ന്യൂഡൽഹി: പ്രമുഖ സംരംഭകനും മാർക്കറ്റിംഗ് വിദഗ്‌ദ്ധനും രാഷ്‌ട്രീയ നിരീക്ഷകനുമായ പി.കെ.ഡി. നമ്പ്യാർ എന്ന ദീപു നമ്പ്യാർ (47) ഡൽഹിയിൽ അന്തരിച്ചു.
ഡൽഹി നോയിഡ സെക്ടർ 15 എയിലായിരുന്നു താമസം. കണ്ണൂർ കടന്നപ്പള്ളി സ്വദേശിയാണ്.
ഇന്ന് (24-02-2024-ശനി) നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ (25-02-2024-ഞായർ) രാവിലെ കടന്നപ്പള്ളി പോത്തേര കരിയാട്ട വീട്ടിൽ സംസ്‌കരിക്കും.
ഭാര്യ: പായൽ നമ്പ്യാർ.
മക്കൾ: ആയുഷ് നമ്പ്യാർ, യഷ്‌നിത നമ്പ്യാർ (വിദ്യാർത്ഥികൾ).
ഫ്ളാഗ്സ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയും നമ്പ്യാർ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനുമായിരുന്നു.
50ലധികം ബിസിനസ് സ്ഥാപനങ്ങളുടെ മാർക്കറ്റിംഗ് കൺസൾട്ടന്റ്, സ്ട്രാറ്റജിസ്റ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
വ്യവസായ വിദഗ്ദ്ധനെന്ന നിലയിലും രാഷ്ട്രീയ നിരീക്ഷകനെന്ന നിലയിലും കേരളകൗമുദിയിൽ സ്ഥിരമായി കോളങ്ങളെഴുതിയിരുന്ന അദ്ദേഹം അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറുമായിരുന്നു.
സോഫ്‌റ്റ്‌വെയർ എൻജിനിയറായി വിദ്യാഭ്യാസം പൂർത്തിയാക്കിയ നമ്പ്യാർ, 20-ാം വയസ്സിൽ ഡൽഹിയിലെത്തി പ്രമുഖ കമ്പനിയായ മിറ്റ്സുയിയിലൂടെയാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. മൂന്നു വർഷത്തിന് ശേഷം സ്വന്തം സ്റ്റാർട്ട്അപ്പ് സ്ഥാപിച്ച് ഡോട്ട്കോം ബിസിനസിലേക്ക് പ്രവേശിച്ചു.
എന്റർപ്രൈസസ് റിസോഴ്സ് പ്ളാനിംഗ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ്, ഇ-കൊമേഴ്‌സ് മേഖലകളിലെ ബ്രാൻഡിംഗ് സേവനങ്ങൾക്കായി 2000ൽ ‘ബി-സ്‌ക്വയർ” എന്ന സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപിച്ചു.
2005ൽ സ്ഥാപിച്ച ഫ്ലാഗ്സ് കമ്മ്യൂണിക്കേഷൻസ് ചുരുങ്ങിയ കാലംകൊണ്ട് പരസ്യ, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ രാജ്യത്തെ മികച്ച 10 വിപണന കമ്പനികളുടെ പട്ടികയിൽ ഇടംനേടി.
2009ൽ വലിയ ഇവന്റുകളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ബുക്ക് മൈ സീറ്റ്‌സ് സ്ഥാപിച്ചതോടെ സ്റ്റാർട്ട്അപ്പ് സ്പെഷ്യലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായി.
‘യൂ ടൂ കാൻ ബി എ ബ്രാൻഡ്’ എന്ന മോട്ടിവേഷണൽ പുസ്തകവും രചിച്ചിട്ടുണ്ട്.