Tuesday, October 22, 2024
Homeകഥ/കവിതഒരു സൂത്രക്കാരി അമ്മച്ചി (ഒരു കുടുംബ കഥ) ✍സി ഐ ഇയ്യപ്പൻ

ഒരു സൂത്രക്കാരി അമ്മച്ചി (ഒരു കുടുംബ കഥ) ✍സി ഐ ഇയ്യപ്പൻ

സി ഐ ഇയ്യപ്പൻ

അപ്പനും, ബാബുവും, സഹോദരനും, ആ നാട്ടിലെ പ്രമുഖ മൊത്ത വ്യാപാരികളാണ്.
കല്യാണം കഴിഞ്ഞ് ആദ്യത്തെ ക്രിസ്തുമസിന് ഭാര്യവീട്ടിൽ പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ തയ്യാറെടുപ്പിലാണ് ബാബു. ആദ്യം അങ്ങാടിയിൽ പോയി, ബേക്കറിയിൽ ചെന്ന് ഒരു നല്ല സാമാന്യം വലിപ്പമുള്ള, ബേക്കറിക്കാരുടെ ആ വർഷത്തെ പ്രത്യേക കേക്ക് ഒന്ന് പറഞ്ഞുറപ്പിച്ചു. കമ്പിത്തിരി, ലാത്തിരി, പടക്കം മുതലായ കരിമരുന്നു സാധനങ്ങൾ കുറച്ചു വാങ്ങി വീട്ടിൽ ചെന്നപ്പോഴാണ്, ഭാര്യ പറയുന്നത് അവരുടെ നാട്ടിൽ നല്ല പച്ചമീൻ കിട്ടില്ല എന്ന കാര്യം. ഉടനെ മീൻചന്തയിൽ പോയി ബാബുവിന് പരിചയമുള്ള മീൻ കച്ചവടക്കാരന്റെ അടുത്ത് ചെന്ന്, ക്രിസ്തുമസിന്റെ തലേദിവസം ഉച്ചതിരിഞ്ഞ് വരുമ്പോൾ അന്ന് കിട്ടുന്നതിൽ ഏറ്റവും നല്ല മീൻ, രണ്ടോ മൂന്നോ കിലോ വെടിപ്പാക്കി വെക്കാൻ പറഞ്ഞുറപ്പിച്ചു.

ഭാര്യവീട്ടിൽ പോകുമ്പോൾ തന്റെ അന്തസ്സിന് ചേർന്ന വിധം മാന്യത കാത്തുസൂക്ഷിക്കണമല്ലോ .ക്രിസ്തുമസിന്റെ തലേദിവസം ബാബു ടൗണിൽ പോയി ബേക്കറിയിൽ ചെന്ന് കേക്ക് വാങ്ങി കാറിൽ വച്ചു. മീൻ ചന്തയിൽ പോയി. പറഞ്ഞുറപ്പിച്ച പ്രകാരം,രണ്ടര കിലോ മീൻ, വെടിപ്പാക്കി, മുറിച്ച്, ഉപ്പും മഞ്ഞളും തേച്ചു ചെറുനാരങ്ങയും പിഴിഞ്ഞ് വച്ചിരുന്നു. അധികം നേരം മീൻ കേടുകൂടാതെ ഇരിക്കുന്നതിന് മീൻകാർ ചെയ്യുന്ന ഒരു സൂത്ര പണിയാണത്.

ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട് ഭാര്യവീട്ടിലേക്ക്. അവിടെ ചെന്നപ്പോൾ അപ്പച്ചൻ ഇവരെ കാത്ത്, വീടിന്റെ മുന്നിൽ തന്നെ ഇരുന്നിരുന്നു. ഇവരെ കണ്ടതും ഗേറ്റ് തുറന്നു കൊടുത്ത് വീട്ടിലേക്ക് നോക്കി ദേ…… അവര് വന്നൂട്ടോ, എന്ന് പറഞ്ഞ് വീട്ടുകാരെ അറിയിച്ചു. ഭാര്യ കേക്കിന്റെ കവറുമായി വീട്ടിലേക്കിറങ്ങി. അമ്മച്ചി സാരിത്തുമ്പിൽ കൈ തുടച്ചും, കൂടെ ചേട്ടന്റെ ഭാര്യയും, ഇവരെ സ്വീകരിക്കാൻ ഓടി വന്നു.ബാബു മീൻ സഞ്ചിയും, വാങ്ങിയ മറ്റു സാധനങ്ങളുമായി, വീട്ടിലേക്ക് കയറി. ഭാര്യ അകത്തേക്ക് കടന്നതും പിന്നെ മാലപ്പടക്കത്തിനു തീ കൊളുത്തിയപോലെ പൊട്ടിച്ചിരിയും, ഉറക്കെയുള്ള സംസാരവും കൊണ്ട് ആകെ ബഹളമായമായി. നാത്തൂനും, നാത്തൂനും കൂടിയാൽ അങ്ങിനെയാണ്. അങ്ങിനെ ആ വീട്ടിൽ ക്രിസ്തുമസിന്റെ ആഘോഷങ്ങൾക്കു തുടക്കമായി.

അളിയൻ സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോയിരിക്കയാണ്‌. ഭാര്യ ബാബുവിനെ, അവരുടെ കിടപ്പുമുറിയിലേക്ക് കൂട്ടികൊണ്ടുപോയി.വീട്ടിൽ ധരിക്കാനുള്ള കൈലിയും ഷർട്ടും എടുത്തു കൊടുത്തു ബാബു കയ്യും മുഖവും കഴുകി, വസ്ത്രം മാറി മുറിക്കു വെളിയിൽ വന്നപ്പോൾ അമ്മച്ചിയുടെ വിളി വന്നു. ചായ തയ്യാറായിട്ടുണ്ട്, ചൂടാറുന്നതിനു മുമ്പ് വന്ന് കഴിക്കാനുള്ള ക്ഷണമായിരുന്നു അത്. ചായ കുടിക്കാൻ വന്നപ്പോൾ മേശ നിറയെ പലഹാരങ്ങൾ വച്ചിരുന്നു. ചായകുടി കഴിഞ്ഞ്, ബാബു വീടിന്റെ മുന്നിലുള്ള വഴിയിലൂടെ സായാഹ്ന സവാരിക്കിറങ്ങി.

വൈകുന്നേരം ഭക്ഷണത്തിനിരിക്കുമ്പോൾ ആണ് അളിയനും, അളിയനും തമ്മിൽ കാണുന്നത്. അളിയനും, ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥരാണ്. അപ്പച്ചൻ സ്കൂൾ മാഷാണ്. വിരമിക്കാൻ ഇനിയും വർഷങ്ങൾ ബാക്കിയുണ്ട്.

ഭക്ഷണം കഴിക്കുന്നതിനിടക്ക്, 12 മണിക്ക് പാതിരാ കുർബാനക്ക് പോകാനുള്ളതുകൊണ്ട്,രാത്രി വേഗം ഉറങ്ങാൻ കിടക്കാൻ അപ്പച്ചൻ എല്ലാവരെയും ഓർമിപ്പിച്ചു.

എല്ലാ കാര്യങ്ങൾക്കും ചിട്ട പാലിക്കണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവക്കാരനാണ് മാഷ്. ബാബുവും കുറച്ചൊക്കെ അങ്ങിനെത്തന്നെയുള്ള ആളാണ്. രാത്രി 11മണിയായപ്പോൾ മാഷിന്റെ മുറിയിൽ അലാറം മുഴങ്ങി. മാഷെഴുന്നേറ്റ് വീടിന്റെ അകത്തെ പ്രധാനമുറികളിൽ ലൈറ്റുകൾ കത്തിച്ചു. കിടപ്പുമുറികളിൽ ചെന്നു വാതിൽ മുട്ടിവിളിച്ചു. പിന്നെ മാഷ് പള്ളിയിൽ പോകാനുള്ള ഒരുക്കം തുടങ്ങി. അമ്മച്ചി കട്ടൻകാപ്പി തയ്യാറാക്കി മേശമേൽ വച്ചു. അമ്മച്ചിയും ഒരുങ്ങി തുടങ്ങി.

മാഷും, ബാബുവും ഒരുങ്ങികഴിഞ്ഞപ്പോൾ, മാഷ് പറഞ്ഞു അവർ വരട്ടെ,നമുക്ക് പള്ളിയിലേക്ക് പോകാം.5 മിനിറ്റ് മുമ്പ് എത്തുന്ന പതിവ് ഒരിക്കലും തെറ്റിക്കണ്ട.
കുർബാനയും, ഉണ്ണിയേശുവിന്റെ തിരുപിറവിയും കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ എല്ലാ വീടുകളിലും നക്ഷത്രങ്ങളും, മാലബൾബുകളും കത്തിച്ചിട്ടുണ്ട്. നാനാജാതി മതസ്ഥർ ക്രിസ്തുമുസ് ആഘോഷിക്കുന്നുണ്ട് എന്ന് ചുരുക്കം.ചില വീടുകളുടെ മുറ്റത്ത്, പടക്കം കത്തിച്ചതിന്റെ തുണ്ട് കടലാസ്സുകൾ കാറ്റത്തു പറന്ന് നടക്കുന്നു. പടക്കവും, ചെറിയ കരിമരുന്നു പ്രയോഗവും നടത്തിയ ശേഷം, ഡിസംബറിന്റെ തണുപ്പിൽ, മൂടിപ്പുതച്ച് വീണ്ടും കിടന്നുറങ്ങും. കാലത്ത് ആറ് മണിക്ക് ക്രിസ്തുമസിന്റെ അന്നത്തെ അവസാന കുർബാന കാണാൻ കിടക്കപ്പായയിൽ നിന്ന് തപ്പിതടഞ്ഞ് എഴുന്നേറ്റ് പള്ളിയിലേക്കോടും

പള്ളിയിലേക്ക് പോയ അമ്മച്ചിയും ബാക്കിയുള്ളവരും വീട്ടിൽ തിരിച്ചെത്തിയ ശേഷം, ബാബുവും അളിയനും കൂടി ഒരു ചെറിയ കരിമരുന്നു പ്രയോഗം വീട്ടിൽ നടത്തി. അടുത്ത വീടുകളിൽ ചിലതു ക്രിസ്തുമസിന് പടക്കം പൊട്ടിച്ച് ആഘോഷിക്കാത്തവയുണ്ട്. പാതിരക്കു അവർക്കു ശല്ല്യം ആവരുതല്ലോ! അതുകൊണ്ട് പടക്കം ഒരു കുലയിൽ ഒതുക്കി. കമ്പിതിരി, ലാത്തിരി മുതലായവ കത്തിച്ചു. ആ വീട്ടിലെ ഇപ്പോഴത്തെ കുട്ടികൾ, അളിയനും ഭാര്യയും, ബാബുവും ഭാര്യയും ആണ്.അത് കൊണ്ട് കുട്ടികൾ സാധാരണചെയ്യുന്ന പടക്കം പൊട്ടിക്കൽ മുതലായവ ഇവരാണ് ചെയ്യുന്നത്.കയ്യും മുഖവും കഴുകി എല്ലാവരും വീണ്ടും ഉറങ്ങാൻ കിടന്നു.നേരം വൈകി ഉറങ്ങാൻ കിടന്നതു കൊണ്ട്, കാലത്ത് എഴുന്നേൽക്കാൻ കുറച്ച് വൈകി. അമ്മച്ചി നേർത്തെ തന്നെ എഴുന്നേറ്റ് വട്ടേപ്പത്തിന്റെ പണി തുടങ്ങിയിരുന്നു.

