കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരൻ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയുടെ സ്രവ സാമ്ബിളുകള്‍ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. നിലവില്‍ ആരോഗ്യനില തൃപ്‌തികരമെന്നാണ് വിവരം.
ഇന്നലെയാണ് കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ ഉടൻതന്നെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവാണ് എന്നാണ് വിവരം. എന്നാല്‍, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധനാ ഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ.
സംഭവത്തില്‍ ആരോഗ്യമന്ത്രി ഉടൻതന്നെ അടിയന്തര യോഗം വിളിക്കുമെന്നാണ് വിവരം. സ്ഥിരീകരണം ഉണ്ടായാല്‍ ആരോഗ്യമന്ത്രി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കോഴിക്കോട്ടേക്ക് തിരിക്കും.
കണ്ണൂരില്‍ വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് മൂന്നരവയസുകാരൻ
കണ്ണൂരില്‍ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പരിയാരം സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ആദ്യം കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു. അവിടെവച്ചാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്നലെ വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തില്‍ നിന്നും കുട്ടിക്ക് രോഗം ബാധിച്ചതാകാമെന്ന് സംശയം.