വ്യവസായ പ്രമുഖനും കേന്ദ്ര നിയമസഭാംഗവുമായിരുന്നു ഘനശ്യാംദാസ്. ദേശസ്നേഹിയായ അദ്ദേഹം ഗാന്ധിജിയുടെ അനുയായിയായതോടെ തന്റെ ജോലി രാജിവച്ചു. ബിർലാ സ്ഥാപനങ്ങളുടെ അധ്യക്ഷനായ അദ്ദേഹം ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് അധ്യക്ഷൻ കൂടിയായിരുന്നു.
ബംഗാൾ ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1957 പത്മഭൂഷൻ ലഭിച്ചു .സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതിരുന്നിട്ടും അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിക്കുക മാത്രമല്ല രാജസ്ഥാനിൽ 400 ലധികം സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.
ഒന്നാം ലോകമഹായുദ്ധകാലത്ത് കൽക്കത്തയിലെ ഒരു വ്യവസായ കമ്പനി തുടങ്ങിക്കൊണ്ടാണ് ബിർല വ്യവസായത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. ഉൾകാഴ്ചയും ചൈതന്യവും ബിർലയെ വ്യവസായ ശക്തിയുടെ ഉന്നതിയിലെത്തിച്ചു. തന്നെക്കാൾ 100 കൊല്ലത്തിൽ അധികം പഴക്കമുള്ള ടാറ്റാ വ്യവസായ ഗ്രൂപ്പിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ബിസിനസ്സുകാരനായി ബിർല മാറി.
ഗാന്ധിജിയുടെ ആജീവനാന്ത സുഹൃത്തായിരുന്നുവെങ്കിലും സാമ്പത്തിക വികസന കാര്യങ്ങളിൽ അദ്ദേഹം വ്യത്യസ്ത ചിന്തകൾ പുലർത്തി. ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരട് ബിർലയുടെ വീട്ടിൽ വച്ച് തയ്യാറാക്കി കൊണ്ടിരിക്കുമ്പോൾ അത് ബിർലയുടെ ബിസിനസിനെ ബാധിക്കുമോ എന്നോർത്ത് ഗാന്ധിജി അസ്വസ്ഥനായി. ക്ഷുഭിതനായ ബിർല എന്തുവന്നാലും കരട് തയ്യാറാക്കാൻ തന്റെ വീട്ടിൽ വച്ച് തന്നെ പൂർത്തിയാക്കണമെന്ന് നിർബന്ധം പിടിച്ചു. ബിർല ബിസിനസ്സുകാരൻ മാത്രമല്ല രാജ്യസ്നേഹി കൂടിയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.