ഓരോരുത്തരായി എഴുന്നേറ്റു കുളിയും മറ്റും കഴിഞ്ഞ് വന്നപ്പോൾ സമയം കാലത്ത് എട്ടുമണിയോടടുത്തെത്തി, എല്ലാവരും ഭക്ഷണമേശക്ക് ചുറ്റുമിരുന്നു.
ഉണ്ണിയേശുവിന്റെ ജന്മദിനത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് മാഷിന്റെ ഉപദേശത്തോടെയാണ് ആഘോഷം തുടങ്ങിയത്. മാഷ് പറഞ്ഞു രണ്ടായിരം വർഷങ്ങൾക്ക് മുമ്പാണ് യേശുക്രിസ്തു ജനിച്ചതെങ്കിലും ഇന്ന് നാം ഉണ്ണിയേശു എന്നാണ് വിളിക്കുന്നത്‌. ഒരു ചിത്രകാരന്റെ ഭാവനയാണെങ്കിലും ഹൃദയത്തിൽ ഈശ്വരൻ വസിക്കുന്നതായിട്ടുള്ള ചിത്രം നാം കണ്ടിട്ടുണ്ട്. സത്യത്തിൽ ഈശ്വരൻ ചൈതന്യമായി നാം ഓരോരുത്തരുടെയും ഹൃദയത്തിലാണ് ഉള്ളത്. ഈശ്വരൻ അരൂപിയാണ്. ശരീരമില്ലാത്ത ചൈതന്യമാണ്. ഈശ്വരനെ നമുക്ക് കാണാൻ കഴിയില്ല, അനുഭവിക്കാനേ സാധിക്കൂ. നമ്മുടെ ഹൃദയത്തിലുള്ളഈശ്വരനെ തേടി ഒരിടത്തും അലയേണ്ട കാര്യമില്ല.ധ്യാനം ചെയ്യുന്നതിലൂടെ ഈശ്വരനുമായി ഒന്നാകാൻ സാധിക്കുന്നു. എല്ലാദിവസവും ഞാൻ കാലത്ത് നാലുമണിക്ക് എഴുന്നേറ്റ് ധ്യാനിക്കാനിരിക്കാറുണ്ട്. കയ്യും മുഖവും കഴുകി കസ്സേരയിൽ ഇരിക്കും.കണ്ണുകൾ അടച്ച് എന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ഈശ്വരനുമായി മിണ്ടിയും പറഞ്ഞും ഇരിക്കും. എന്റെ സന്തോഷങ്ങൾ, ആവലാതികളെല്ലാം എന്റെ ഒരാത്മമിത്രത്തിന്റെ സ്വാതന്ത്ര്യത്തോടെ പങ്ക് വക്കും. അങ്ങനെ ഒരു മണിക്കൂറാണ് ഞാൻ ഇരിക്കാറ്. വേണമെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാം.ഇതാണ് ക്രിസ്തുമസ് സന്ദേശമായി എനിക്ക് നൽകാനുള്ളത്. തുടർന്ന് ക്രിസ്തുമസ്സിന്റെ ആഘോഷങ്ങൾ തുടങ്ങി.

