Logo Below Image
Wednesday, March 26, 2025
Logo Below Image
Homeഅമേരിക്കമുറ്റത്തെ മുല്ല (കഥ) ✍ ജോസഫ് വി ബോബി

മുറ്റത്തെ മുല്ല (കഥ) ✍ ജോസഫ് വി ബോബി

ജോസഫ് വി ബോബി

പണിയൊന്നുമില്ലാഞ്ഞതിനാൽ ഞാൻ കാലത്തുതന്നെ ഉമ്മറത്ത് ചാരുകസേരയില്‍ മലര്‍ന്നുകിടപ്പായി. ഇന്നവധിയായതിനാല്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. പണിയില്ലാഞ്ഞിട്ടല്ല; ചെയ്യാൻ ഒരു താത്പര്യവുമില്ലാത്തതിനാലാണ്. അപ്പനപ്പൂപ്പന്മാരുടെ കാലംതൊട്ടേ ഞങ്ങളുടെ കുടുംബത്തിലെ പതിവിതാ.

കുട്ടികളുടെയും എന്‍റെയും വസ്ത്രമലക്ക്, കഞ്ഞി, കറി എന്നിവ തയ്യാറാക്കൽ, ചന്തയില്‍നിന്ന് പച്ചക്കറി, മീന്‍ ആദിയായവ വാങ്ങല്‍, വീടു വൃത്തിയാക്കല്‍, മുറ്റമടി എന്നിങ്ങനെ എല്ലാപ്പണികളും അവൾ ചെയ്യും. പിന്നെ ഞാനെന്തു ചെയ്യാനാ? നിങ്ങളുതന്നെ പറ! അങ്ങനെ ഇരുന്നിരുന്ന് മടിയനായതാ. അല്ലാതെ ഇതൊന്നും എൻറെ കുറ്റമല്ല കേട്ടോ.

ഇവളുടെ പണിയൊക്കെ നിര്‍ന്നിമേഷം നോക്കിക്കൊണ്ട് കിടക്കുകയല്ലാതെ കുനിഞ്ഞിട്ട് നിലത്തുനിന്ന് ഒരു പുല്ലുപോലും ഞാൻ പറിക്കില്ല. എനിക്കിതിലൊന്നും ഒരു താത്പര്യവുമില്ല. ഇതൊക്കെ പെണ്ണുങ്ങൾ ചെയ്യേണ്ട പണികളല്ലേ? ഞാനല്ലേ ഗൃഹനാഥന്‍? എനിക്കൊരു നിലയും വിലയുമില്ലേ? മിക്കപ്പോളും പിള്ളേരുടെ സ്കൂളിലേക്കുള്ള പോക്കിന്‍റെ ബഹളംകാരണം കാലത്ത് പത്രംവായനപോലും നടക്കാറില്ല. ജോലി കഴിഞ്ഞ് വൈകുന്നേരം ആറുമണിക്ക് വീട്ടിലെത്തിയാൽ ചായ കുടിക്കും. പിന്നെ പത്രം വായന, മൊബൈൽ തോണ്ടൽ. ഒക്കെ കഴിയുമ്പോൾ 8 മണിയാകും. അപ്പോളേക്കും അവൾ കുട്ടികളെ കുളിപ്പിക്കുകയും ഗൃഹപാഠം ചെയ്യിക്കുകയും ഒക്കെ ചെയ്യും. ഇതിന്നിടയിൽ കഞ്ഞിയും കറിയുമൊക്കെ തയ്യാറാക്കും.

വെളുപ്പാൻകാലത്തുതന്നെ അവൾ എണീക്കും; എത്രമണിക്കാ എന്നെനിക്കറിയില്ല. കാരണം അവൾ എണീക്കുമ്പോൾ എന്‍റെ ഉറക്കത്തിനു ഭങ്ഗം സംഭവിക്കും. അപ്പോൾ പുതപ്പെടുത്ത് ഒന്നുകൂടെ വലിച്ചിട്ട് തിരിഞ്ഞുകിടക്കും. പിന്നെ അവൾ ചായ കൊണ്ടുവന്ന് വിളിക്കുമ്പോളാ കണ്ണു തുറക്കുന്നത്. അപ്പോളേക്കും 7 മണി ആയിട്ടുണ്ടാവും.

പിന്നെ ഒരു ബഹളമാ. മൂത്ത കുട്ടിയെ ഒരുവിധം പ്രാതലൊക്കെ കൊടുത്തിട്ട് ഒരുക്കിനിറുത്തിയിട്ടുണ്ടാവും. അവളെ ഞാന്‍തന്നെ നാലു കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാക്കണം. താമസിച്ചാല്‍ ക്ളാസ്സില്‍ കയറ്റുകയില്ല. അല്ലെങ്കിൽ കുറച്ചുകൂടെ ഉറങ്ങിയിട്ട് ഓഫീസിൽ പോയാൽ മതിയായിരുന്നു. ഇളയതിനെ അവൾതന്നെ സ്കൂളിലേക്ക് കൊണ്ടുപോയക്കോളും. മൂത്തതിനെ അവളുടെ തലയിൽ വച്ചുകെട്ടാൻ ഞാനൊരു ശ്രമം നടത്തിയതാ. പക്ഷേ, ദയനീയമായി പരാജയപ്പെട്ടു. കാലത്ത് അവൾ പോയാൽ എന്‍റെ കാര്യം മൊത്തം അവതാളത്തിലാകും; അതാ ഞാൻതന്നെ കൊണ്ടുപോകാമെന്ന് സമ്മതിച്ചത്.

എന്നാലും ഭാര്യയെ എനിക്കു പരമപുച്ഛമാ. കല്യാണം കഴിച്ച സമയത്ത് അല്പസ്വല്പം സൌന്ദര്യമൊക്കെ ഉണ്ടായിരുന്നു. വേറേ ഇഷ്ടംപോലെ നല്ല പെണ്‍കുട്ടികളെ കണ്ടതാ. പക്ഷേ, വീട്ടുകാര്‍ക്കൊക്കെ നിര്‍ബന്ധം, ഇവള്‍തന്നെ മതിയെന്ന്! ആ…പിന്നെ ഞാനും അതു മതിയെന്നങ്ങു സമ്മതിച്ചു. അവളുടെ വീതമായിട്ട് നല്ലൊരു തുക കിട്ടുകയും ചെയ്തു.

ഇപ്പോള്‍ നോക്കിക്കേ….ശരീരമൊക്കെ ഉടഞ്ഞ് അവിടവിടെ തുറിച്ച് മുടിയൊക്കെ കൊഴിഞ്ഞ് കാണാന്‍ ഒരു ശേലുമില്ലാതാതായിട്ടില്ലേ? അല്ല; നിങ്ങളൊന്നു നോക്കിക്കേ! അല്പം നരയൊക്കെ വന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ ഇപ്പോളും എനിക്ക് ഒരങ്കത്തിന്നു ബാല്യമില്ലേ? ബൈസെപ്സും ട്രൈസെപ്സും നെഞ്ചിലെ പേശികളുമൊക്കെ ഒരു കുഴപ്പവുമില്ലാതെ അങ്ങനെതന്നെയില്ലേ? ഞാനെന്നും കണ്ണാടിയിൽ നോക്കി, ഇതൊക്കെ ഉറപ്പുവരുത്താറുണ്ട്.

മുറ്റമടിച്ചുകൊണ്ടിരുന്ന ഭാര്യയെ ഞാൻ വീണ്ടും നോക്കി. “ഛേ….. ഛേ….എന്നെപ്പോലൊരു യുവകോമളന് ഇവള്‍ ഒട്ടും ചേര്‍ന്നതല്ല!” പെട്ടെന്നാണ് വടക്കേതിൽ താമസിക്കുന്ന ഷിബുവിൻറെ ഭാര്യ ശാലുവിനെ കണ്ടത്. അവൾ കുളിച്ച് ഈറന്മുടി കോതിക്കൊണ്ട് ചന്ദനവും കുറിയുമൊക്കെ തൊട്ട് മൂളിപ്പാട്ടും പാടിക്കൊണ്ട് ഉമ്മറത്തുകൂടെ ഉലാത്തുന്നു! എന്താ ഒരു സൌന്ദര്യം!! അവന്‍റെയൊരു ഭാഗ്യമേ! എനിക്കസൂയ വന്നു. ഞാൻ വീണ്ടും ഭാര്യയെ നോക്കി. അവൾ മുറ്റമടിച്ചുകൊണ്ടേ ഇരിക്കുന്നു. എൻറെ അസ്വസ്ഥത പെരുവിരലിൽക്കൂടെ അരിച്ചുകയറി. പക്ഷേ, ഞാൻ സംയമനം പാലിച്ചു.

