ന്യൂഡൽഹി ; വിവാഹം ചെയ്തതിന്റെ പേരിൽ സൈനിക സർവീസിൽ നിന്നും പിരിച്ചുവിട്ട വനിത നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. 1988ൽ സർവീസിൽ നിന്നും പിരിച്ചുവിടപ്പെട്ട സെലീന ജോൺ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിർദേശം. എട്ട് ആഴ്ചയ്ക്കുള്ളിൽ 60 ലക്ഷം രൂപ നല്‍കണമെന്നാണു കോടതി ഉത്തരവ്. വനിത ഓഫിസറെ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചു.
പിരിച്ചുവിടുന്ന സമയത്ത് സർവീസിൽ ലഫ്റ്റനന്റ് പദവിയിലുള്ള ഓഫീസറായിരുന്നു സെലീന. വിവാഹിതയായതിന്റെ പേരിൽ കാരണം ചോദിക്കാതെ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 2012ല്‍ സെലീന ആംഡ് ഫോഴ്സ് ട്രൈബ്യൂണലിനെ സമീപിച്ചു.
ട്രൈബ്യൂണല്‍ സെലീനയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവിനെതിരെ 2019ല്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. വിവാഹത്തിന്റെ പേരില്‍ മിലിട്ടറി നഴ്സിങ് സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ 1977ല്‍ പുറത്തിറ്കകിയ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഹർജി. എന്നാൽ ഈ നിയമം 1995ൽ റദ്ദാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.