നു. പഴയ നിയമത്തിൽ, ലേവ്യർക്കും അഹരോന്റെ വംശാവലിയിൽ പെട്ടവർക്കും മാത്രമാണ് പുരോഹിത പദവി നൽകിയിരുന്നത്. എന്നാൽ, പുതിയ നിയമത്തിൽ, സഭ ആകമാനം, “രാജകീയ പുരോഹിത വർഗ്ഗം” ആണ്(1 പത്രൊ. 2:9). ഒപ്പം, നാം ക്രിസ്തുവിന്റെ സ്ഥാനാപതികളും പ്രവാചകരുമാണ്. കേബാർ നദീതീരത്തു വെച്ചാണ്
യെഹസ്ക്കേൽ ദിവ്യ ദർശനങ്ങൾ കണ്ടത്. ദിവ്യ ദർശനങ്ങൾ എന്നാൽ, ദൈവം
നൽകുന്ന ദർശനങ്ങൾ എന്നാണർത്ഥം. ദൈവാഭിമുഖമായി ജീവിക്കുന്നവർക്കു മാത്രമേ അതു കാണാനാകൂ.

ദൈവത്തെ കാണാതെ, എന്നും ലോകത്തെ മാത്രം കണ്ടുകൊണ്ടിരിക്കുന്നവർ
ക്കു ദൈവീകരായി തീരാനോ, ദൈവീക ദർശനങ്ങൾ കാണാനോ സാദ്ധ്യമല്ല. കനാൻ യാത്രയ്ക്കു മുമ്പ്, അബ്രഹാം ദൈവത്തെ കണ്ടു (ഉല്പ. 12:1-3). ജനത്തെ വിടുവിക്കുന്ന ശുശ്രൂഷയ്ക്കു വേണ്ടി മിസ്രയീമി ലേക്കു പോകുതിനു മുമ്പ്, മോശെ ദൈവത്തെ കണ്ടു (പുറ.3:2,3). യെശയ്യാവു ശുശ്രൂഷയ്ക്കു വേണ്ടി ഒരുക്കപ്പെടുമ്പോൾ, മഹത്വവാനായ ദൈവത്തെ കണ്ടു (യെശ. 6:1). ദാനിയേൽ ബാബേലിൽ സർണ്ണ സിംഹാസനത്തിൽ വാണരുളുന്ന ദൈവത്തെ കണ്ടു (ദാനി. 7:9). യോഹന്നാൻ പത്മോസിൽ വെച്ചു ആത്മവിവശതയിൽ മഹിമാവാനായ ദൈവത്തെ കണ്ടു
(വെളി. 4:2). ദൈവം, താൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കു ദൈവീക ദർശനങ്ങൾ നൽകിക്കൊണ്ടിരിക്കും. നാമും ദൈവീക ദർശനം പ്രാപിച്ചു
ദൈവീക ഉദ്ദേശ്യങ്ങളുടെ നിവൃത്തിക്കായി തന്നോടൊപ്പം പ്രവർത്തിക്കണമെന്നാണ്, ദൈവം ആഗ്രഹിക്കുന്നത്. നമക്കതിനു കഴിയട്ടെ?

ചിന്തയ്ക്ക്: ദർശനം ഇല്ലാത്തിടത്തു ജനം വഴി തെറ്റി നടക്കുന്നു!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments