Monday, July 22, 2024
HomeUS Newsപ്രശസ്തകവിയും ഗാനരചയിതാവുമായ ഡി. സന്തോഷുമായി ഡോ. തോമസ് സ്കറിയ നടത്തുന്ന അഭിമുഖം.

പ്രശസ്തകവിയും ഗാനരചയിതാവുമായ ഡി. സന്തോഷുമായി ഡോ. തോമസ് സ്കറിയ നടത്തുന്ന അഭിമുഖം.

ഡോക്ടർ തോമസ് സ്കറിയ

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖ പരമ്പര (ഭാഗം – 3)

ചോദ്യം.

1. കവി എന്ന നിലയിൽ താങ്കൾ കാൽ നൂറ്റാണ്ട് പിന്നിടുന്നു. പിന്നിട്ട വഴികളെ ഒന്നു പരിചയപ്പെടുത്താമോ?

സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്താണ് എഴുതാൻ തുടങ്ങിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ കുറേ കവിതകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. കലാലയ കാലത്ത് കവിതയോടുള്ള അടുപ്പം ശക്തിപ്പെട്ടു. കേരളത്തിലെ കാമ്പസുകളിൽ കവിതയ്ക്ക് വലിയ പ്രാധാന്യമുള്ള കാലമായിരുന്നു അത്. കടമ്മനിട്ടയും ചുള്ളിക്കാടുമൊക്കെ കവിയരങ്ങുകളുടെ ഹരമായിരുന്ന കാലം. കുറേയേറെ വായിക്കാനും കുറച്ചൊക്കെ എഴുതാനും ആ കാലം സഹായിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ വിവിധ വർഷങ്ങളിൽ കവിതാ രചനയ്ക്ക് ലഭിച്ച സമ്മാനങ്ങൾ വലിയ പ്രോത്സാഹനമായി. ദീപിക ആഴ്ചപ്പതിപ്പ് ഉൾപ്പെടെ ചില പ്രസിദ്ധീകരണങ്ങൾ എന്റെ കവിത പ്രസിദ്ധപ്പെടുത്താൻ തുടങ്ങി.

1994 ലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യ കവിത അച്ചടിച്ചു വരുന്നത്. നൊബേൽ സമ്മാനം കിട്ടിയ സന്തോഷമായിരുന്നു അന്ന്. തുടർന്ന്,
സി. രാധാകൃഷ്ണൻ പത്രാധിപരായിരുന്ന കാലത്ത് ഭാഷാപോഷിണിയിലും കവിതകൾ പ്രസിദ്ധീകരിച്ചു. കവിതയാണ് എന്റെ ലോകമെന്ന് കരുതാൻ ഇതൊക്കെ കാരണമായി. പിന്നെ പലപ്പോഴായി പത്തിരുപത് കവിതകൾ. 2006 -ൽ അവ സമാഹാരമായി: നല്ലവരുടെ നടപ്പാത. അതിലെ ഒരു കവിത, ‘സുഖകാല കീർത്തനം’ സർവ്വകലാശാല സിലബസിലും ഉൾപ്പെട്ടു. എഴുത്തിന്റെ പന്ത്രണ്ടാം വർഷത്തിൽ പിറന്ന ആദ്യ സമാഹാരത്തിന് പതിന്നാലു വർഷത്തിനു ശേഷം രണ്ടാം പതിപ്പിറങ്ങി. പ്രമുഖ ഓൺലൈൻ ബുക്ക് സ്റ്റോറായ ഇന്ദുലേഖയാണ് പ്രസാധകർ.

2. ആദ്യ സമാഹാരത്തിനു ശേഷം വർഷങ്ങളോളം താങ്കൾ ഒന്നും എഴുതിക്കണ്ടില്ല. എന്തായിരുന്നു ആ പിന്മാറ്റത്തിനു പിന്നിൽ?