ആദ്യം ബാബു കൊണ്ടുവന്ന കേക്ക് മുറിക്കാൻ ബാബുവിനെയും, ഭാര്യയെയും ക്ഷണിച്ചു. അവർ കേക്ക് മുറിച്ച്, അപ്പച്ചനും അമ്മച്ചിക്കും, അളിയനും, ഭാര്യക്കും വായിൽ വച്ചു കൊടുത്തു.അതിനുശേഷം മാഷ് എഴുതി ചിട്ടപ്പെടുത്തിയ ഉണ്ണിയേശുവിനു ജന്മദിനം ആശംസിച്ചുകൊണ്ടുള്ള പാട്ട് എല്ലാവരും ചേർന്ന് പാടി. എല്ലാവരും തമ്മിൽ തമ്മിൽ കെട്ടിപിടിച്ച് ആശംസകൾ കൈമാറി.
ബാബു കൊണ്ടുവന്ന കേക്കിന്റെ രുചി പറഞ്ഞ് എല്ലാവരും ബാബുവിനോട് നന്ദി പറഞ്ഞു.
അതുകേട്ട് ബാബുവിനും ഭാര്യക്കും സന്തോഷമായി. അമ്മച്ചി അടുക്കളയിൽ പോയി ചൂടുള്ള വട്ടേപ്പം കൊണ്ടുവന്ന് എല്ലാവരുടെയും പാത്രത്തിൽ വച്ചു. വട്ടേപ്പം കഴിച്ച ബാബു ആശ്ചര്യം കൊണ്ട് വാ പൊളിച്ചിരുന്നു. അമ്മച്ചിയോടു ഇതുപോലുള്ള വട്ടേപ്പം ഉണ്ടാക്കാനുള്ള വിദ്യ പറഞ്ഞുതരുമോ എന്ന് ചോദിച്ചു, എന്റെ അമ്മക്ക് പറഞ്ഞുകൊടുക്കാനാണെന്നും, തന്റെ ജീവിതകാലത്തിനിടക്ക് ഇത്രക്ക് മയവും, സ്വാദും ഉള്ള ഒരു വട്ടേപ്പം കഴിച്ചിട്ടില്ല എന്നും പറഞ്ഞു.അമ്മച്ചി പറഞ്ഞു….ഇതിവൾക്ക് ഉണ്ടാക്കാനറിയാമല്ലോ!ഇത്ര കാലമായിട്ടും നീ ബാബുവിന് ഉണ്ടാക്കി കൊടുത്തില്ലേ… മടിച്ചി എന്ന് പറഞ്ഞ് മകളെ കളിയാക്കി. വീട്ടിൽ തിരിച്ചെത്തിയാൽ, ബാബുച്ചേട്ടന് വട്ടേപ്പം ഉണ്ടാക്കി കൊടുത്തിട്ടേ ബാക്കികര്യമുള്ളു എന്ന് ഭാര്യ പറഞ്ഞു.25 ദിവസത്തെ മത്സ്യ മാംസാദികൾ കഴിക്കാതെയുള്ള നോമ്പ് വീടുന്ന ദിവസമായത് കൊണ്ട് ക്രിസ്തുമസ്സിന് കാലത്തുള്ള ഭക്ഷണരീതികൾ അപ്രകാരമാണ് ചിറ്റപ്പെടുത്തിയിരുന്നത്.
ഭക്ഷണം കഴിഞ്ഞ് ബാബു പൂമുഖത്തിരുന്ന് പത്രത്തിലെ തലക്കെട്ടുകൾ വായിച്ചു. തുടർന്ന് കൂട്ടുകാർക്ക് ആശംസകൾ അറിയിക്കാനും ഫോൺചെയ്യാനും പൂന്തോട്ടത്തിലെ കസ്സേരയിൽ ചെന്നിരുന്നു.

