ന്യൂഡൽഹി: ഡൽഹി കേരള ഹൗസിൽ ഗസറ്റഡ് തസ്‌തികകളിലെ നിയമനത്തിന് സംസ്ഥാന സർക്കാർ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുന്നു. ഫ്രണ്ട് ഓഫീസ് മാനേജർ, കാറ്ററിങ് മാനേജർ, ഹൗസ് കീപ്പിങ് മാനേജർ, കൺട്രോളർ തസ്‌തികകളിൽ കേരളഹൗസ് ജീവനക്കാർക്ക് സ്ഥാനക്കയറ്റം വഴി നിയമനം നൽകും.
കേരള ഹൗസ് ഗസ്റ്റ്‌ഹൗസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, ഡെപ്യൂട്ടേഷൻ നിയമനങ്ങൾ വരുത്തുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുക, ജീവനക്കാർക്ക് അർഹമായ സ്ഥാനക്കയറ്റം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നടപടി.
ടൂറിസം വകുപ്പിൽനിന്ന് ശമ്പളം നൽകുന്ന കേരള ഹൗസിൽ 1981ലാണ് വിവിധ തസ്‌തികകൾ സൃഷ്ടിച്ചത്. എന്നാൽ നിയമനങ്ങൾക്കായി ചട്ടങ്ങൾ രൂപീകരിക്കുന്നത് നീണ്ടുപോയി. ഇതോടെ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് പിൻവാതിൽ നിയമനങ്ങളും ക്രമക്കേടുകളും പതിവായി.
യുഡിഎഫ് ഭരണകാലത്തെ നിയമനങ്ങൾ 2015ൽ ഹൈക്കോടതി റദ്ദാക്കി. ഇക്കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2019ൽ ഗസറ്റഡ് ഇതര ജീവനക്കാരുടെ നിയമനങ്ങൾക്ക് ചട്ടം രൂപീകരിച്ചു. ഇതിനു തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിങ് ടെക്‌നോളജി, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവയിൽ ഡിപ്ലോമയും ടൂറിസം മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവരെ ടൂറിസം വകുപ്പിൽനിന്നോ കെടിഡിസിയിൽ നിന്നോ ഐടിഡിസിയിൽ നിന്നോ നിയമിക്കണമെന്ന വ്യവസ്ഥയിലാണ് ഹൗസ് കീപ്പിങ്, കാറ്ററിങ്, ഫ്രണ്ട് ഓഫീസ് മാനേജർമാരുടെ തസ്‌തികകൾക്ക് രൂപം നൽകിയത്.