ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ പ്രതീക്ഷ; മനു ഭാകറും സരബ്ജോത് സിംഗും ഇന്ന് ഇറങ്ങും.
പാരീസ്: ഒളിന്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് മനു ഭാകറും സരബ്ജോത് സിംഗ് സഖ്യം യോഗ്യത നേടി.
ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരങ്ങൾക്ക് സ്വർണ മെഡൽ പോരാട്ടം നഷ്ടമായത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.
വെങ്കല മെഡലിനായുള്ള മത്സരത്തിൽ ദക്ഷിണകൊറിയയാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. ഒ യെ ജിന്നും ലീ വോൻ ഹോയും ഇന്ത്യൻ താരങ്ങൾക്കെതിരെ മത്സരിക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വെങ്കല മെഡൽ പോരാട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിംഗിൽ മനു ഭാകർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.
ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന് ബൊപ്പണ്ണ.
പാരീസ്: ഇന്ത്യയുടെ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലെ തോല്‍വിക്കു പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം.
പാരീസ് ഒളിമ്പിക്സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി. ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്.
രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002 ല്‍ അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് ബൊപ്പണ്ണ പറഞ്ഞു.
പാരീസ് ഒളിമ്പിക്സ്: ബ്രിട്ടീഷ് നീന്തല്‍ താരത്തിന് കോവിഡ്.
പാരീസ്: ഒളിമ്പിക്സിനിടെ വെല്ലുവിളിയുയര്‍ത്തി കോവിഡ് ബാധ. ബ്രിട്ടീഷ് നീന്തല്‍ താരം ആദം പീറ്റിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നീന്തല്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടത്.
മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്തുതന്നെ പീറ്റിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡല്‍ നേട്ടം കൈവരിച്ചു.
തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. നീന്തലില്‍ റിലേ വിഭാഗത്തിലും ഇരുപത്തൊന്‍പതുകാരനായ താരത്തിന് മത്സരമുണ്ട്. നൂറുമീറ്ററില്‍ രണ്ടുതവണ ചാമ്പ്യനായ പീറ്റി, ഞായറാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ നിക്കോളോ മാര്ട്ടിനെന്ഗിയോട് 0.02 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സ്വര്‍ണം കൈവിട്ടത്.
ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് : മനിക ബത്ര പ്രീക്വാര്‍ട്ടറിൽ.
ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ മനിക ബത്ര. ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ പ്രീക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മനിക സ്വന്തമാക്കിയത്.
ഫ്രഞ്ച് താരം പ്രിതിക പാവഡെയെ തോല്‍പ്പിച്ചാണ് മനിക പ്രീക്വാര്‍ട്ടറിലെത്തിയത്. നാല് ഗെയിമുകളില്‍ വിജയിച്ചാണ് താരം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ഫ്രഞ്ച് താരത്തിന് ഒരു ഗെയിമിലും മുന്നിലെത്താനായില്ല. സ്കോര്‍: 11-9, 11-6, 11-9, 11-7.