എഴുത്തിൽ മാത്രമല്ല, ജീവിതത്തിൽത്തന്നെ അതൊരു കറുത്തകാലമായിരുന്നു. കവിത എഴുതുന്നതിന്റെ പേരിൽ തൊഴിൽത്തട്ടകത്തിൽ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണ്. എന്നിട്ടും ചിലപ്പോഴൊക്കെ സകല ചങ്ങലകളേയും മറന്ന് , കാത്തിരിക്കുന്ന സകല ഭേദ്യങ്ങളേയും മറന്ന് ചിലത് കുറിച്ചു. പക്ഷേ, അവ പോലും വേണ്ട വിധം പ്രസിദ്ധീകരിക്കാനായില്ല. അന്നും ഇന്നും കവിത ശ്രദ്ധിക്കപ്പെടണമെങ്കിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തന്നെ അച്ചടിച്ചു വരണം. മാതൃഭൂമിയുടെ ബാലപംക്തിയിൽ മുതൽ റിപബ്ലിക് പതിപ്പിൽ വരെ കവിതകൾ എഴുതി വന്നിരുന്ന ഞാൻ ഉൾപ്പെടെയുള്ള കുറേ കവികളെ , രണ്ടായിരാമാണ്ടിനെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന പത്രപ്രവർത്തകൻ നിരന്തരം തിരസ്കരിച്ചു. പത്രാധിപത്യത്തിന്റെ ഹ്രസ്വ സ്വർഗ്ഗത്തിൽ നിന്ന് അയാൾ പുറത്താക്കപ്പെടുന്നതു വരെ ഞാൻ മാത്രമല്ല കേരളത്തിലെ സാധാരണക്കാരായ കുറേ കവികൾ നിത്യനരകത്തിലായിരുന്നു. 2019-ൽ , എഴുത്തും വായനയും നന്നായി അറിയാവുന്ന, പ്രതിഭാധനനായ എഴുത്തുകാരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായതോടെ ഉയിർപ്പു നേടിയ കവിതകളിൽ എന്റെ കവിതകളും ഉൾപ്പെട്ടു. ഇതിനിടെ കാലം പണിസ്ഥലത്തെ നരാധമന്റെ കഥ കഴിച്ചു. കവിത പൂക്കളുമായി എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം , മാധ്യമം എന്നിങ്ങനെ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ വീണ്ടും കവിതകൾ എഴുതാൻ കഴിഞ്ഞു. രണ്ടാം കവിതാ സമാഹരവും പിള്ളത്തൊട്ടിലിൽ ഉണ്ട്.

3. കവിതയോടൊപ്പം നിരവധി ഗാനങ്ങളും എഴുതിയിട്ടുണ്ടല്ലോ. കവിതയെഴുതുന്നതും ഗാനമെഴുതുന്നതും തമ്മിലുള്ള അനുഭവാന്തരങ്ങൾ ഒന്നു വിശദീകരിക്കാമോ?