അപ്പച്ചൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. എഴുത്തും വായനയുമായി അപ്പച്ചന്റെ മുറിയിൽ ഒതുങ്ങികൂടാനാണ് ആഗ്രഹം. അളിയൻ പൊതുവെ സംസാരപ്രിയനാണ്.സംസാരിക്കാൻ പല വിഷയങ്ങളും കാണും.ഗുണ്ട് കഥകൾ തന്നത്താൻ ഉണ്ടാക്കി പറയാൻ മിടുക്കനാണ്.തുടങ്ങി കിട്ടാനാണ് പ്രയാസം. ഏതായാലും കാലത്തെ ഭക്ഷണത്തിനു ശേഷം അളിയന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന് പറഞ്ഞപോലെയാണ്.ബാബു തന്നത്താൻ ഇരുന്ന് ബോറടിച്ചപ്പോൾ, കുറച്ച് നേരം മയങ്ങട്ടെ എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി കിടന്നു. ഉച്ചക്ക് ഊണ് കഴിക്കാറായപ്പോൾ ഭാര്യ വന്ന് ബാബുവിനെ വിളിച്ചുണർത്തി ഊണ് കഴിക്കാൻ കൂട്ടികൊണ്ട് പോയി. അവിടെ മേശമേൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിവച്ചിട്ടുണ്ട്. എല്ലാവരും കസേരയിൽ ഇരുന്നപ്പോൾ അമ്മച്ചി എല്ലാവർക്കും മീൻ വറുത്തത് വിളമ്പി. അമ്മച്ചിക്ക് പറഞ്ഞിട്ടും, പറഞ്ഞിട്ടും തീരുന്നില്ല ബാബു കൊണ്ടുവന്ന മീനിന്റെ ഗുണങ്ങൾ. ഓരോ മീൻ കഷ്ണങ്ങളും, സാമാന്യംനല്ല വലിപ്പമുള്ളവയായിരുന്നു. എല്ലാവരും ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അളിയൻ വന്നിരുന്നു.
അമ്മാ…. എനിക്ക് കുറച്ച് കഞ്ഞി മാത്രം മതി, തൊട്ട് കൂട്ടാൻ നാരങ്ങയും അച്ചാറും വേണം എന്ന് പറഞ്ഞു.എല്ലാം കഴിക്കാൻ ഉണ്ടായിട്ടും കഴിക്കാൻ സാധിക്കാത്ത അളിയന്റെ ഗതിയോർത്ത് ബാബുവിന് സങ്കടം വന്നു. അപ്പച്ചനടക്കം മറ്റാർക്കും അളിയന്റെ അവസ്ഥ കണ്ട് തരിപോലും സങ്കടം വരുന്നില്ല. എല്ലാവരും തമ്മിൽ തമ്മിൽ കളിയാക്കിയും തമാശകൾ പറഞ്ഞും പൊട്ടിച്ചിരിക്കുന്നുണ്ട്.അളിയനും പൊട്ടിച്ചിരിച്ച് സംസാരിക്കുന്നുണ്ട്. ബാബു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി വച്ചു.

പിറ്റേന്ന് രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ബാബുവും ഭാര്യയും അവരുടെ വീട്ടിലേക്ക് യാത്രയായി. യാത്രയിലുടനീളം ബാബു അളിയന്റെ ദുരവസ്ഥയെ പറ്റി പറഞ്ഞ് കൊണ്ടേ ഇരുന്നു. അപ്പോഴെല്ലാം ഭാര്യ ഒരു ചെറുരിയോടെ മാത്രം ഇരുന്നു.

മറ്റാർക്കും അളിയന്റെ കാര്യത്തിൽ ദുഖ:മില്ലെങ്കില്ലെങ്കിൽ എന്തോ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് കണ്ടുപിടിച്ചിട്ടു തന്നെ കാര്യം എന്ന് മനസ്സിലുറപ്പിച്ചു. ഭാര്യവീട്ടിലേക്ക് പിന്നെ പോയത് പള്ളിപരുന്നാളിന്റെ തലേന്നാണ്. രാത്രി പള്ളിയിൽ പോയി നേർച്ചയിട്ടു. പിറ്റേന്ന് ആഘോഷമായ പാട്ടുകുർബാനയിലും സംബന്ധിച്ചു. അപ്പോഴേക്കും ബാബുവിന്റെ പുതു മരുമകന്റെ പുതുമണം പോയിരുന്നു. വീടിന്റെ ഉള്ളിലെ എല്ലാ മുറികളിലും കയറാനുള്ള സ്വാതന്ത്ര്യം തന്നത്താൻ നടപ്പാക്കി.ആദ്യത്തെ തവണ ഭാര്യവീട്ടിൽ പോയിരുന്നപ്പോൾ കുറച്ച് നാണമൊക്കെ തോന്നിയിരുന്നു.കിടപ്പുമുറിയിലും ഉമ്മറത്തുമായി സമയം തള്ളിനീക്കി.

