ഷീല ❤️
❤️മലയാളത്തിന്റെ അഭിനയ സൗന്ദര്യവും നിത്യഹരിത നായികയുമായ ഷീലാമ്മയാണ് നമ്മുടെ ഇന്നത്തെ താരം. ഒരു ലേഖനത്തിൽ ഒതുക്കാൻ പറ്റുന്നതല്ല അവരെ കുറിച്ചുള്ള കാര്യങ്ങൾ.ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ നമുക്ക് അവരെപറ്റി വായിക്കാം.
ക്ലാര എബ്രഹാം എന്ന ഷീല 22 മാർച്ച് 1945ൽ തൃശ്ശൂരിലെ കണിമംഗലത്തെ ഒരു ക്രിസ്ത്യൻ ഫാമിലിയിൽ ഗ്രേസി ആന്റണിയുടെയും കണിമംഗലം ആന്റണിയുടെയും മകളായി ജനിച്ചു.
അച്ഛൻ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ആയിരുന്നതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം കേരളത്തിലും തമിഴ്നാട്ടിലും ആയി പലയിടങ്ങളിലായിട്ടായിരുന്നു. അധികവും ഊട്ടിയിലായിരുന്നു കുട്ടിക്കാലം.
ഊട്ടിയിൽ ആയിരിക്കെയായിരുന്നു അച്ഛന്റെ മരണം. അമ്മയും ഏഴ് സഹോദരങ്ങളും അടങ്ങുന്ന കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ തന്റെ പതിമൂന്നാം വയസ്സിൽ ഷീല ചെന്നൈയിലെ ‘എസ് എസ് ആർ’ ഡ്രാമ കമ്പനിയിൽ ചേർന്ന് അഭിനയമാരംഭിച്ചു.
അഭിനേത്രി,എഴുത്തുകാരി, നോവലിസ്റ്റ്, സംവിധായിക, പെയിന്റർ, എന്നീ നിലകളിൽ അസാമാന്യ പ്രതിഭ തെളിയിച്ച ഷീല, മലയാള സിനിമയിലെ ആദ്യത്തെ സിനിമാ സംവിധായിക കൂടിയാണ്. കൂടാതെ അക്കാലത്തെ നായകന്മാരെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടി കൂടിയായിരുന്നു അവർ.
പതിനേഴാം വയസ്സിൽ ‘പാസം’ എന്ന തമിഴ് സിനിമയിലേക്ക് എംജിആർ ആണ് ഷീലയെ ആദ്യമായി പരിചയപ്പെടുത്തിയത്. എന്നാൽ മലയാളത്തിലെ ‘ഭാഗ്യജാതകം’ ആയിരുന്നു ഷീലയുടെ ജീവിതത്തിലെ ഭാഗ്യജാതകം ആയി മാറിയ സിനിമ.സത്യന്റെ കൂടെ തന്റെ അഭിനയത്തിന്റെ മാറ്റുരച്ചുകൊണ്ട് തുടങ്ങിയ യാത്ര 1962 മുതൽ 1981 വരെ വിജയകരമായി തുടർന്നു.
പ്രേം നസീറിന്റെ കൂടെ 130 സിനിമകളിൽ ജോഡിയായി അഭിനയിച്ച് വേൾഡ് റെക്കോർഡ് നേടി.നസീറിന്റെ നായിക, അമ്മ, അമ്മായിയമ്മ, തുടങ്ങി ഒരുവിധം എല്ലാ വേഷങ്ങളും അതിന്റേതായ മികവോടെ അതിഗംഭീരമായി അഭിനയിച്ചു.
മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് മൂന്നുതവണ നേടിയ ഷീല, 2019 ‘അകലെ’ യിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള നാഷണൽ ഫിലിം അവാർഡ് നേടി. കൂടാതെ ഫിലിം ഫെയർ, ലക്സ്, ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
മലയാള സിനിമക്ക് നൽകിയ മികച്ച സംഭാവനയ്ക്ക് കേരള ഗവൺമെന്റ് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ‘ജെ.സി. ഡാനിയൽ’ പുരസ്കാരവും ഷീല നേടിയിട്ടുണ്ട്.
ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന, അകലെ,ഒരു പെണ്ണിന്റെ കഥ, യക്ഷഗാനം, കുട്ടിക്കുപ്പായം, കടത്തനാട്ടുമാക്കൻ, കണ്ണപ്പനുണ്ണി, വാഴ്‌വേമായം തുടങ്ങിയ ഷീലയുടെ മുൻകാല ചിത്രങ്ങൾ എടുത്തു പറയേണ്ടവ തന്നെയാണ്. കണ്ണപ്പനുണ്ണിയിലെയും കടത്തനാട്ടു മാക്കനിലെയും അവരുടെ അഭിനയം ഒരു മുത്തശ്ശി കഥ പോലെ പ്രേക്ഷക മനസ്സുകളിൽ ഇന്നും തെളിഞ്ഞു നിൽക്കാൻ പോന്നവയാണ്.
70കളിലും 80 കളിലെ തുടക്കത്തിലും ഷീല രണ്ട് സിനിമകൾക്ക് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചു. യക്ഷഗാനവും ശിഖരങ്ങളും. മമ്മൂട്ടി നായകനായി അഭിനയിച്ച, ‘ഒന്നു ചിരിക്കൂ’ എന്ന സിനിമയ്ക്ക് കഥയും സ്ക്രീൻ പ്ലേയും ചെയ്തത് ഷീലയായിരുന്നു. കൂടാതെ ടെലിഫിലിമുകളുംസംവിധാനം ചെയ്തിട്ടുണ്ട്.
80 കളുടെ ആരംഭത്തിൽ അഭിനയത്തിൽ നിന്നും റിട്ടയർ ചെയ്ത് ഊട്ടിയിൽ സെറ്റിൽ ചെയ്തുവെങ്കിലും, 2003 ൽ നീണ്ട 22 വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചുവന്നു.
നിറങ്ങൾ ഇഷ്ടപ്പെടുന്ന ഷീല, എറണാകുളത്തെ ലീ മെറിഡിയൻ ഹോട്ടലിൽ സ്വന്തം പെയിന്റിങ് കളുടെ ഒരു എക്സിബിഷൻ നടത്തി. അതിൽനിന്നും കിട്ടിയ തുക ചെന്നൈയിലെ വെള്ളപ്പൊക്ക നിവാരണ ഫണ്ടിലേക്ക്സംഭാവന ചെയ്തു.
മുപ്പതിലധികം ചെറുകഥകളും രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്റെ 80ആം വയസ്സിലും കാഞ്ചീപുരം പട്ടുടുത്ത്, വളകളും ആഭരണങ്ങളും അണിഞ്ഞ് ചുവന്ന പൊട്ടുതൊട്ട് മുല്ലപ്പൂ ചൂടി വേദികളിൽ പ്രത്യക്ഷപ്പെടുന്ന ഷീലാമ്മക്ക് ഇന്നും 30 ന്റെ ചുറുചുറുക്കാണ്.
നിറങ്ങളെ എപ്പോഴും സ്നേഹിച്ചിരുന്ന അവർ ചെയ്ത, മുൻകാല സിനിമകൾ മുഴുവനും ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. എന്നാൽ ഈ തിരിച്ചു വരവിലൂടെ അവർ ആ കുറവ് നികത്തി. കൂടെ അഭിനയിച്ച പ്രേം നസീർ 40 വർഷങ്ങൾക്ക് മുൻപ് ‘പത്മഭൂഷൺ’നേടി. എന്നാൽ ഷീലാമ്മക്ക് ഇന്നുവരെ ‘പത്മശ്രീ’ പോലും കിട്ടിയിട്ടില്ല. എങ്കിലും നമുക്ക് അവരോടുള്ള സ്നേഹാദരങ്ങൾക്ക് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല.അവർ നമുക്കെന്നും നിത്യഹരിത നായിക തന്നെ.
പ്രായത്തിന്റെ ആലസ്യങ്ങൾ ഒന്നുമില്ലാതെ ചെന്നൈയിലെ ‘Sheela Castle’ എന്ന വലിയ ബംഗ്ലാവിൽ മകനും മരുമകളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ സ്നേഹമയിയായ അമ്മയുടെയും മുത്തശ്ശിയുടെയും റോളിൽ തിളങ്ങുകയാണ് അവരിപ്പോൾ.
” എന്നെ ഞാനാക്കിയ ഈ കേരളത്തിൽ എന്നെ ദഹിപ്പിക്കണം. എന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിക്കളയണം” എന്നാണ് ഷീലാമ്മയുടെ അന്ത്യാഭിലാഷം.
നാടിനോടുള്ള അവരുടെ ഭക്തിക്ക് മുന്നിൽ നമുക്ക് സ്നേഹാദരങ്ങൾ അർപ്പിക്കാം🌹❤️