കവിത പൂർണ്ണമായും കവിയുടെ മാത്രം സർഗ്ഗസൃഷ്ടിയാണ്. ഗാനരചന അങ്ങനെയല്ല , പ്രത്യേകിച്ചും ചലച്ചിത്രഗാന രചന. സംഗീത സംവിധായകൻ മുതൽ സംവിധായകനും ചിലപ്പോൾ നിർമ്മാതാവും വരെ അതിൽ പങ്കാളികളാണ്. പഴയ കാലത്തെ ഗാനരചയിതാക്കൾ ഭാഗ്യവാന്മാരാണ്. അവരുടെ വരികൾക്ക് സംഗീതസംവിധായകർ ഈണം നൽകുന്നതായിരുന്നു പതിവ്. എന്നാൽ പിന്നീട് അതു മാറി. മുൻകൂട്ടി ഉണ്ടാക്കിവച്ച ഈണത്തിനനുസരിച്ച് വരികൾ എഴുതുന്നതായി രീതി. അതോടെ രചയിതാവിന്റെ സ്വാതന്ത്ര്യം കുറഞ്ഞു. എങ്കിലും ധാരാളം നല്ല ഗാനങ്ങൾ അപ്പോഴും പിറന്നു. ഏറ്റവും പുതിയ കാലം പക്ഷേ, എഴുത്തുകാരന്റെ ശവപ്പറമ്പായി. മുൻനിര ഗാനരചയിതാക്കൾക്കു പോലും വഴിമുട്ടി. സിനിമകൾക്കു ഗാനങ്ങൾ വേണ്ടാതായി. ഉള്ള ഗാനങ്ങൾ പശ്ചാത്തല ത്തിൽ ഖണ്ഡശ്ശ ഉയരുന്ന ആക്രോശങ്ങളും ശീൽക്കാരങ്ങളുമായി. അതോടെ ഗാനരചയിതാവ് അന്ത്യശ്വാസം വലിക്കാൻ തുടങ്ങി. സിനിമാഗാനങ്ങൾ ഇല്ലാതായതോടെ ഗായകരും സംഗീതസംവിധായകരും നിലനില്പിനായി കവർ സോങ്ങുകളിലേക്കും റീമേക്കുകളിലേക്കും തിരിഞ്ഞതോടെ ഗാനരചയിതാവിന്റെ അന്ത്യശ്വാസവും നിലച്ചു. ഒരു മനുഷ്യായുസ്സ് മുഴുവൻ കേട്ടാലും തീരാത്തത്ര ഹൃദയസ്പർശിയായ ഗാനങ്ങൾ പ്രതിഭാശാലികളായ നമ്മുടെ മുൻഗാമികൾ ചെയ്തുവച്ചിട്ടുള്ളതിനാൽ ആസ്വാദകർക്ക് ഒരു പ്രയാസവും നേരിട്ടില്ല. ഓൾഡ് ഈസ് ഗോൾഡിൽ പഴയ തലമുറയും കൊറിയൻ ബാൻഡിൽ ന്യൂ ജനറേഷനും ഹാപ്പി. അമ്മിക്കല്ലും ആട്ടുകല്ലും പോലെ ഗാനരചയിതാവ് ഇന്നൊരു അധികപ്പറ്റാണ്.

4. കാല്പനികത മുഷിഞ്ഞ തോർത്തായി പലരും കരുതുന്നുണ്ട്. എന്നാൽ, ഡി.സന്തോഷിന്റെ കവിത കാല്പനികതയുടെ ഭാവനാ പരിവർത്തനത്തെ പുതുമയോടെ ആവിഷ്കരിക്കുന്നു. വിശദീകരിക്കാമോ?

കവിതയെ പ്രസ്ഥാനങ്ങളുടെ കളങ്ങൾ വരച്ച് വേർതിരിക്കുന്നതിലും വിലയിരുത്തുന്നതിലും എനിക്കു വിശ്വാസമില്ല. എല്ലാ വേർതിരിവുക ളിലും വേർപെടുത്തലുകളിലും വേദനിക്കുന്നതാണ് കവിതയുടെ ഹൃദയവും കവിയുടെ മനസ്സും . സാധാരണക്കാരായ കവിതാ ആസ്വാദകർക്ക് ഇത്തരം വേവലാതികളില്ല. അക്കാദമിക ആവശ്യങ്ങൾക്കായി കവിതയെ ആഴത്തിൽ പഠിക്കുന്നവർക്ക് മാത്രമാണ് പ്രസ്ഥാനങ്ങളെ കുറിച്ചുള്ള അറിവും ആവലാതിയും. കവിത ആസ്വദിക്കുവാൻ അറിവ് വേണമെന്നില്ല , അനുഭവം മതി. കവിത എഴുതുവാനും അറിവ് അനിവാര്യതയല്ല, മുറവ് തന്നെ ധാരാളം ! കറിയുപ്പിന്റെ രാസനാമത്തിന് അടുക്കളയിലോ പാചകക്കാരന്റെ മനസ്സിലോ അല്ല സ്ഥാനം, പരീക്ഷണശാലയിലോ ശാസ്ത്രജ്ഞന്റെ ബുദ്ധിയിലോ ആണ്.