ആട്ടേ.. വഴിയുണ്ടാക്കാം. ഞാൻ ആലോചനയിൽ മുഴുകി. എത്ര ആലോചിച്ചിട്ടും ഒരുപായം കണ്ടെത്തിയില്ല. എണീറ്റ് അകത്തേക്കു പോയി. ജനലിലൂടെ നോക്കിയപ്പോൾ തെക്കേലേ അവരാച്ചന്‍റെ, ഡിഗ്രിക്കുപഠിക്കുന്ന മോൾ – അനു ചെടിക്കു വെള്ളമൊഴിക്കുന്നു. അവളും പരമസുന്ദരിതന്നെ. കുറച്ചുനേരം അവളെ നോക്കിനിന്നു. അപ്പോളേക്കും ഭാര്യ അകത്തേക്കു വന്നു. ഞാൻ ഒന്നുമറിയാത്തതുപോലെ പുസ്തകങ്ങൾ തപ്പിക്കൊണ്ടുനിന്നു.

പെട്ടെന്നാണ് ഒരു ബുദ്ധി എൻറെ തലയിലുദിച്ചത്. മോളെ കാലത്ത് സ്കൂളിലേക്ക് കൊണ്ടുപോകുമ്പോൾ ഭാര്യയാ ഗേറ്റു തുറന്നുതരുന്നത്. മോളെ പിന്നിൽക്കയറ്റി, ഞാൻ ആക്സിലറേറ്റർ തിരിച്ച് വണ്ടി അവളുടെ നേരേ വിട്ടു. പക്ഷേ, നാശം, ഒരു കല്ലിൽക്കയറി, ബൈക്ക് തെന്നി. ഞാനും മോളും ബൈക്കും ഒക്കെക്കൂടെ താഴെ വീണത് മിച്ചം! അവൾ ഓടിവന്ന് പിടിച്ചെണീപ്പിച്ചില്ലായിരുന്നെങ്കിൽ എന്‍റെ കാൽ സൈലൻസറിന്‍റെ അടിയിൽപ്പെട്ട് പൊള്ളുമായിരുന്നു. മുട്ടിലെ കുറച്ചു തോൽ പോയി. ബൈക്കിന്‍റെ ക്ലച്ച് ലീവർ ഒടിഞ്ഞു, മോളുടെ അന്നത്തെ ക്ലാസ്സ് മുടങ്ങി, എൻറെ രണ്ടു ദിവസത്തെ ജോലി മുടങ്ങി. അതുതന്നെ മിച്ചം.

പിന്നെയും ഞാൻ ആലോചിച്ചു. കൊട്ടേഷൻ കൊടുത്താലോ? നാട്ടിലുള്ളവരോടു പറഞ്ഞാൽ ആരെങ്കിലുമൊക്കെ അറിയും. അതിനാൽ ഞാൻ എന്‍റെ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയിലുള്ള ചിലരൊടൊക്കെ സൂത്രത്തിൽ ചോദിച്ചു. വല്ല പത്തോ ഇരുപതിനായിരമോ കൊടുത്താൽ സാധിക്കുമെന്നാ ഞാൻ കരുതിയത്. പക്ഷേ, അവന്മാർ ഭയങ്കര കത്തികളാ. കുറഞ്ഞത് ഒരു ലക്ഷമാണത്രേ! അതോടെ ആ ബുദ്ധി ഞാൻ ഉപേക്ഷിച്ചു.

പിന്നെയൊരിക്കല്‍ നല്ല ഒരവസരം ഒത്തുവന്നു. ബൈക്കില്‍ വളരെ വേഗത്തില്‍ പോകുമ്പോള്‍ നല്ല ആഴമുള്ള ഒരു ഗട്ടര്‍ കണ്ടു. അതിലേക്ക് ഞാന്‍ മന:പൂര്‍വം വണ്ടി ചാടിച്ചു. ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്ന അവള്‍ തെറിച്ചുപോകുമെന്നാ ഞാന്‍ കരുതിയത്. പക്ഷേ, ഗട്ടര്‍ അവള്‍ ആദ്യംതന്നെ കണ്ടിരുന്നു. ചാടിയപ്പോള്‍ അവള്‍; ആ ദുഷ്ട, എന്നെ ഉറുപ്പടക്കം കെട്ടിപ്പിടിച്ചുകളഞ്ഞു! ഫലമോ? ഞങ്ങള്‍ രണ്ടു പേരും അവിടെ വീണു. സാമാന്യം നല്ല പരിക്ക് രണ്ടു പേര്‍ക്കും കിട്ടി. ബൈക്കിന്‍റെ രണ്ടു വീലും പഞ്ചറായി, റിം വളഞ്ഞുപോയി. ഞങ്ങള്‍ക്കും ബൈക്കിനും കുറെക്കാലം ആശുപത്രിയില്‍ കിടക്കേണ്ടിവന്നത് മിച്ചം!

ഞാൻ വീണ്ടും തല പുകച്ചു. എങ്ങനെയാണ് എളുപ്പവഴിയെന്ന് മൊബൈലിൽ നോക്കിയാൽ കിട്ടും. പക്ഷേ, പൊലീസു പിടിക്കും. എത്ര കേസുകളാ അങ്ങനെ പിടിച്ചിട്ടുള്ളത്. അതു വേണ്ടെന്നുവച്ചു. ആലോചിച്ചുതന്നെ കണ്ടെത്തണം. തലയ്ക്കകത്ത് പോലീസ് കേറുകയില്ലല്ലോ.

പിന്നപ്പിന്നെ എപ്പോളും ഇതുതന്നെയായി എന്‍റെ ആലോചന: “എങ്ങനെ ഇവളെ ഒഴിവാക്കാം?” അങ്ങനെയിരിക്കേ ഒരു സുവർണ്ണാവസരം ഒത്തുവന്നു. അതിങ്ങനെയാണ്:

കുറച്ചകലെയുള്ള ഒരു ഡാം കാണാൻ ഞങ്ങളെല്ലാവരുംകൂടെ പോയി. കുട്ടികൾ മറ്റുള്ള കുട്ടികളുമായി കളിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടു പേരും പലതും പറഞ്ഞുകൊണ്ട് തീരത്തുകൂടെ നടന്നു. ആഴമുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഞാൻ അല്പം പിന്നാക്കം വലിഞ്ഞു. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കിയപ്പോൾ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. പെട്ടെന്ന് പുറംതിരിഞ്ഞുനിന്നിരുന്ന അവളെ പിന്നിൽനിന്ന് ഞാൻ ആഞ്ഞുതള്ളി.

കഷ്ടകാലം നോക്കണേ; ആ സമയത്താ അവളുടെ കൈലേസ് താഴെ വീണതും അവളതെടുക്കാൻ കുനിഞ്ഞതും. എന്‍റെ തള്ള് വൃഥാവിലായെന്നുമാത്രമല്ല, അതെനിക്കുതന്നെ പാരയായിബ്ഭവിക്കുകയും ചെയ്തു. തള്ളിന്‍റെ ഊക്കുകാരണം എന്‍റെ നിലതെറ്റുകയും ഞാൻ ഒളിമ്പിക്സിന് ഹൈ ബോർഡിൽനിന്ന് ഡൈവ് ചെയ്യുന്നതുപോലെ ഡാമിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ബോധം വന്നപ്പോൾ ഞാൻ ഐ‌സി‌യുവിലാണ്. ഞാൻ “തള്ളിയിട്ടുകൊന്ന” എന്‍റെ ഭാര്യ അടുത്തുതന്നെ എന്നെ ശുശ്രൂഷിച്ചുകൊണ്ട് നിൽപ്പുണ്ട്. അവളുടെ കണ്ണിലൂടെ ഒരു പുഴതന്നെ ഒഴുകുന്നുണ്ട്. ഈശ്വരാ ഇവളെയാണല്ലോ ഞാൻ ഇതുവരെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്നത്!! എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനായില്ല; എന്‍റെ ദു:ഖം അണപൊട്ടിയൊഴുകി.

“ചേട്ടനെന്തിനാ വെള്ളത്തിൽച്ചാടിയത്?” ഞാൻ കണ്ണു തുറന്നതു കണ്ടപ്പോൾ അവൾ അത്യധികം ആകാംക്ഷയോടെ ചോദിച്ചു. “ചേട്ടനെന്തിന്‍റെ കുറവാ ഉണ്ടായിരുന്നത്? എന്നെയും രണ്ടു കുട്ടികളെയും ഓർത്തോ ആ സമയം?” അവൾ തോരാതെ പെയ്തുകൊണ്ടിരുന്നു. നേഴ്സ് അവളെ വഴക്കുപറഞ്ഞതിനാൽ തത്കാലം ഞാൻ രക്ഷപ്പെട്ടു. ഞാൻ ഒന്നും മിണ്ടാതെ അവശത അഭിനയിച്ചുകൊണ്ട് പതിയേ കണ്ണടച്ചുകിടന്നു.

അവളാണത്രേ ഡാമിൽച്ചാടി എന്നെ രക്ഷിച്ചത്! ഇര വേട്ടക്കാരനെ രക്ഷിച്ച അപൂർവങ്ങളിൽ അപൂർവമായ കഥ!! അവൾക്കു നീന്താനറിയാമെന്ന് ഇതുവരെ ഞാനറിഞ്ഞിരുന്നില്ല.

ശാലു, അനുതുടങ്ങി, ഒരു നൂറുസുന്ദരിമാർ ഒരു നിമിഷാര്‍ദ്ധത്തില്‍ എന്‍റെ മനോമുകരത്തിലൂടെ മിന്നിമറഞ്ഞു.

“നിങ്ങൾക്കാർക്കെങ്കിലും എന്‍റെ ഭാര്യയെപ്പോലെയാകാൻ സാധിക്കുമോ? സാധിക്കുമോ?” ഞാൻ ഉച്ചത്തിൽ അലറി. ശബ്ദം കേട്ട ഭാര്യ എന്‍റെ മുഖത്തേക്കു കുനിഞ്ഞു. ഞാൻ ഇരുകൈകളുംകൊണ്ട് അവളെ ഗാഢം പുണര്‍ന്നു.

“ഛേ….വിട് മനുഷ്യാ…..ആരെങ്കിലും കാണും….ഐസിയുവില്‍വച്ചാ ഇതിയാന്‍റെ ഒരു ശൃംഗാരം!” അവള്‍ നാണിച്ചുകൊണ്ട് മെല്ലേ എന്‍റെ പിടി വിടുവിച്ചു.

ജോസഫ് വി ബോബി✍️

RELATED ARTICLES

17 COMMENTS

  1. ഈശ്വരാ…ങ്ങനേം… കെട്ടിയോൻമാര്… ദുഷ്ടൻ…നീചൻ…😂😂 കഥ സൂപ്പർ…. രസകരമായി വായിച്ചു…. അഭിനന്ദനങ്ങൾ… ഇനിയും കഥകൾക്കായ് കാത്തിരിക്കുന്നു….👏👏

    • ഇപ്പോൾ പത്രം നോക്കിയാൽ ഇതുപോലുള്ള അനേകം കഥകൾ കാണാം. ഒരുത്തൻ ഭാര്യയെയും മക്കളെയും ബൈക്കിൽക്കയറ്റി, കുളത്തിലേക്ക് ചാടിച്ച കഥ വായിച്ചിട്ടില്ലേ? അയാൾമാത്രം രക്ഷപ്പെട്ടു. ഭാര്യയും മക്കളും മരിച്ചെന്ന് ഉറപ്പുവരുത്തിയിട്ട് അയ്യോ പൊത്തോ എന്നു വിളിച്ചുകൂവി. നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. പക്ഷേ, പിന്നീട് പിടിക്കപ്പെട്ടു.

    • ഒന്നു മാറ്റിപ്പിടിച്ചതാ. വ്യാകരണം ആർക്കും വേണ്ടാ.

  2. കഥ മനോഹരം
    കോക്കാനുവെച്ചതു മരപ്പട്ടിക്കാണെങ്കിലും തള്ളലേറെ ഇഷ്ടപെട്ടു😂😅
    ആശംസകൾ ബോബി സാർ

  3. അവസാനത്തെ തളളലാ അവന്റെ കണ്ണു തുറപ്പിച്ചത്.

Leave a Reply to JOSEPH VETTIKKODE BOBY Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments