റിയാദ്: സൗദി അറേബ്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1785 പേർ പിടിയിൽ. ഈ പ്രതികളടക്കം ഒരാഴ്ചക്കിടെ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച ആകെ 21,103 വിദേശികളാണ് അറസ്റ്റിലായത്. രാജ്യ വ്യവാപകമായി വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12,997 പേർ വിസ നിയമം ലംഘിച്ചവരാണ്. 5,657 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,449 പേർ തൊഴിൽനിയമ ലംഘകരുമാണ്.
അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,785 പേർ പിടിയിലായത്. ഇതിൽ 56 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും ഒരു ശതമാനം ഇതര രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളിൽ വെച്ച് 55 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമ ലംഘകർക്ക് ഗതാഗത, താമസ സൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നൽകിയവരുമായ 18 പേർ വേറെയും പിടിയിലായിട്ടുണ്ട്.
നിലവിൽ കസ്റ്റഡിയിലുള്ള 14,100 പേരുടെ നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇതിൽ 12,700 പേർ പുരുഷന്മാരും 1,380 പേർ സ്ത്രീകളുമാണ്. 4,800 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്. 2,558 പേരുടെ വിമാന ടിക്കറ്റ് റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്. ഈ കാലയളവിൽ 15,400 പേരെ നാടുകടത്തി. നിയമ ലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് ആവർത്തിച്ചു.