കല്പനികത തോർത്താണെങ്കിലും മുഷിഞ്ഞതാ ണെങ്കിലും കുഴപ്പമില്ല. അതൊന്നും കവിയുടെ പേക്കിനാവല്ല , നിരൂപകരുടെ നിത്യവൃത്തിയാണ്. അവർ സംവാദങ്ങളിലൂടെ കൊല്ലും കൊലയും തുടരട്ടേ. കാല്പനികത മാത്രമല്ല എന്തും , സ്ഥിരമാകുമ്പോൾ മുഷിയും. നിരന്തരമായ നവീകരണമാണ് അതിനുള്ള പരിഹാരം. എല്ലാവരും എല്ലാക്കാലത്തും ഉപയോഗിച്ച നിറങ്ങൾ തന്നെയാണ് ഏതു ചിത്രകാരന്റെയും ചായത്തളികയിൽ ഉള്ളത്. പക്ഷേ, അതേ ചായങ്ങൾ കൊണ്ട് അന്നോളം കാണാത്ത ചിത്രങ്ങൾ രചിക്കുന്നതിലാണ് ചിത്രകാരന്റെ മിടുക്ക്. അതിനു വേണ്ടത് പ്രതിഭയുടെ നിറക്കൂട്ടാണ്. ചുവന്ന ചായം കൊണ്ട് പ്രതിഭാശാലി ചുവന്ന പൂവിന്റെ വെളുത്ത മനസ്സിലെ കറുത്ത ദുഃഖം വരയ്ക്കും.

5. കവിതയെ സൗന്ദര്യാത്മകമായും സത്യാന്വേഷണമായും കാണുന്ന കവിയാണ് ഡി. സന്തോഷ്. എങ്ങനെ വിലയിരുത്തുന്നു?

കവിത എന്റെ മനസ്സിന് ആകാശവും അലകടലുമാണ്. മൗനം കൊണ്ടും ശബ്ദം കൊണ്ടും അതിന്റെ അനന്തതയിലേക്കും അഗാധതയിലേക്കും ഞാൻ എടുത്തെറിയപ്പെടുന്നു. കവിതയുടെ കണ്ണെത്താ വയലിലൂടെ കണ്ണടച്ചു നടന്നു നോക്കൂ. അത്ഭുതലോകം! നിയമങ്ങളില്ലാത്ത ലോകം , നിയമങ്ങൾ തെറ്റിക്കുന്നത് തെറ്റല്ല , വലിയ ശരിയാണെന്ന് വിധിക്കുന്ന ലോകം . ആർത്തട്ടഹസിക്കുന്നവനേക്കാൾ തേങ്ങലടക്കുന്നവനെ സ്നേഹിക്കുന്ന ലോകം . വിജയിയേയും അവനെ പൊതിയുന്ന ആൾക്കൂട്ടത്തേയും തിരിഞ്ഞുനോക്കാതെ , തോറ്റവൻ്റെ ഏകാന്തതയിൽ കൂട്ടിരിക്കുന്ന ലോകം . ഉടമയുടെ ചാട്ടയേക്കാൾ അടിമയുടെ ചോരയ്ക്ക് വില കൊടുക്കുന്ന ലോകം . വില്ലാളിവീരനേക്കാൾ വിരലറ്റുപോയവനെ വാഴ്ത്തുന്ന ലോകം . ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനും നഷ്ടപ്പെട്ടവനും ചവിട്ടിമെതിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റ് വിശുദ്ധനാകുന്ന ലോകം . ഏതു പുകഞ്ഞ കൊള്ളിയേയും പുറത്താക്കാത്ത ലോകം. അതുകൊണ്ടെല്ലാം ആ ലോകം എനിക്കു പ്രിയപ്പെട്ടതാണ്. അവിടെ സത്യമുണ്ട്. അവിടെ സൗന്ദര്യമുണ്ട്. അവിടെ സത്യം സൗന്ദര്യവും , സൗന്ദര്യം സത്യവുമാണ്.

6. പുതിയ കവിത യാന്ത്രികവും ഭാവനാശൂന്യവുമായ പാതയിലൂടെ സഞ്ചരിക്കുന്നു എന്നു തോന്നാറുണ്ടോ?

ഹൃദയസ്പർശിയായ കവിതകൾ എല്ലാ കാലത്തുമുണ്ട്. ഇക്കാലത്തുമുണ്ട്. അവയുടെ എണ്ണം കുറവാണെന്നു മാത്രം. വൃത്തമുള്ളതു കൊണ്ടോ വൃത്തമില്ലാത്തതു കൊണ്ടോ , പദ്യ മായതു കൊണ്ടോ പദ്യമല്ലാത്തതു കൊണ്ടോ , താളമുള്ളതു കൊണ്ടോ, താളമില്ലാത്തതു കൊണ്ടോ അല്ല കവിത നന്നാകുന്നതും നന്നാകാത്തതും.
വരണ്ട ഗദ്യം , വരി മുറിച്ച്, വായിക്കാനോ ചൊല്ലാനോ വയ്യാത്ത വിധം , മനസ്സിനേയോ ബുദ്ധിയേയോ സ്പർശിക്കാത്ത വിധം , യാതൊന്നും സംവദിക്കാത്ത വിധം സൂത്രവാക്യം പോലെ കുറിച്ചുവയ്ക്കുന്ന പ്രവണത ഇപ്പോൾ മലയാളത്തിലുണ്ട്. കവിതയെന്നു കേൾക്കുമ്പോൾത്തന്നെ സഹൃദയർ പിൻവാങ്ങാൻ കാരണം ഇത്തരം കൃത്രിമ സൃഷ്ടികളാണ്. കവിതകൾ നന്നായി ആസ്വദിച്ചിരുന്നവരെ പോലും കവിതയിൽ നിന്നകറ്റാൻ അവ വഴിയൊരുക്കി. കവിത എഴുതുന്ന ഒരാൾ എന്ന നിലയിൽ കവിത എഴുതുന്ന മറ്റുള്ളവരെ വിമർശിക്കുന്നത് ശരിയല്ല. പക്ഷേ, കവിതയെ കൊന്നു കുഴിവെട്ടു മൂടുന്ന കുറ്റകൃത്യങ്ങളെയും കൊലപാതകങ്ങളേയും കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ? ഭാവനാശൂന്യവും യാന്ത്രികവുമായ പാതയിലൂടെ സഞ്ചരിക്കുന്നത് കവിതയല്ല, കവിത എഴുതണമെന്ന ആഗ്രഹത്താൽ ചിലർ എഴുതിവിടുന്ന കവിതയില്ലായ്മകളാണ്. കാലം പക്ഷേ അവരോടു പൊറുക്കും. പാവങ്ങൾ , അവർക്ക് അതിനേ കഴിയൂ എന്ന് അതിനറിയാം.

7. മലയാള കവിതയുടെ ഭാവി ഇരുളടഞ്ഞതാണെന്ന് കരുതുന്നുണ്ടോ?

മലയാള കവിതയുടെ ഭാവി ഇരുളടഞ്ഞതാണോ എന്ന് പറയാനാകില്ല. പ്രവചനങ്ങൾക്ക് അതീതമാണല്ലോ രണ്ടും – കവിതയും ഭാവിയും. പക്ഷേ, ഒന്നുറപ്പിച്ചു പറയാം. മലയാള കവിതയുടെ വർത്തമാനം തന്നെ ഇരുളടഞ്ഞു കൊണ്ടിരിക്കുന്നു.

