ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുള്ളതാണ്. പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.
ഹരിതചട്ടവുമായും വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നല്‍കാന്‍ ലഘുലേഖയും ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ പരിഹരിക്കുന്നതിനും മാതൃകാ ബൂത്തില്‍ സൗകര്യമുണ്ട്. തെരഞ്ഞെടുപ്പ് ദിവസം വരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും.
ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നൂറ് ശതമാനം കോട്ടണ്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുളളതാവണം. വോട്ടെടുപ്പിന് ശേഷം പ്രചരണത്തിന് ഉപയോഗിച്ച ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അന്നുതന്നെ അഴിച്ചുമാറ്റുകയും മറ്റു മാലിന്യങ്ങള്‍ ഹരിതകര്‍മസേന, അംഗീകൃത ഏജന്‍സികള്‍ എന്നിവയ്ക്ക് കൈമാറുകയും വേണം. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി പത്മചന്ദ്രകുറുപ്പ്, സ്വീപ് നോഡല്‍ ഓഫീസര്‍ ബിനുരാജ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആകെ ബൂത്തുകള്‍ 1437
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍. ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ 1077 ആണ്. 360 ബൂത്തുകള്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആറന്മുള 246, കോന്നി 212, അടൂര്‍ 209, തിരുവല്ല 208, റാന്നി 202, പൂഞ്ഞാര്‍ 179, കാഞ്ഞിരപ്പള്ളി 181 പോളിങ് ബൂത്തുകളാണുണ്ടാകുക.
ജില്ലയില്‍ ആകെയുള്ളതില്‍ 1077 ബൂത്തുകളില്‍ 12 എണ്ണം പ്രശ്ന സാധ്യതയുള്ള ബൂത്തുകളാണ്. 115 സെന്‍സിറ്റീവ് ബൂത്തുകളും ജില്ലയിലുണ്ട്. ജില്ലയില്‍ അഞ്ച്് മണ്ഡലങ്ങളിലായി 50 പോളിംഗ് ബൂത്തുകള്‍ പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് ബൂത്തുകളുമാണ്.
മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്ക് 6898 ഉദ്യോഗസ്ഥര്‍
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത് 6898 ഉദ്യോഗസ്ഥര്‍. ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടാകും. 5748 ഉദ്യോഗസ്ഥരെയും 20 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. പോളിംഗ് ഡ്യൂട്ടിയുള്ളവര്‍ക്ക് രണ്ട് ഘട്ടമായി പരിശീലനം നല്‍കി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ വെല്‍ഫെയര്‍ കമ്മിറ്റി ഉറപ്പാക്കും. സെന്‍സിറ്റീവ് ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ടാവും. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ജില്ലയില്‍ ഉപയോഗിക്കുന്നതിന് ആകെ 1290 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുളളത്. റിസര്‍വ് മെഷീനുകള്‍ അടക്കം 1397 വിവിപാറ്റ് മെഷീനുകളും 1290 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ആരംഭിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് 21, 22 തീയതികളിലും വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് രേഖപ്പെടുത്താം. അവരവര്‍ക്ക് വോട്ടുള്ള നിയോജക മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന അസ്സിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ക്രമീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍, വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൈയ്യില്‍ കരുതണം.
വോട്ടിങ്ങ് കേന്ദ്രങ്ങള്‍
തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: റാന്നി സെന്റ് തോമസ് കോളജ്
ആറന്മുള: പത്തനംതിട്ട കാതലിക്കേറ്റ് കോളജ്
കോന്നി: കോന്നി എസ് എന്‍ പബ്ലിക് സ്‌കൂള്‍
അടൂര്‍ : അടൂര്‍ ഗവ.യു.പി.എസ്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് എച്ച് എസ് എസ്
പൂഞ്ഞാര്‍ : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് എച്ച് എസ് എസ്
മഷി പുരളാന്‍ ഇനി അഞ്ച് നാള്‍
ലോക്സഭ തെരഞ്ഞെടുപ്പിന് അഞ്ച് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയല്‍) മഷിയാണ് ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുകയെന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാന്‍.
കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍(എംവിപിഎല്‍) നിന്നാണ് സംസ്ഥാനത്തേക്ക് ആവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചത്.ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ടുചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലില്‍ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് ഓഫീസര്‍ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാല്‍ രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ട് വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും. തുടര്‍ന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധിവരെ ബ്രഷുകൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു ഫോര്‍മുലയാണ് ഈ സവിശേഷം വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.
പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതലക്കാരും അവരുടെ ചുമതലകളും
വരണാധികാരി (റിട്ടേണിംഗ് ഓഫീസര്‍)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സമയബന്ധിതമായി ഏകോപിപ്പിക്കുന്നത് വരണാധികാരിയാണ്. ജില്ലയിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രചാരണം, വോട്ടര്‍ ബോധവത്ക്കരണം, സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഇരട്ട വോട്ട് തടയുക തുടങ്ങി തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും വരണാധികാരിയാണ്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍
വരണാധികാരിക്ക് തൊട്ടുതാഴെയാണ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ സ്ഥാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണ നിയന്ത്രണം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കാണ്. ഈ ചുമതല മണ്ഡലത്തില്‍ നിര്‍വഹിക്കുന്നത് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായ സി പദ്മചന്ദ്രകുറുപ്പാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം വരെ സൂപ്രണ്ടുമാരും ക്ലാര്‍ക്കുമാരും ടൈപ്പിസ്റ്റുമടങ്ങുന്ന ഡെപ്യൂട്ടി കളക്ടറുടെ ഓഫീസാണ് നിയന്ത്രിക്കുന്നത്.
ഉപ വരണാധികാരികള്‍ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍)
പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി, തിരുവല്ല, അടൂര്‍, ആറന്മുള, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. ഈ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി ഏഴ് ഉപവരണാധികാരികളാണുള്ളത്. ജില്ലാ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഈ തസ്തികയില്‍ വരുന്നത്. ഓരോ നിയോജക മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നത് ഇവരാണ്.
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നിരീക്ഷകരെ അയയ്ക്കുന്നത്. പൊതുനിരീക്ഷണം, ചെലവ് നിരീക്ഷണം, പൊലീസ് നിരീക്ഷണം തുടങ്ങി ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു നിരീക്ഷിക്കാനായും ഓരോ ചുമതലക്കാര്‍ ഉണ്ടാകും. പൊതുനിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി ഐഎഎസും പോലീസ് നിരീക്ഷകയായി എച്ച് രാംതലെഗ്ലിയാന ഐപിഎസും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി കമലേഷ് കുമാര്‍ മീണ ഐഎആര്‍എസും പ്രവര്‍ത്തിച്ചുവരുന്നു.
സെക്ടറല്‍ ഓഫീസര്‍മാര്‍
പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കുക, ക്രമസമാധാനം ഒരുക്കുക, വോട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക, വോട്ടിംഗ് യന്ത്രം കേടായാല്‍ പുതിയ യന്ത്രം എത്തിക്കുക തുടങ്ങി പോളിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികളെല്ലാം സെക്ടറല്‍ ഓഫീസര്‍മാരാണ് കൈകാര്യം ചെയ്യുന്നത്. വോട്ടിംഗ് ദിവസം നിശ്ചിത ഇടവേളകളില്‍ വോട്ടിംഗ് നില തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതും ഇവരാണ്. ഒരു സെക്ടറില്‍ 10 പോളിംഗ് ബൂത്തുകളാണുള്ളത്. 10 ല്‍ കൂടുതല്‍ ബൂത്തുള്ള സെക്ടറുകളില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരേയും നിയമിക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷകര്‍
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും പൊതു, ചെലവ്, പൊലീസ് നിരീക്ഷകരെ അയയ്ക്കുന്നത്. ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആര്‍എസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎസും ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസും പോലീസ് നിരീക്ഷകനായി എച്ച് രാംതലെഗ്ലിയാന ഐപിഎസുമാണ്. നിരീക്ഷകരുടെ പ്രവര്‍ത്തനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ തുടരും. അതത് ലോക്സഭാ മണ്ഡലങ്ങളില്‍ ഓഫീസ് തുറന്നാണ് പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക.
ഒബ്സര്‍വേഴ്സ് പോര്‍ട്ടല്‍ വഴി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുന്നു. നിരീക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ലഭ്യമാകുന്നതും രഹസ്യ സ്വഭാവത്തിലുമുള്ളതുമാണ്.
ജനപ്രാതിനിധ്യ നിയമത്തിലെ (1951) അനുച്ഛേദം 20 ബി പ്രകാരം നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ക്ക് വിപുലമായ അധികാരങ്ങളുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മണ്ഡലങ്ങളില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതും സ്വതന്ത്ര്യവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതുമാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം.
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്നും ലംഘനങ്ങളില്‍ നടപടി എടുക്കുന്നുണ്ടെന്നും പൊതുനിരീക്ഷകര്‍ ഉറപ്പാക്കുമ്പോള്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നത് ചെലവ് നിരീക്ഷകരാണ്. പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോഘട്ടത്തിലും ഉയര്‍ത്തുന്ന പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നത് നിരീക്ഷകരാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും നിരീക്ഷകരുടെ കര്‍ശന നിരീക്ഷണത്തിലാണ് നടക്കുക. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ നിരീക്ഷകര്‍ക്ക് നേരിട്ടും ഫോണിലൂടെയും നല്‍കാം മാതൃകാപെരുമാറ്റച്ചട്ടലംഘനം, സ്വതന്ത്രവും നീതിപൂര്‍വവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികള്‍, മതസ്പര്‍ദ്ധക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യല്‍ തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകര്‍ക്ക് നല്‍കാവുന്നതാണ്.
തെരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്തയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നിയമനടപടികളും നിരീക്ഷകര്‍ സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരുമായി ആകെ 50 തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ 11,076 പേര്‍ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി
മണ്ഡലത്തിലെ 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 16 ന് ആരംഭിച്ച ഹോം വോട്ടിംഗില്‍ ഇതുവരെ 11,076 പേര്‍ വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളില്‍ പ്രായമുള്ള 9174 പേരും ഭിന്നശേഷിക്കാരായ 1902 പേരും വോട്ട് രേഖപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടേഴ്‌സ് ഐഡി ഉള്‍പ്പടെ 13 തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി) കൂടാതെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാര്‍ഡ്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, എന്‍.പി.ആര്‍. സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, എം.പി./എം.എല്‍.എ./എം.എല്‍.സി.ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനില്‍ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകള്‍. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്കു മാത്രമേ ഈ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചു വോട്ട് ചെയ്യാന്‍ കഴിയൂ.
വിഎഫ്സി പ്രവര്‍ത്തനം: രണ്ടാം ഘട്ടം 22 മുതല്‍ 24 വരെ
ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മണ്ഡലത്തില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ (വി.എഫ്.സി) രണ്ടാം ഘട്ട പ്രവര്‍ത്തനം 22 മുതല്‍ 24 വരെ നടക്കും. പോസ്റ്റല്‍ അപേക്ഷ നല്‍കി ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്ന ജീവനക്കാര്‍ക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി വോട്ടവകാശം വിനിയോഗിക്കാമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിക്കണം
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന പ്രതിഫലം നല്‍കുന്നതിന് ജില്ലാ, താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ട്രഷറികള്‍ 26ന് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച ബില്ലുകള്‍ 25ന് തന്നെ ട്രഷറിയില്‍ സമര്‍പ്പിക്കണം. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ട്രഷറിയില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ തടസ്സം വരാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.