Friday, October 18, 2024
Homeകേരളംപൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണം:- മേയർ ആര്യ രാജേന്ദ്രൻ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണം:- മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ നടപടിയെടുത്ത് കോർപറേഷൻ. സംഭവത്തിൽ ഫൈൻ ചുമത്തിയതായും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഇനി ഒരു ജീവനെയും നമുക്ക് നഷ്ടപ്പെടുത്താനാവില്ലെന്നും മേയർ ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന അങ്ങേയറ്റം മോശമായ ദൃശ്യമാണ് പുറത്തുവന്നതെന്ന് മേയർ പറഞ്ഞു. സംഭവത്തിൽ ഉടനടി നടപടി എടുത്ത് ഫൈൻ ചുമത്തി. ഈ നിലയ്ക്ക് തുടരാനാകില്ല എന്നത് ദയവായി മനസിലാക്കി നഗരസഭയുമായി സഹകരിക്കണം എന്നാണ് പൊതുസമൂഹത്തോട് അഭ്യർഥിക്കുന്നത്. ഇനി ഒരു ജീവനെയും നമുക്ക് നഷ്ടപ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ നിർവഹമില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള മാലിന്യസംസ്കരണ മാർഗങ്ങൾ സ്വീകരിക്കണം. എവിടെയെങ്കിലും അതിൽ കുറവുകൾ ഉണ്ടെങ്കിൽ മേയറുടെ പരാതിപരിഹാര സെല്ലിനെയോ അല്ലെങ്കിൽ 9447377477 എന്ന നമ്പറിൽ മേയറെ നേരിട്ടോ അറിയിക്കുക. നമുക്ക് നമ്മുടെ നഗരത്തിലെ ഈ മാലിന്യപ്രശ്‌നം എന്നന്നേക്കുമായി അവസാനിപ്പിക്കണം. എന്തും എവിടെയും വലിച്ചെറിയുന്ന പഴയശീലം മാറ്റണം, ഒരു മാലിന്യമുക്ത നഗരം എന്ന പുതിയ ശീലത്തിലേക്ക് നമുക്കൊരുമിച്ച് ചുവട് വെക്കാം. നമ്മെ വിട്ട് പിരിഞ്ഞ പ്രിയപ്പെട്ട ജോയിക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യമായിരിക്കും മാലിന്യം വലിച്ചെറിയാതിരിക്കുക എന്നതെന്നും മേയർ പറഞ്ഞു.

ആമയിഴഞ്ചാൻ തോട്ടിലുണ്ടായ അപകടത്തിൽ മരിച്ച ജോയിയുടെ അമ്മയ്‌ക്ക് വീട് വെച്ചു നൽകാൻ കോർപറേഷൻ തീരുമാനിച്ചു. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വേർപാടാണ് ജോയിയുടേതെന്ന് മേയർ പറഞ്ഞു. കുടുബത്തിന്റെ അത്താണിയായിരുന്നു ജോയി. ജോയിക്ക് പകരമാകില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നമുക്ക് ആകുന്നതൊക്കെ ചെയ്യണമെന്നാണ് നഗരസഭ കാണുന്നതെന്നും മേയർ പറഞ്ഞു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൂടാതെ നഗരസഭയുടെ ഭാഗത്തുനിന്ന് അവരെ സഹായിക്കണം എന്ന അഭിപ്രായം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായും നേരിട്ട് കണ്ടപ്പോൾ പങ്കുവെച്ചിരുന്നു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ജോയിയുടെ കുടുംബത്തിന് ഒരു വീട് വെച്ച് നൽകാനുള്ള നഗരസഭയുടെ താല്പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് സമർപ്പിക്കും.വീട് വെക്കാനാവശ്യമായ ഭൂമി കണ്ടെത്തുന്നടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്. നടപടികൾ എല്ലാം ദ്രുതഗതിയിൽ പൂർത്തിയാക്കി എത്രയും വേഗം വീട് വച്ച് നൽകണമെന്നാണ് വ്യക്തിപരമായി തന്റെയും ആഗ്രഹം. ജോയിയുടെ കുടുംബത്തിന്റെ ദുഃഖവും നഷ്ടവും വളരെ വലുതാണെന്ന് നമ്മൾ തിരിച്ചറിയുന്നു. അവർക്കൊപ്പം തന്നെയാണ് കോർപറേഷൻ എന്നും മേയർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments