ലോക സാഹിത്യന്മാരിൽ ഇത്രയേറെ ദുഷ്കീർത്തിയുള്ള മറ്റൊരാൾ ഉണ്ടോ എന്ന് ചരിത്ര രേഖകൾ തന്നെ സംശയിക്കുന്ന ഒരു എഴുത്തുകാരനാണ് കാസനോവ. ജിയോവാനി യാക്കോപ്പൊ കാസനോവ എന്നാണ് അദ്ദേത്തിന്റെ മുഴുവൻ പേര്. ഇറ്റലിയിലെ വെനീസിൽ 1725 ഏപ്രിൽ രണ്ടാം തീയതി കാസനോവ ജനിച്ചു. അമ്മ ഒരു പ്രശസ്ത നടിയായിരുന്നു.പിതാവ് ഒരു നർത്തകനും. ഇറ്റാലിയൻ എഴുത്തുകാരൻ, സഞ്ചാരി, വൈദ്യശാസ്ത്രത്തിൽ നിപുണൻ എന്നീ നിലകളിലെല്ലാം പേരെടുത്തു. എന്നിരുന്നാലും പ്രസിദ്ധിയിലേറെ കുപ്രസിദ്ധയാണ് നേടിയത് എന്നു പറയുന്നതാവും ശരി.
അഞ്ചാം വയസ്സിൽ പിതാവ് നഷ്ടപ്പെട്ടതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പമായിരുന്നു കൊച്ചു കാസനോവ വളർന്നത്. മുത്തശ്ശിക്ക് കൊച്ചുമകനെ നോക്കാൻ ബുദ്ധിമുട്ടായപ്പോൾ അവനെ ബോർഡിങ് സ്കൂളിൽ ചേർത്തു. അവിടത്തെ ജീവിതം ഏറെ ശോചനീയമായിരുന്നു. ബോർഡിങ് വാസം മടുത്ത ബാലൻ ബോർഡിങ്ങിന്റെ ചുമതലയുള്ള പുരോഹിതനോട് അദ്ദേഹത്തോടൊപ്പം താമസിക്കാൻ അനുവദിക്കണം എന്നപേക്ഷിച്ചു. പഠനത്തിൽ അതിസമർത്ഥനായ ആ വിദ്യാർഥിയെ അദ്ദേഹം കൂടെ താമസിപ്പിച്ചു. എന്നാൽ പുരോഹിതന്റെ ഏറ്റവും ഇളയ സഹോദരിയുമായി കാസനോവ പ്രേമത്തിലായി. അതോടെ പുരോഹിതന്റെ കുടുംബത്തിൽ നിന്നും പുറത്തായി. പന്ത്രണ്ടാം വയസ്സിൽ പാദുവ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ബിരുദം കരസ്ഥമാക്കി.
തമാശ നിറഞ്ഞ കഥകളെഴുതിയ കാസനോവ തന്റെ ജീവിതത്തിലുടനീളം അനേകം സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളിലായി. 16 വയസ്സുള്ള ഒരു പെൺകുട്ടിയുമായി പ്രേമബന്ധത്തിൽ ആവുകയും അതേസമയം തന്നെ അവളുടെ 14 വയസ്സുള്ള അനുജത്തിയുമായും കാസനോവ ബന്ധം പുലർത്തി. വർഷങ്ങൾക്കു ശേഷം ഇതിലൊരു പെൺകുട്ടിയുമായും അവളുടെ മകളുമായും കാസനോവ ശാരീരിക ബന്ധത്തിലേർപ്പെട്ടു. പലസ്ഥലങ്ങളിൽ ഇദ്ദേഹത്തിന് കുട്ടികൾ ഉണ്ടായി. എന്നാൽ ഇതിനെപറ്റി കൂടുതൽ വിശദീകരണങ്ങൾ ഒരിടത്തും പറയുന്നില്ല. പിന്നീടദ്ദേഹം പുരോഹിതനായി. പക്ഷേ ഈ സമയം ചൂതാട്ടത്തിൽ അഭിനിവേശം തോന്നി. കടബാധ്യതയേറി.ഒടുവിൽ ജയിലിലുമായി!!!!. പിന്നീട് സൈന്യത്തിൽ ചേർന്നു. ആർമി ഓഫീസറായി. എന്നാൽ വളരെപ്പെട്ടെന്നു തന്നെ അദ്ദേഹത്തിനതിൽ വിരസത തോന്നി. പിന്നീടദ്ദേഹം വയലിൻ പഠിച്ചു. സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ചു. അപ്പോഴും ഒരു പ്രേമത്തകർച്ച ഉണ്ടായി. അതിൽനിന്നും മുക്തിനേടാൻ ഒരു യാത്ര പോയി. അനേകം ഇടങ്ങൾ സന്ദർശിച്ചു. മുസോളിനി, വോൾട്ടയർ തുടങ്ങിയ പ്രശസ്തവ്യക്തികളുമായി ചങ്ങാത്തത്തിലായി. കാമുകന്മാരും, കാമുകിമാരും ഒരുപോലെ തനിക്കുണ്ടായിരുന്നതായി അദ്ദേഹം തന്നെ സമ്മതിക്കുന്നു. മന്ത്രവാദത്തിൽ അഗാധപാണ്ഡിത്യം ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവത്രെ!!!!തന്റെ മന്ത്രസിദ്ധിയിലൂടെയും അനേകം സ്ത്രീകളെ ഇദ്ദേഹം വശീകരിച്ച് വശത്താക്കി. എന്നാൽ മന്ത്രവാദത്തിന് എതിരായിരുന്ന രാജ്യം ഇയാളെ ജയിലിലടച്ചു. എന്നാൽ തന്റെ മന്ത്രതന്ത്രങ്ങളിലൂടെ ഇദ്ദേഹം ജയിൽച്ചാടി. പിന്നീടിദ്ദേഹത്തെ പിടിക്കാനും കഴിഞ്ഞിട്ടില്ല എന്ന് ചരിത്രരേഖകൾ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ “സ്ത്രീലമ്പടനായ എഴുത്തുകാരൻ”, “അഴിമതി കലാകാരൻ” എന്നുമൊക്കെ കാസനോവയെ വിശേഷിപ്പിക്കുന്നു.
ചെക്ക് ഗണരാജ്യത്തുള്ള ഒരു പ്രഭുവിന്റെ വീട്ടിൽ ലൈബ്രേറിയനായി കഴിഞ്ഞ കാസനോവയ്ക്ക് പ്രഭു വളരെ പരിഗണനയൊന്നും കൊടുത്തില്ല. സാധാരണ ജീവിതമാണ് അദ്ദേഹം നയിച്ചത്. എന്നാലും അന്ത്യകാലം വരെ അദ്ദേഹം ആ ജോലിയിൽ ഏർപ്പെട്ടു. അവിടെവെച്ചാണ് തന്റെ ആത്മകഥയായ “ദ് ഹിസ്റ്ററി ഓഫ് മൈ ലൈഫ്” എഴുതിയത്. അത് ഇദ്ദേഹത്തിന് ഒരു വീരശൈലി നൽകി, പ്രശസ്തിയേറി. എഴുത്തുകാരൻ, ചൂതാട്ടക്കാരൻ, പുരോഹിതൻ, വയലിനിസ്റ്റ്, നയതന്ത്രഞ്ജൻ, ചാരൻ, ഫിനാൻഷ്യൽ ലോട്ടറി പ്രൊമോട്ടർ, സഞ്ചാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കാസനോവയുടെ അന്ത്യകാലം അത്ര സുഖകരമല്ലായിരുന്നു. 1797-ൽ ജന്മനാട്, നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുത്തു. അതിനാൽ അങ്ങോട്ടേക്ക് മടങ്ങിപ്പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കടുത്ത വിഷാദരോഗത്തിന് അദ്ദേഹം അടിമപ്പെട്ടു. 1798 ജൂൺ നാലാം തീയതി കാസനോവ നിര്യാതനായി.
“ഭ്രാന്ത് പോലെ ഞാൻ സ്ത്രീകളെ സ്നേഹിച്ചു. എന്നാൽ അതിനേക്കാളേറെ സ്വാതന്ത്ര്യത്തെയും”
“എഴുതാൻ യോഗ്യമായത് നിങ്ങൾ ചെയ്തിട്ടില്ലെങ്കിൽ വായിക്കാൻ യോഗ്യമായതെങ്കിലും എഴുതുക”
“മധുരമുള്ള ആനന്ദങ്ങൾ ജയിക്കാൻ പ്രയാസമുള്ളതാണ്”.