പാഠഭാഗങ്ങളായി, കലോത്സവ മത്സരങ്ങൾക്കായി, മത്സരപ്പരീക്ഷകൾക്കായി മാത്രമാണ് വിദ്യാർഥികൾ ഇക്കാലത്ത് കവിത പഠിക്കുന്നത്. ആസ്വദിക്കുവാനുള്ള ഒരു കലയായി ആരും കാവ്യകലയെ കാണുന്നില്ല. ഏറ്റവും പുതിയ യുവതലമുറയെ സ്വാധീനിക്കാൻ ഇന്നത്തെ ഒരു കവിക്കും കഴിയുന്നില്ല. കവിത എന്താണെന്നു പോലും അവർക്ക് അറിയില്ല. കൊറിയൻ ഗാനങ്ങളിലെ വരികൾ പോലും അനായാസം ഹൃദിസ്ഥമാക്കുന്ന അവർക്ക് മലയാളത്തിലെ മഹാകവികളുടെ വരികൾ കേട്ടുകേൾവി പോലുമില്ല. പത്തു വർഷം മുമ്പു വരെ , കവിതകളോട് താത്പര്യമില്ലാത്ത യുവാക്കൾ പോലും മലയാള സിനിമാഗാനങ്ങളുടെ കടുത്ത ആസ്വാദകരായിരുന്നു. ഏറ്റവും പുതിയ തലമുറയ്ക്ക് നമ്മുടെ ഗാനങ്ങൾ പോലും അസഹ്യമാണ്. ഈ അവസ്ഥയ്ക്ക് മലയാളത്തിൽ ഒരു ഒറ്റവാക്കുണ്ട് – കാലഹരണപ്പെടുക. ചുരുക്കത്തിൽ, മലയാള കവിത കാലഹരണപ്പെട്ടു.

8. മലയാള ഭാഷയുടെ തളർച്ചയും മലയാള കവിതയുടെ തകർച്ചയ്ക്ക് കാരണമല്ലേ?

ശ്രേഷ്ഠഭാഷയാണ് മലയാളികളുടെ മാതൃഭാഷയായ മലയാളം . പക്ഷേ, തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടി വിദേശ രാജ്യങ്ങളിലേക്കുള്ള മലയാളിയുടെ കുടിയേറ്റം മലയാള ഭാഷയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉപജീവനത്തിന് ഉതകാത്ത ഭാഷ എന്നതിനാൽ മലയാളത്തിന്റെ നില പരിതാപകരമാണ്. മലയാളത്തിനു പകരം ജർമനോ , ഫ്രഞ്ചോ , റഷ്യനോ ഒക്കെ ഞങ്ങളെ പഠിപ്പിക്കൂ എന്നാണ് പുതിയ തലമുറ പറയുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് രണ്ടടി മുകളിലേക്കുയർന്നാൽ അനാവശ്യ വസ്തുവായി മാറുമല്ലോ നമ്മുടെ മധുരമലയാളം . ഉയർച്ച തേടുന്നവർ, ഉപേക്ഷിക്കേണ്ടി വരുന്ന ചിലതുണ്ടല്ലോ, അതിൽ ഉൾപ്പെടുന്നു മാതൃഭാഷയും. ഉപയോഗ ശൂന്യമായ ഒന്നിനും വേണ്ടി സമയം കളയാത്തവരാണ് പുതിയ തലമുറ. വൈകാരികതയേക്കാൾ പ്രായോഗികതയാണ് അവർക്ക് പ്രധാനം. ഇതിഹാസങ്ങളും മഹാകാവ്യങ്ങളും ഉൾപ്പെടെ അമൂല്യമായ സാഹിത്യ സമ്പത്തുണ്ടായിട്ടും മൃതഭാഷയാകേണ്ടി വന്ന സംസ്കൃതത്തിന്റെ ഗതി ഭാവിയിൽ മലയാളത്തിനും ഉണ്ടായാൽ അദ്ഭുതപ്പെടാനില്ല. നാവിൽ നിന്നും കാതിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ട ഭാഷയ്ക്ക് ശവകുടീരം അകലെയല്ല. കവിത ഉൾപ്പെടെയുള്ള സാഹിത്യരൂപങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. കീഴടക്കപ്പെട്ട രാജ്യത്തിന്റെ കൊടിയടയാളം പോലെ അവ ചരിത്രത്തിന്റെ ഭാഗമാകും.

9. കവിത വായിക്കുന്നവർ കുറയുന്നുണ്ടെങ്കിലും കവിത എഴുതുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടല്ലോ?

കവിത എഴുതുന്നതിന്റെ പേരിൽ ആളുകൾ അവഹേളിക്കപ്പെടുന്ന ഒരു കാലമാണ് ഇത്. കേരളത്തിലെ ഓരോ പഞ്ചായത്തിലും നൂറോളം കവികളുണ്ട് എന്നു പുച്ഛിക്കുന്നു ചില കവി സാർവഭൗമന്മാർ. കള്ളന്മാരോ കൊലപാതകികളോ പെരുകി എന്ന ആശങ്കയോടെയാണ് അവർ ഇതു പറയുന്നത് . ഉണ്ടാകട്ടെ , നൂറല്ല നൂറുനൂറായിരം കവികൾ . സ്വന്തം ജീവിതത്തിലെ വിചാരങ്ങളും വികാരങ്ങളുമൊക്കെ അവർ ഡയറിയി ലൊ നോട്ടുപുസ്തകത്തിലൊ കീറക്കടലാസിലോ ഒക്കെ കുറിയ്ക്കട്ടെ . അതുകൊണ്ട് ആർക്കെന്തു നഷ്ടം . ഈ ആക്ഷേപമുന്നയിക്കുന്ന വലിയ കവികൾ കടമ്മനിട്ടയുടെ വരികൾ ഓർക്കുക : “ നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് … ”

10. മലയാള കവിതയുടെ പ്രചാരത്തേയും വിപണിയേയും കുറിച്ച് എന്തു പറയുന്നു ?

അച്ചടിയിലൂടേയും സാമൂഹിക മാധ്യമങ്ങളിലൂടേയും ധാരാളം കവിതകൾ പുറത്തു വരുന്നുണ്ടെങ്കിലും വായനക്കാരുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നു. കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ് കുറച്ചെങ്കിലും കാവ്യാസ്വാദകർ ഉള്ളത്. അക്ഷര നഗരി എന്നൊക്കെ പേരുള്ള കോട്ടയത്താകും ഒരുപക്ഷേ തീരെ കുറവ്. കവിയരങ്ങുകളിലെ കാലിക്കസേരകൾക്ക് പേരു കേട്ട നാടാണ് കോട്ടയം. പണം നൽകി കവിതാ സമാഹാരങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. പുസ്തകമേളകളിൽ ഏറ്റവും കുറവ് വിറ്റു പോകുന്നത് ഒരുപക്ഷേ കവിതാ സമാഹാരങ്ങളാകും. പഴയ കാലത്ത് ഓരോ പതിപ്പിലും ആയിരക്കണക്കിന് കോപ്പി അച്ചടിച്ചിരുന്നെങ്കിൽ , ഇക്കാലത്ത് അഞ്ഞൂറു മുതൽ നൂറു കോപ്പി വരെയാണ് ഓരോ പതിപ്പിലും അച്ചടിക്കുന്നത്. അതു തന്നെ വിറ്റഴിയാൻ പ്രയാസം. ഒടുവിൽ , പല കവികളും തങ്ങളുടെ കവിതാസമാഹാരങ്ങൾ സുഹൃത്തുക്കൾക്കും മറ്റും സമ്മാനമായി കൊടുത്തു തീർക്കാൻ നിർബന്ധിതരാകുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകമായ “രമണ” ന്റെ പിൻഗാമികൾ എടുക്കാച്ചരക്കായി മാറിയിരിക്കുന്നു.

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments