Sunday, November 24, 2024
HomeUS Newsഉത്തരാംഖണ്ഡ് - (7) - മുക്തേശ്വർ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

ഉത്തരാംഖണ്ഡ് – (7) – മുക്തേശ്വർ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

നൈനിറ്റാൾ നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 51 കിലോമീറ്റർ അകലെ കുമയോൺ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മുക്തേശ്വർ.

വർഷം മുഴുവനും കനത്ത മഴക്കാലവും മഞ്ഞുവീഴ്ചയുള്ള ശൈത്യകാലവുമാണ് മുക്തേശ്വരിന്റെ കാലാവസ്ഥ. ബ്ലാക്ക് ഐസ്സിൽ കൂടിയുള്ള യാത്രകൾ ഉള്ള കാരണം വണ്ടി എപ്പോൾ വേണമെങ്കിലും സ്കിഡ് ചെയ്യാമെന്ന് അറിയാവുന്നത് കൊണ്ട് അവിടുത്തെ ഭംഗി ആസ്വദിക്കുമ്പോഴും മനസ്സിൽ അപകടം ഒന്നും ഉണ്ടാവല്ലേ എന്നൊരു പ്രാർത്ഥന ഉണ്ടായിരുന്നു.

ഗംഭീരമായ നന്ദാദേവി കൊടുമുടി ഉൾപ്പെടെയുള്ള മഞ്ഞുമൂടിയ പർവ്വതങ്ങളുടെ കാഴ്ചകൾ കാണാൻ സാധിക്കുന്ന  ഒരു ഹിൽ സ്റ്റേഷനാണിത്.അപൂർവ സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് ഇവിടം.  രാവിലെ തന്നെ പലതരം വനപക്ഷികളുടെ മനോഹരമായ സിംഫണി അവർ നമുക്കു വേണ്ടി റെഡിയാക്കിയിട്ടുണ്ട്.  അതിനേക്കാളും  എന്നെ അത്ഭുതപ്പെടുത്തിയത് താമസിച്ച സ്ഥലത്തെ ന്യൂ ജെൻ ദമ്പതികളുടെ  പക്ഷികളെ കുറിച്ചുള്ള അറിവുകളാണ്. കാര്യകാരണസഹിതം ഓരോന്നും വിവരിച്ചു തരുമ്പോൾ , പക്ഷികളെ പോലെ തന്നെ അവരും എന്നെ അത്ഭുതപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഏകദേശം 350 വർഷം പഴക്കമുള്ളതും ശിവന് സമർപ്പിച്ചിരിക്കുന്നതുമായ ഒരു പുരാതന ക്ഷേത്രമാണ് മുക്തേശ്വർ ധാം എന്നറിയപ്പെടുന്ന ക്ഷേത്രം.

ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണിത്. ഇവിടെ ശിവലിംഗത്തിന് പുറമേ, ഗണേശൻ, ബ്രഹ്മാവ്, വിഷ്ണു, പാർവതി, ഹനുമാൻ, നന്ദി തുടങ്ങി മറ്റ് ദേവതകളുടെയും വിഗ്രഹങ്ങൾ ഉണ്ട്.

മുക്തേശ്വർ ക്ഷേത്രത്തിന് പിന്നിൽ മലഞ്ചെരിവിലാണ് ചൗലി കി ജാലി സ്ഥിതി ചെയ്യുന്നത്.കുമയൂൺ മേഖലയിലെ ഹിമാലയത്തിന്റെയും താഴ്‌വരയുടെയും മനോഹരമായ കാഴ്ചയാണ് ഈ സ്ഥലം നമുക്ക് കാണിച്ചു തരുന്നത്. .  വന്ധ്യ സ്ത്രീകൾ  ഇവിടെ സന്ദർശിക്കുകയാണെങ്കിൽ അവർക്ക് ഒരു കുഞ്ഞ് ലഭിക്കും എന്നൊരു വിശ്വാസവുമുണ്ട്.

.പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ശരിക്കും  വ്യത്യസ്തമായ കാഴ്ചകളാണെങ്കിൽ ഭക്തിയുടെ കാര്യത്തിലും ഇവിടം ഒട്ടും പിന്നിലല്ല. മാലിന്യം തൊട്ടുതീണ്ടാത്ത ഒരു ചെറിയ ഗ്രാമമാണ് മുക്തേശ്വർ എന്നും പറയാം.

പ്രകൃതി ഭംഗിയും കാഴ്ചകളും പോലെ എനിക്ക് വിശപ്പിന്റെ വിലയും പഠിപ്പിച്ചു തന്ന സ്ഥലമാണ് മുക്തേശ്വർ .ഭക്ഷണം കഴിക്കാനായി കയറിയ ഭക്ഷണശാലയിൽ,

“എന്താണ് കഴിക്കാൻ ഉള്ളത്”  എന്ന ചോദ്യത്തിന് പല തരം ‘മെനു കാർഡുകളാണ് തന്നത്.നോർത്ത് & സൗത്ത് ഇന്ത്യാ വിഭവങ്ങൾ, ചൈനീസ്, തായ് വിഭവങ്ങളും അതിൻ്റെ എല്ലാം കൊതിപ്പിക്കുന്ന തരത്തിലെ പടങ്ങളുമാണതിൽ. സ്ഥലം കാണാൻ ഒരു ‘ലുക്ക് ‘ ഇല്ലയെന്നേയുള്ളൂ. സിറ്റിയിലെപ്പോലെ കഴുത്തറക്കുന്ന മട്ടിലെ വിലകളും ഇല്ല.അതോടെ എല്ലാവരും ഹാപ്പി.  ആവശ്യത്തിനും അല്ലാത്തതിനുമായി എല്ലാത്തരം വിഭവങ്ങളും ഓർഡർ ചെയ്തു.

സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഓര്‍ഡര്‍ എടുത്ത ആള്‍ തിരക്കിലാണ്. അവിടെ  വന്നിരിക്കുന്നവർക്ക് ആർക്കും ഒന്നും ചെയ്യാനില്ല.എല്ലാവരും അടുക്കളയിലേക്കും ഓർഡർ എടുത്ത ആളേയും നോക്കിയിരുപ്പായി.ക്ഷമയുടെ നെല്ലിപ്പടി കണ്ടു തുടങ്ങി.

ഞങ്ങൾ വന്നപ്പോൾ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരുന്ന മനുഷ്യൻ, ആ പണിയൊക്കെ നിറുത്തി വീട്ടിൽ പോകാനായി തയ്യാറാവുകയാണ്.അത് കണ്ടതോടെ എല്ലാം ഓർഡറുകളും വേണ്ടെന്നുവെച്ച് ഞങ്ങളെല്ലാവരും ആ ചപ്പാത്തികളും ദാൽ  കറിയും തരൂ’ എന്ന വാശിയിലായി.ഞങ്ങളുടെ ആവശ്യം കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവർക്കും ചപ്പാത്തി  & ദാൽ കറി മതിയെന്നായി.അവിടെ ആകെ അത് രണ്ടുമാണ് ഉണ്ടാക്കിയിട്ടുള്ളത്.. വിശപ്പിന്റെ കാര്യത്തിൽ അവിടെ വന്നിരിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി ഒത്തൊരുമയോടെ ആ   ഭക്ഷണത്തിനോട് നീതി കാട്ടി. ഉടമസ്ഥൻ തിരക്കായിരുന്ന സമയങ്ങളിൽ ഞങ്ങൾ തന്നെ അടുക്കളയിൽ പോയി കറിയും ചപ്പാത്തിയെടുത്ത് പങ്കിട്ടെടുത്തു.പലതരത്തിലുള്ള ‘മെനുകാർഡുകൾ’ എന്തിനാണെന്ന്  മനസ്സിലായില്ല. ഒരു ചാൺ വയറിനുവേണ്ടി എന്തിനാണ് ഇത്രയും വൈവിധ്യമായ ഭക്ഷണങ്ങൾ, എന്നായിരിക്കും അദ്ദേഹം വിചാരിക്കുന്നത്. വിശപ്പടങ്ങിയപ്പോൾ ഞങ്ങളും അങ്ങനെ ചിന്തിക്കാതിരുന്നില്ല!

പൈസ കൊടുക്കാൻ നേരത്ത്  പലർക്കും അറിയേണ്ടത് ഉടമസ്ഥൻ ഏത് ബിസിനസ്സ് സ്‌കൂളിലാണ് പഠിച്ചതെന്നാണ്. അതിലെ തമാശ മനസ്സിലാവാതെ വെറുതെ ഞങ്ങളെ നോക്കി ചിരിച്ചു.അതോ ഞങ്ങൾക്ക് വലിയൊരു സത്യം മനസ്സിലാക്കി തരുകയായിരുന്നോ ?

ഓരോ യാത്രക്കും അതിന്റേതായ വിസ്മയങ്ങൾ !

Thanks

തയ്യാറാക്കിയത്: റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments