ഒരുസമയത്ത് പാരലൽ കോളേജിൽ ഒപ്പം പഠിപ്പിച്ചിരുന്ന പ്രിയസുഹൃത്തിന്റെ വീടിന്റെ പാലുകാച്ചിനായാണ് വാളകത്തിനടുത്തുള്ള ആ ഉൾനാടൻ ഗ്രാമത്തിലേക്ക് ഞാൻ ഇന്നലെ ചെന്നത് . അപ്രതീക്ഷിതമായാണ് ഞാനവിടെവച്ചു അവളെ കണ്ടുമുട്ടിയത് . രോഹിണിയെ , എന്റെ കളിക്കൂട്ടുകാരിയെ . (പിൽക്കാലത്ത് എന്റെ ഗുരുനാഥനായിമാറിയ ആനന്ദൻസാറിന്റെ സഹോദരി ) അവളുടെ ഭർത്താവിന്റെ അടുത്ത ബന്ധുവായിരുന്നു എന്റെ സുഹൃത്ത് . എന്നെ കണ്ടമാത്രയിൽ അവളുടെ husbant പറഞ്ഞു “..ജോയീ.ഇന്നലെക്കൂടി ഇവൾ ജോയിയുടെ കാര്യം എന്നോട് പറഞ്ഞതേയുള്ളു…. എന്ന്
ജീവിതാകാശത്തിലെ വെള്ളിമേഘങ്ങൾ പോലെ പറന്നകന്ന വർഷങ്ങൾ .. ഇനി ഒരിക്കലെങ്കിലും അവളെ വീണ്ടും കണ്ടുമുട്ടും എന്ന് ഞാൻ കരുതിയിരുന്നില്ല .. വീടിന്റെ വടക്കേ അതിരിൽ വളർന്നുനിന്നിരുന്ന ഇലഞ്ഞിയും ആ ഇലഞ്ഞിയെ പ്രണയിച്ചുനിന്ന കർപ്പൂരമാവിന്റെയും ചുവട്ടിലേക്ക് മനസ്സിന്റെ ചിറകടികൾ … ! ഒരിക്കൽ ആ മരത്തിന്റെ ചുവട്ടിലിരുന്നാണ് അവളും അവളുടെ ചേച്ചിമാരും എനിക്ക് കഥകൾ പറഞ്ഞുതന്നിരുന്നത് ..
എന്റെ വീടും അവളുടെ വീടും തൊട്ടടുത്തായിരുന്നു . ഒന്നാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പത്താം ക്ലാസ്സിൽ എത്തിച്ചേരും വരെ എന്റെ .ബോഡിഗാർഡ് അവളും അവളുടെ സംരക്ഷണം അക്ഷരാർത്ഥത്തിൽ എനിക്കുമായിരുന്നു . രാവിലെ വീട്ടിൽ വന്നു സ്‌കൂളിൽ പോകാൻ ചേച്ചിമാർ ഒരുക്കിനിർത്തിയിരിക്കുന്ന എന്റെ ചൂണ്ടുവിരലിൽ പിടിച്ചു അവൾ നടന്നുനീങ്ങും . എന്റെ ക്ലാസ്സിന്റെ വാതിലിൽ കൊണ്ടുവന്നെത്തിച്ചിട്ടേ അവൾ എന്റെ വിരൽ വിടുകയുള്ളു . സ്‌കൂൾ വിട്ടാൽ സ്‌കൂൾ വളപ്പിലെ പ്ലാവിന്റെ ചോട്ടിൽ അവളെന്നെ നോക്കിനിൽക്കും . ഞാൻ വന്നുകഴിഞ്ഞാൽ എന്റെ വിരൽ കൂട്ടിപ്പിടിച്ചു അവൾ നടന്നുനീങ്ങും . ആ കൂട്ടിപ്പിടുത്തം പത്താം ക്ലസുവരെ അവൾ മുറുകെപ്പിടിച്ചിരുന്നു .
അവളെക്കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മഹാസംഭവമുണ്ട് . ഇന്നലെ അവളെ കണ്ടപ്പോഴും ആദ്യം ഞാനോർത്തത് അതാണ് . പതിനാലിന്റെ പടികടക്കുമ്പോഴാണല്ലോ ചില അരുതാത്ത മോഹങ്ങളൊക്കെ മനസ്സിൽ മുളപൊട്ടുക .എനിക്കുമുണ്ടായി ഒരു മോഹം . തെറ്റിദ്ധരിക്കേണ്ട . പത്തിൽ പഠിക്കുമ്പോഴാണ് എനിക്ക് സിഗരറ്റ് വലിക്കണമെന്നൊരു ആഗ്രഹം ആദ്യമായി തോന്നുന്നത് . പക്ഷെ അവളുടെ കണ്ണ് വെട്ടിച്ചു ഏത് പാതാളത്തിൽ പോയൊളിച്ചാലും അവളെന്നെ കണ്ടുപിടിക്കുമെന്നു എനിക്കറിയാമായിരുന്നു . ഒരു ദിവസം തങ്കമണി ടീച്ചറോട് സുഖമില്ലെന്നു കള്ളം പറഞ്ഞു ഉച്ചയ്ക്ക് ശേഷമുള്ള ഇന്റെർവെലിന് വീട്ടിലേക്ക് വച്ചുപിടിച്ചു
ഇരട്ടകളിലൊന്നിനെ കാണാതെ വന്നപ്പോൾ ഒറ്റയ്ക്ക് നടക്കുന്ന എന്നെ പലരും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു . അവളുടെ വിരൽതുമ്പില്ലാതെ നടന്നുനീങ്ങുമ്പോൾ ജീവിതത്തിലാദ്യമായി ഒരു അരക്ഷിതത്വബോധം എനിക്കും തോന്നിയിരുന്നു . എല്ലാവരും അച്ഛന്റെ പരിചയക്കാരായതുകൊണ്ട് മുക്കാൽ കിലോമീറ്ററെങ്കിലും നടന്നിട്ടാകണം ചീരങ്കാവിലെ ഒരു പീടികയിൽ നിന്നുമാണ് ഞാൻ പനാമ എന്ന സിഗരറ്റും തീപ്പെട്ടിയും വാങ്ങിയത് . വീടിനടുത്തുള്ള കാവിനുള്ളിൽ സുരക്ഷിതമായൊരിടം നോക്കി ഞാനാ സിഗരറ്റിനു തീ കൊളുത്തി . ആദ്യമായറിയുന്ന അനുഭൂതികൾക്ക് ആയിരം വർണ്ണങ്ങളുടെ അകമ്പടിയുണ്ടാകും എന്ന് കേട്ടിട്ടുണ്ട് . എന്നാൽ എനിക്ക് പക്ഷെ അതൊന്നും തോന്നിയിരുന്നില്ല . അവളറിഞ്ഞാലുള്ള സ്ഥിതിയോർത്തു ഞാൻ വല്ലാതെ വിയർത്തിരുന്നു
സ്‌കൂൾ വിട്ടിട്ടും എന്നെ കാണാതെ അവളാകെ പരിഭ്രാന്തയായി. അവൾ കരഞ്ഞുകൊണ്ട് പലരോടും ഓടിനടന്ന് അന്വേഷിക്കുന്നതിനിടയിൽ ആരോ പറഞ്ഞു ഞാൻ നേരത്തേ ക്ലാസ്സിൽ നിന്നും പോയെന്ന്. .
സ്‌കൂൾ വിട്ട സമയം കണക്കാക്കി കാവിനുള്ളിൽ നിന്നും പുറത്തേക്കു വന്ന എന്നെയും കാത്ത് അവളുടെ തീ പാറുന്ന കണ്ണുകൾ കാത്തുനിൽപ്പുണ്ടായിരുന്നു . അടുത്തേക്ക് ചെന്ന എന്നോട് അവൾ അലറിച്ചോദിച്ചു . .’ ,. നീ സീറേറ്റ് വലിച്ചു … ല്ലേ .. ‘ ഞാൻ മുപ്പത്തിമുക്കോടി ദൈവങ്ങളെയും കൊണ്ട് ആണയിട്ട് പറഞ്ഞു ഇനിമേലാൽ വലിക്കില്ലെന്ന്. വീട്ടിലാരോടും നീ പോയി പറയല്ലേ എന്നവളുടെ കയ്യില്പിടിച്ചു കേണുപറഞ്ഞു . പതുക്കെപ്പതുക്കെ അവളുടെ കോപം മാറി . വീട്ടിലാരോടും പറയില്ലെന്ന് അവളെനിക്ക് വാക്ക് തന്നു .
അവൾ കൃത്യമായും വാക്ക് പാലിച്ചു . കാലാവസ്ഥാമുന്നറിയിപ്പിനുള്ള സംവിധാനം അന്ന് കുറവായതിനാൽ പിറ്റേദിവസം ‘അമ്മ കാവിനടുത്തു പതുങ്ങിനിന്നത് ഞാനറിഞ്ഞിരുന്നില്ല . കാവിലെ കരിയില വാരിക്കൂട്ടാൻ വന്ന അമ്മയുടെ കൈകൾ എന്നെ കൂട്ടിപ്പിടിച്ചതും കയ്യിലെ ഈർക്കിൽചൂല് താണ്ഡവനൃത്തം ആടിയതും മാത്രമേ എനിക്കോർമ്മയുണ്ടായിരുന്നുള്ളു . അടികൊണ്ട തുടയിലെ ചോരത്തിണർപ്പിൽ തടവിക്കിടന്നപ്പോൾ അമ്മയുടെ ഈർക്കിൽചൂലിൽ ഇത്രയധികം ഈർക്കിലുകൾ എന്തിനാണെന്ന ” ഭൗതികവും ബൗദ്ധികവും ” ആയ ചിന്തകളിൽ മുഴുകി ഞാനാ രാത്രി വെളുപ്പിച്ചു .
പിറ്റേ ദിവസം
ഭാഗ്യം .. അച്ഛനൊന്നും അറിഞ്ഞിട്ടില്ല . വല്ലാത്തൊരാശ്വാസം തോന്നി . പതിവുപോലെ അവൾ വന്നു വിളിച്ചു .. ഞാനും അവളും സ്‌കൂളിലേക്ക് പോയി . ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു . SSLC പരീക്ഷ കഴിഞ്ഞു . ഏപ്രിലിൽ വിഷുവെത്തി . വിഷുവിനു വീട്ടിൽ എല്ലാവർക്കും അച്ഛനാണ് കൈനീട്ടം തരുന്നത് . അമ്മയ്ക്കു 10 രൂപാ . ചേച്ചിമാർക്കു രണ്ടുപേർക്കും 5 രൂപാ വീതം . ഒടുവിൽ അച്ഛനെന്നെ വിളിച്ചു . ഞാൻ വേഗം ചെന്ന് അച്ഛന്റെ മുമ്പിൽ ഭവ്യതയോടെ കൈനീട്ടി . അച്ഛൻ ചാരുകസേരയിൽ പത്രം കൊണ്ട് മൂടി വച്ചിരുന്ന ഒരു കൊച്ചു പൊതിയെടുത്തു കയ്യിൽ തന്നു . അത് പനാമയുടെ ഒരു സിഗരറ്റ് പായ്ക്കറ്റായിരുന്നു . ! ഭൂമി പിളർന്നു ഞാൻ താഴേക്ക്പോകുന്നത് കണ്ണിൽ പടർന്ന നനവിലൂടെ ഞാൻ തിരിച്ചറിഞ്ഞു ..!
ഇന്നലെയും അവൾ സ്വതസിദ്ധമായ ശൈലിയിൽ എന്റെ തുടയിൽ അടിച്ചുകൊണ്ട് പഴയ കഥകൾ പങ്കുവയ്ക്കുമ്പോൾ ആ തമാശകൾ കേട്ട് ചിരിച്ചു അവളുടെ ഭർത്താവും ആസ്വാദകനായി അടുത്തുണ്ടായിരുന്നു . 36 വർഷങ്ങൾ .. നേർവഴിക്കു നയിക്കാനുള്ള ചില വിരൽത്തുമ്പുകൾ നഷ്ടപ്പെടുത്തുമ്പോൾ നാം നമ്മെത്തന്നെയാണ് നഷ്ടപ്പെടുത്തുന്നതെന്ന ജീവിതപാഠം ഞാനാദ്യമായറിഞ്ഞ ആ നിമിഷങ്ങൾ ഒരിക്കൽക്കൂടി ഞാനോർത്തെടുത്തു . സുഹൃത്തിന്റെ വീട്ടിൽ നിന്നും യാത്രപറഞ്ഞു ഞങ്ങളൊന്നിച്ചിറങ്ങി നടക്കുമ്പോൾ ഏറെനേരം അവളെന്റെ വിരൽത്തുമ്പിൽ മുറുകെപ്പിടിച്ചിരുന്നു ….
മികച്ച വായനാനുഭവം
നന്ദി .. സ്നേഹം
നല്ലെഴുത്ത്
നന്ദി , സ്നേഹം