അങ്ങിനെ ഉച്ചക്ക് അടുക്കളയിൽ നിന്ന് കോഴിയ കറിയുടേയും, മീൻവരുത്ത് പൊരിച്ചതിന്റെയുമെല്ലാം മൂക്കിൽ കയറും വിധം മണം വന്നു. ബാബു മെല്ലെ അടുക്കളയിലേക്ക് ചെന്നെത്തി നോക്കി. ഉടനെ അമ്മച്ചിയുടെ വിളി വന്നു. ബാബുമോൻ ഇവിടെ വന്നിരിക്ക് എന്ന് പറഞ്ഞ് അടുക്കളയിലെ കസ്സേരയിൽ പിടിച്ചിരുത്തി.
അതിനു ശേഷം ഉണ്ടാക്കിയ കട്ലറ്റിൽ നിന്ന് രണ്ടെണ്ണം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് ബാബുമോനോട് ഉപ്പും എരിവും എങ്ങിനെയെന്ന് നോക്കാൻ പറഞ്ഞു.ബാബുവിന്റെ വീട്ടിൽ അടുക്കളയിൽ പോയി രുചി നോക്കുന്ന ഏർപ്പാട് ഇല്ലാത്തത് കൊണ്ട് ബാബുവിന് അത് പുതിയ ഒരു അനുഭവമായിരുന്നു.കറ്റ്ലെറ്റ് കഴിക്കുന്നതിനു മുമ്പ് ചുറ്റും കണ്ണോടിച്ചപ്പോൾ, ആരെയും ശ്രദ്ധിക്കാതെ നമ്മുടെ അളിയൻ, ഉപ്പ് എരിവ് എന്നിവ നോക്കുന്ന പരീക്ഷണത്തിലാണ്. മുന്നിലെ പാത്രത്തിൽ കോഴികറി കഴിച്ചതിന്റെ എല്ല് കൂമ്പാരവും ഉണ്ട്.

കാര്യങ്ങൾ തരക്കേടില്ല, അടുത്ത പ്രാവശ്യം വരുമ്പോൾ നേർത്തെ അടുക്കളയിൽ പോകണമെന്ന് മനസ്സിലുറപ്പിച്ചു.
മടക്കയാത്രയിൽ ബാബു ഭാര്യയോട് ചേട്ടന്റെ കഞ്ഞികുടിയുടെ കാര്യം പറഞ്ഞ് കളിയാക്കി. അപ്പോഴും ഭാര്യ ഒരു ചെറു ചിരിയോടെ മാത്രം എല്ലാത്തിനും മറുപടി കൊടുത്തിരുന്നു.

പിന്നെ ഭാര്യവീട്ടിലേക്ക് പോകുമ്പോൾ മരുമകൻ കൂടുതൽ പഴഞ്ചനായി.ഭാര്യ വീട്ടിൽ പോയി കാലത്തെ ഭക്ഷണത്തിനു ശേഷം അധികം താമസിക്കാതെ ബാബു അടുക്കളയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ അളിയൻ മൂരി ഇറച്ചി കട്ലറ്റ് മിഷനിൽ ഇട്ട് തിരിക്കുകയാണ്. ഇറച്ചിയിൽ കുറേശ്ശെ ചവ്വുള്ളത് കൊണ്ട് കുറച്ച് ബലം പ്രയോഗിചിട്ട് വേണം തിരിക്കുവാൻ.അളിയന്റെ ശരീരം വിയർത്തൊഴുകുകയാണ്.
അപ്പോഴാണ് ബാബുവിന് ഉപ്പും എരിവും നോക്കുന്നതിനു മുമ്പ് ഈ കഷ്ടപ്പാടുണ്ടെന്ന് അറിയുന്നത്. കുറച്ച് മടി കയ്യിലുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് അവിടെനിന്നും രക്ഷപ്പെടാൻ ഒരുങ്ങി നിൽക്കുമ്പോൾ അമ്മച്ചിയുടെ വിളിവന്നു. ബാബുമോൻ ഇവിടെ വന്നിരിക്ക്. ബാബുമോൻ ഇരുന്ന ശേഷം അമ്മച്ചി നല്ല ആവിപറക്കുന്ന ഉരുളക്കിഴങ്ങ് വേവിച്ചത് തോല് കളയാൻ ബാബുവിനെ ഏല്പിച്ചു. വേഗം തോല് കളയ്‌.ഇത് കട്ലട്ടിൽ
ചേർക്കാനുള്ളതാണ് എന്ന് അമ്മച്ചി യാതൊരു മടിയുമില്ലാതെ പറഞ്ഞു. അമ്മച്ചി ആളൊരു കൊച്ചു മിടുക്കിയാണ്. ആദ്യം മടി തീർക്കാൻ ചെറിയ പണി കൊടുത്തു തുടങ്ങിയതാണ്. ബാബുവിന് തന്റെ അന്തസ്സും, അഭിമാനവും, ചോർന്നത് പോലെ ഒരു തോന്നൽ ഉണ്ടായി.മെല്ലെ ഭാര്യയെ നോക്കിയപ്പോൾ
ഭാര്യയും ഉള്ളിൽ ചിരിച്ചുകൊണ്ട് ഒരു ഭവമാറ്റവുമില്ലാതെ ബാബുവിനെ നോക്കി. അമ്മച്ചി പറഞ്ഞു ഇവനുണ്ടല്ലോ, എന്റെ മകൻ, ചെറുപ്പം മുതൽ എന്റെ കൂടെ അടുക്കളയിൽ സഹായിച്ച് കൂടെയുണ്ടായിരുന്നു. ഇപ്പോൾ ഇവൻ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഏഴയലത്തു വരില്ല ഞാൻ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ. രണ്ടാൾക്കും ജോലിക്ക് പോകാനുള്ളതുകൊണ്ട് ഇവർ കാലത്ത് നേരത്തെ അടുക്കളയിൽ കയറും. കാലത്തെ ഭക്ഷണവും ഉച്ചക്ക് കൊണ്ടുപോകാനുള്ള വിഭവങ്ങളും റെഡിയാക്കി, പാത്രത്തിൽ ആക്കും.ഇവിടത്തെ മാഷ് അടുക്കളയിലേക്ക് എത്തിനോക്കില്ല. എന്തോ കൊഴിഞ്ഞുപോകുമെന്നാണ് മാഷിന്റെ വിചാരം. എല്ലാ ആണുങ്ങളുടെയും വിചാരം അടുക്കളപ്പണി വീട്ടിലെ സ്ത്രീകൾക്കുള്ളതാണെന്നാണ്. ഭക്ഷണത്തിൽ ഉപ്പുപോരാ, എരിവ് പോരാ, രുചി പോരാ എന്ന് മാത്രമേ ആണുങ്ങൾക്ക് പറയാനുള്ളു. ബാബുവിന്റെ ഭാര്യ നല്ലൊരു പാചകക്കാരിയാണല്ലോ, കൂടെയൊന്ന് സഹായിച്ചുകൂടെ. ബാബു നോക്ക്. പേരുകേട്ട എല്ലാ പാചക പ്രമാണികളും, ആണുങ്ങളല്ലെ

അങ്ങിനെ അങ്ങിനെ എന്തിന് പറയുന്നു പിന്നെ ഭാര്യ വീട്ടിൽ ചെന്നപ്പോൾ ബാബു അമ്മച്ചിക്ക് അവധി കൊടുത്ത്, ടിവി യോ മറ്റോ കാണാൻ പറഞ്ഞു വിട്ടു. അളിയനും അളിയനും, ഭാര്യമാരുമായി അങ്ങിനെ അടുക്കള സജീവമാക്കി. ഇന്ന് ബാബു നല്ല ഒരു പാചക കാരനാണ് അമ്മച്ചിക്ക് നന്ദി.

✍സി ഐ ഇയ്യപ്പൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments