തിയേറ്ററിൽ കാണുന്ന പുതിയ സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘമാണ് പിടിയിലായത്. നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയിലാണ് സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം പിടിയിലായത്.
തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയേറ്ററിൽ വച്ചു തമിഴ് ചിത്രം ‘രായൻ’ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പോലീസ് ഇവരെ പിടികൂടിയത്.മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുന്നു.
നേരത്തെ ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയതും ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചു.അടുത്തിടെ പുറത്തിറങ്ങിയ ‘ആടുജീവിത’ത്തിൻ്റെ മോഷണ പതിപ്പ് ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.
റിലീസ് ചെയ്ത അതേ ദിവസം, തൻ്റെ സിനിമയുടെ അനധികൃത പകർപ്പ് ചോർന്നുവെന്ന് ആരോപിച്ച് ബ്ലെസി നൽകിയ പരാതിയിൽ, ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചിത്രം പ്രചരിച്ചതായി ആരോപിച്ചിരുന്നു.