🔹രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ ഇടിവ്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 67.4 ശതമാനമായിരുന്നു പോളിംഗ്. അസം 75.53, ബിഹാര്‍ 56.55, ഛത്തീസ്ഗഢ് 67.49, ഗോവ 74.47, ഗുജറാത്ത് 56.98, കര്‍ണാടക 68.85, മധ്യപ്രദേശ് 64.02, മഹാരാഷ്ട്ര 55.54, ഉത്തര്‍പ്രദേശ് 57.34, പശ്ചിമബംഗാള്‍ 73.93, കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു 65.23 എന്നിങ്ങനെയാണ് ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരമുള്ള പോളിങ് ശതമാനം.
🔹ബംഗ്ലദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അരലക്ഷത്തിലേറെ അഭയാര്‍ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ കഴിയുന്നതായി മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അസമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണു കണ്ടെത്തല്‍.
🔹മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.
🔹മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
🔹ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന പ്രതിഷേധത്തില്‍ നാലാംദിവസവും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂളുകാര്‍ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ആരെങ്കിലും വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം.
🔹കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്താനും അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള മാരീച് അറെ സംവിധാനം കെല്‍ട്രോണ്‍ നാവികസേനയ്ക്ക് കൈമാറിയെന്ന് മന്ത്രി പി രാജീവ്. 3 എണ്ണമാണ് അരൂരിലെ കെല്‍ട്രോണ്‍ യൂണിറ്റില്‍ നിന്ന് വിശാഖപട്ടണത്തേക്ക് കയറ്റി അയച്ചത്.
🔹വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷിന തുടര്‍ചികിത്സക്ക് ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹര്‍ഷിന പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. പണം സ്വരൂപിക്കാന്‍ ഈ മാസം 15 മുതല്‍ സമര സമിതി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും.
🔹ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു. ടെക്സസില്‍ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
🔹കഴക്കൂട്ടത്ത് ടിപ്പര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ വെട്ടുറോഡിലാണ് അപകടം നടന്നത്.
🔹ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.
🔹ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എന്‍സിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുന്നത്. പോളിംഗ് ബൂത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
🔹യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെന്‍ട്രലിലേയ്ക്ക് വന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ വീണുമരിച്ചത്.മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനു സമീപം 6.45നായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്കു വീഴുകയായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
🔹നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളും ഇന്‍ഫ്ലുവെന്‍സര്‍മാരും, പരസ്യനിര്‍മ്മതാക്കളെ പോലെ ഉത്തരവാദികളാണെന്ന് സുപ്രീം കോടതി. പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കും സോഷ്യല്‍മീഡിയാ ഇന്‍ഫ്ലുവെന്‍സര്‍മാര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.
🔹കരിപ്പൂരില്‍ രാവിലെ എട്ടു മണി മുതലുള്ള 6 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈത് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്.നിയമവിരുദ്ധ സമരം എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. എയര്‍ ഇന്ത്യയിലെ മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തില്‍ ഉള്ളത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്ര സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
🔹മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുൻപ് മാപ്പ് നൽകി സൗദി പൗരൻ. വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നൽകിയത്. മോചനദ്രവ്യം നൽകി വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ നിരവധി തവണ പ്രതിയുടെ ബന്ധുക്കൾ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇദ്ദേഹം വഴങ്ങിയിരുന്നില്ല.
സൗദി ഹഫർ അൽബാത്തിനിലെ സ്വദേശി പൗരൻ അൽഹുമൈദ് അൽ ഹർബിയാണ് മകന്റെ ഘാതകന് വധശിക്ഷയ്ക്ക് തൊട്ട് മുൻപ് മാപ്പ് നൽകിയത്. ശിക്ഷ നടപ്പിലാക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കവെ ഉദ്യോഗസ്ഥർ പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് അദ്ദേഹം മാപ്പ് നൽകുന്നതായി അറിയിച്ചത്. അത്ഭുതം എന്താണെന്നാൽ ഒരു നഷ്ടപരിഹാരവും കൂടാതെയാണ് നിരുപാധികം ഇയാൾ പ്രതിക്ക് മാപ്പ് നൽകിയത്.
അവസാന നിമിഷം തന്റെ മകന്റെ ഘാതകന് മാപ്പ് നൽകാൻ സർവ്വശക്തൻ തന്നെ പ്രേരിപ്പിച്ചുവെന്ന് അൽഹുമൈദ് അൽ ഹർബി പറഞ്ഞു. അതേസമയം, ലോകത്തെ മുഴുവൻ ഞെട്ടിച്ച ഈ വാർത്ത കണ്ട് പിതാവിനും കുടുംബത്തിനും അഭിനന്ദനങ്ങളും പ്രാർത്ഥനകളുമർപ്പിച്ച് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്.
🔹ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 20 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 36 പന്തില്‍ 65 റണ്‍സെടുത്ത അഭിഷേക് പോറലിന്റേയും 20 പന്തില്‍ 50 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മഗ്രൂക്കിന്റേയും 20 പന്തില്‍ 41 റണ്‍സെടുത്ത ട്രിസ്റ്റാന്‍ സ്റ്റബ്സിന്റേയും മികവില്‍ 221 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒറ്റക്ക് പൊരുതിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പതിനാറാം ഓവറില്‍ 46 പന്തില്‍ 86 റണ്‍സുമായി പൊരുതിയ സഞ്ജുവിനെ ടിവി അമ്പയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതായിരുന്നു രാജസ്ഥാന്റെ തോല്‍വിയില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്.
🔹ഓര്‍മ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ സാദിഖ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അഖില്‍ കാവുങ്കല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനൊപ്പം ഇന്ദ്രന്‍സും അപര്‍ണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി, ബിജു സോപാനം, കലാഭവന്‍ നവാസ്, വിജയകൃഷ്ണന്‍, മീര നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം എക്താ പ്രൊഡക്ഷന്‍സിന്റെ തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജോയ് ഫുള്‍ എന്‍ജോയ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം ഉടന്‍തന്നെ ആരംഭിക്കുന്നതാണ്. കോമഡി- എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്