Monday, December 9, 2024
Homeസ്പെഷ്യൽബഹുമുഖ പ്രതിഭാശാലിയായ അജിമോൻ കളമ്പൂരുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.(അഭിമുഖ പരമ്പര -14)

ബഹുമുഖ പ്രതിഭാശാലിയായ അജിമോൻ കളമ്പൂരുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.(അഭിമുഖ പരമ്പര -14)

ഡോക്ടർ തോമസ് സ്കറിയ

കവി, നാടകകൃത്ത്, പ്രഭാഷകൻ, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അജിമോൻ കളമ്പൂർ. അദ്ദേഹത്തിൻ്റെ അനാഥ എന്ന കവിത കാവ്യരചനയെക്കുറിച്ചുള്ളതാണ്.

“എഴുതാൻ തുടങ്ങിയാ –
ലെഴുതിത്തീർത്തീടുന്ന
കാവ്യമേ നിനക്കിന്ന്
വിലയില്ലല്ലോ കഷ്ടം,,,!
വാനോളം പുകഴ്ത്തുവാൻ
പറഞ്ഞു പരത്തുവാ-
നിഷ്ടമുള്ളവരേറെ –
യുണ്ടെന്ന് നടിക്കുമ്പോൾ
നിന്നെയൊന്നു തൊട്ടീടാൻ,
നീയെന്തെന്നറിഞ്ഞീടാ-,
നൊന്നു വായിക്കപ്പെടാൻ
സൗഭാഗ്യമില്ലാത്തവൾ,,,
കവി തന്നോരത്തെന്നും
ചാഞ്ഞുറങ്ങീടുന്നവൾ
ഒരു കൈ സ്പർശം കിട്ടാ-
തുരുകിത്തീരുന്നവൾ,,,,
കാവ്യമേ ,നിന്നെയാരു
ശപിച്ചൂ ,വായിക്കാതെ,
വാങ്ങാതെ പോകെട്ടെന്ന
ശാപം നീ പേറീടുന്നു,,,,
അതിനാൽ കവികൾക്ക്
കാവ്യത്തിൻ പുനഃസൃഷ്ടി
വിങ്ങലായ്,,, പ്രാരാബ്ധമായ്
മാറുന്നൂ കഷ്ടം,,,,കഷ്ടം,,,,
എങ്കിലുമെഴുതാതെ
മാറി നിൽക്കുവാൻ വയ്യാ,,
കാവ്യമേ ഞങ്ങൾക്കെന്നും
നീയാണു പ്രിയങ്കരം,,,, ” .

സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരൻ. മികച്ച അധ്യാപകൻ. കാല്പനികതയുടെ ലോകത്ത് യാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്ന കവിയാണ് അജിമോൻ കളമ്പൂർ.

ബഹുമുഖ പ്രതിഭാശാലിയായ
അജിമോൻ കളമ്പൂരുമായി ഡോ. തോമസ് സ്കറിയ
നടത്തിയ അഭിമുഖം.

(അഭിമുഖ പരമ്പര – 13)

1 സാഹിത്യരൂപങ്ങളിൽ അജിമോൻ കവിതയോട് ഒരു പ്രത്യേക മമത കാണിക്കുന്നുണ്ട്. കവിത തെരഞ്ഞെടുക്കുവാൻ എന്താണ് പ്രചോദനമെന്ന് വിശദീകരിക്കാമോ,,?

ഉ: ചോദ്യം പ്രസക്തമാണ്. ആദികാവ്യമായ രാമായണം മുതൽ മനുഷ്യമനസിനെ കുറഞ്ഞ സമയത്തുതന്നെ പിടിച്ചെടുക്കുന്ന ഒന്നാണ് കവിത .എന്നാൽ അത് അത്ര സാധ്യമാണോ എന്നു ചോദിച്ചാൽ അത്ര പെട്ടെന്ന് വഴങ്ങുന്നതല്ല എന്നാണ് പറയേണ്ടത്. പാശ്ചാത്യ മേഖലയിലും ഇവിടെയും കവിത എഴുതിയിട്ട് നോവൽ, കഥ തുടങ്ങിയ ഇടങ്ങളിലേക്ക് ചേക്കേറിയ എഴുത്തുകാരുണ്ട്.അതു തന്നെ വിളിച്ചോതുന്നത് കവിത അത്ര എളുപ്പത്തിൽ വഴങ്ങുന്നതല്ല എന്നാണ്. എന്നാൽ എനിക്ക് ഏറെ പ്രിയംകവിതതന്നെയാണ് .എന്തോ ,കവിത എനിക്ക് വഴങ്ങിത്തരുന്നു എന്നാണ് പറയാനുള്ളത്. അതു കൊണ്ട് ഞാൻ വീണ്ടും വീണ്ടും കവിത എഴുതുന്നു. എനിക്ക് പറയുവാനുള്ള ഇടം കവിതയാണെന്ന് തോന്നിയതുകൊണ്ട് കവിതയെ ഞാൻ പ്രണയിക്കുന്നു.

2. പഴയകാല എഴുത്തുകാർ വൃത്തനിബദ്ധമായി കവിത എഴുതി വിജയിച്ചവരാണ്. എന്നാൽ പുതിയ ചില എഴുത്തുകാർ വൃത്തം ഒഴിവാക്കിയിരിക്കുന്നു. ഈ പ്രവണതയോട് എങ്ങനെ പ്രതികരിക്കുന്നു ?

ഉ: വൃത്തം എന്നാൽ കവിതയുടെ അളവും താളവുമാണല്ലൊ. ഈ താളം പ്രപഞ്ചത്തിലെ എല്ലാറ്റിനുമുണ്ട്.പ്രഭാതത്തിന് ഒരു താളമുണ്ട്. പ്രദോഷത്തിന് താളമുണ്ട്. കാറ്റിന് ,ഇലയനക്കത്തിന്, കുയിലിൻ്റെ പാട്ടിന്, നമ്മുടെ സംസാരത്തിന് ,ശ്വാസഗതിക്ക് ,നടത്തത്തിന് ,വിരലനക്കത്തിന്, കണ്ണിമ ചിമ്മുന്നതിന് അങ്ങനെ എന്തിലും ഏതിലും താളമുണ്ട്. ഈ താളം നിലച്ചാൽ എല്ലാം നിശ്ചലമാകും. ഈ താളമാണ് അതിൻ്റെ സൗന്ദര്യം. ഈ രഹസ്യം ആദ്യകാല കവികൾക്ക് അറിവുള്ളതുകൊണ്ടാണ് അവരുടെ കവിതകൾക്ക് താളവും അളവും നൽകിയത്.അതുകൊണ്ടുതന്നെ ആ കവിതകളൊക്കെത്തന്നെ തികഞ്ഞ സൗന്ദര്യബിംബങ്ങളാണ്. എന്നാൽ ഇന്ന് എഴുതപ്പെടുന്ന പല കവിതകളിലും ഈ താളബോധമൊ ,സൗന്ദര്യബോധമൊ ഒന്നും കാണുന്നില്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള സംസാരരീതി പോലെ കാണപ്പെടുന്നു. അത് കവിതയെന്നു പറയുന്നു.ഇത്തരത്തിലുള്ളവ വായിക്കുമ്പോൾ പുതുതായി ഒന്നും രൂപപ്പെടുന്നില്ല എന്നതാണ് വസ്തുത. കവിത നൽകുന്ന ഭാവതലങ്ങളൊന്നും ഇത്തരം രചനകൾക്ക് അവകാശപ്പെടാൻ കഴിയില്ല.

3. അജിമോൻ്റെ കവിതകളിൽ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ടല്ലോ.എന്താണ് ഈ ഓർമ്മപ്പെടുത്തലിൻ്റെ രഹസ്യം,,?

ഉ: ശരിയാണ്, പുരാണത്തിലെ പല കഥാപാത്രങ്ങളും എൻ്റെ കവിതയിൽ ഇടംപിടിച്ചിട്ടുണ്ട്. നമ്മൾ വായിച്ച് മറക്കുകയൊ, പറഞ്ഞ് മടക്കുകയൊ ചെയ്യുകയാണ് ഈ കഥാപാത്രങ്ങളെ .എന്നാൽ ഇവരുടെ ജീവിതസാഹചര്യം, സ്വഭാവം, മനോഭാവം എന്നീ തലങ്ങളെക്കുറിച്ച് നാം ചിന്തിക്കാറില്ല. ഞാൻ അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിക്കുകയാണ്. മാറിനിന്ന് അവരെ നോക്കിക്കണ്ട് പുതിയ ഭാവുകത്വത്തോടെ അടയാളപ്പെടുത്തുന്നു. ശൂർപ്പണഖ ,കർണ്ണൻ, അർജ്ജുനൻ ,അഹല്യ, വരരുചിയുടെ ഭാര്യ പഞ്ചമി തുടങ്ങിയ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ അടയാളപ്പെടുത്തണമെന്ന് തോന്നിയതിനാൽ ഞാൻ ഇവരെ പഠിച്ച് എഴുതുകയാണ്. ശൂർപ്പണഖയെ ഘോര രൂപിണിയായ രാക്ഷസിയായി കാണുന്ന വായനക്കാർക്ക് മുമ്പിൽ ഒരു സാധാരണ സ്ത്രീയായി ഞാൻ ശൂർപ്പണഖയെ അവതരിപ്പിച്ചു. അത് വായനക്കാർ ഒരു പോലെ ഏറ്റെടുത്തു.സഹതാപ പൂർവ്വം ശൂർപ്പണഖയെ നോക്കിക്കാണുവാൻ അവർക്ക് കഴിയുന്നു. ഈ സ്വീകാര്യതയാണ് മറ്റ് കഥാപാത്രങ്ങളിലേക്കും ഞാൻ കടന്നത്.

4. ഗോത്രപാലകൻ എന്ന നാടകം എഴുതിയിട്ടുണ്ടല്ലോ. അത് വേറിട്ട ചിന്താധാരയിൽ നിന്ന് വാർന്ന് വീണതാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകുമോ,,,  തുടർന്ന് നാടകത്തിലേക്ക് ശ്രദ്ധയുണ്ടായോ,,,?

ഉ: ഗോത്രപാലകൻ എന്ന നാടകം ശക്തമായ ഒരുൾ പ്രേരണകൊണ്ട് എഴുതിയതാണ്. രാമായണത്തെ അധികരിച്ചു കൊണ്ട് എഴുതിയതാണ് ഈ നാടകം. എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എന്ന കാവ്യം കർക്കിടക മാസത്തിൽ പല അമ്പലങ്ങളിലും പാരായണം ചെയ്തു വരുന്ന ഒരു വ്യക്തിയാണ് ഞാൻ. ആ വായനകളിൽ ഭക്തി നിറയും.എന്നാൽ ചില സന്ദർഭങ്ങളിൽ ഞാൻ ഭക്തി മാറ്റി ഒരു കാവ്യം എന്ന നിലയിൽ വായിച്ചിട്ടുണ്ട്. അപ്പോൾ പലതും മാറിമറിയുന്നതായി തോന്നിയിട്ടുണ്ട്. നായകൻ രാമനും പ്രതിനായകൻ രാവണനും തികഞ്ഞ പൗരുഷതേജസ്വികളാണ്. അറിവിൽ രണ്ടു പേരും പണ്ഡിതരാണ്. സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും പ്രതാപത്തിലും വ്യത്യസ്തരല്ല. എന്നിട്ടും രാവണനെ ഒരു നീചനായിട്ടാണ് എഴുത്തച്ഛ നടക്കമുള്ള രാമായണ വിവർത്തകർ ചെയ്തു വച്ചത്.എന്നാൽ വാല്മീകിയുടെ രാവണൻ ഇതുപോലെ അധമനല്ല. വേറിട്ട വഴികളിൽ തൻ്റെ ഇടം കണ്ടെത്തുകയും ചരിത്രമാകുകയും ചെയ്ത കഥാപാത്രമാണ്. ഈ ഒരു വിലയിരുത്തലിൻ്റെ വഴിയിലൂടെ ഞാൻ നടക്കുകയായിരുന്നു. അത്തരം കാഴ്ചപ്പാടിൻ്റെ ബലത്തിലാണ് രാവണനെ ഗോത്രപാലകൻ എന്ന് വിശേഷിപ്പിക്കുവാൻ എനിക്ക് പ്രേരണയായത്. ദ്രാവിഡ ഗോത്രപാലകൻതന്നെയായിരുന്നു രാവണൻ. തൻ്റെ അന്ത്യം രാമനിൽനിന്നായിരിക്കുമെന്ന് രാമഭക്തനായ രാവണന് അറിയാമായിരുന്നു. തന്നെയുമല്ല, തൻ്റെ സഹോദരിയായ ശൂർപ്പണഖ ദ്രാവിഡ ഗോത്രത്തിൻ്റെ പെൺകുരുന്നുകൂടിയാണ് .അവളെ വികൃതമായി ഉപദ്രവിച്ച രാമ ലക്ഷ്മണന്മാർക്കെതിരെ പടയൊരുക്കിയ സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയാണ് രാ വണൻ. ഇങ്ങനെ രാവണനെ കണ്ടെത്തിയതിൻ്റെ ഫലമാണ് ഗോത്രപാലകൻ എന്ന നാടകം. തുടർന്ന് നാടകത്തിലേക്ക് കടന്നില്ല. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒന്നു രണ്ടു മത്സര നാടകങ്ങളെഴുതിയതൊഴിച്ചാൽ പിന്നെ നാടകത്തിൽ നിന്നും ഞാൻ വിട്ടുനിന്നു. എൻ്റെ തട്ടകം കവിതതന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

5. ഇഷ്ട കവികൾ ആരൊക്കെയാണ് ?

ഉ: ആശാനും ചങ്ങമ്പുഴയുമാണ് എന്നെ ഏറെ ആകർഷിച്ചത്. ആശാൻ ജീവിതത്തിൻ്റെ നൈമിഴിക സ്വഭാവത്തെ തത്ത്വാധിഷ്ഠിതവും ഭാവനാത്മകവും ആകർഷകത്വവുമാക്കി പാടിയപ്പോൾ അതിന് വലിയ ഗരിമയും അംഗീകാരവും കിട്ടി. സ്നേഹത്തിൻ്റെ പിന്നാലെ ഇറങ്ങിത്തിരിച്ച് അത് നേടാതെ ജീവിതം പൊലിഞ്ഞ ആശാൻ്റെ നായികമാർ വായനക്കാരുടെ സഹതാപവും നെടുവീർപ്പും നേടിയെടുത്തു. ആശാൻ എല്ലാ കവിതകളും അവസാനിപ്പിച്ചത് ഉത്തരം കിട്ടാത്ത സമസ്യ പോലെയാണ്.ഉപഗുപ്തൻ്റെ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണീർത്തുള്ളികൾ എന്തിനാണ് എന്ന് ഇന്നും വായനക്കാർ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. വീണപൂവ് എന്ന കാവ്യം തുടങ്ങുന്നത് കഷ്ടം എന്ന വ്യാക്ഷേപക ശബ്ദത്തിലൂടെയാണ്.കവിത അവസാനിക്കുന്നതും കഷ്ടം എന്ന് ആവർത്തിച്ചുകൊണ്ടാണ്. എന്താണ് ഇങ്ങനെ പ്രയോഗിച്ചത് എന്ന് ഇന്നും നാം ചിന്തിക്കുകയാണ്. നളിനിയും ലീലയും സീതയുമെല്ലാം ഇതുപോലെ പിടിതരാതെ തുടർവായനയ്ക്ക് പ്രേരിപ്പിക്കുന്നു. എനിക്ക് തോന്നുന്നത് എഴുത്തച്ഛനു ശേഷം മലയാള കവിതയിൽ മനുഷ്യജീവിതത്തിൻ്റെ നിസ്സാരതയെ തത്ത്വാവ ബോധത്തോടെ അവതരിപ്പിച്ചത് ആശാനാണെന്നാണ്.ഒരു നോവിൻ്റെ സുഖാനുഭവം ആശാൻകവിതകളിൽ സ്ഥായിയായി നിലകൊള്ളുന്നുണ്ട്. ഇതുകൊണ്ടൊക്കെയാണ് എന്നെ ആശാൻ എന്ന കവിയിലേക്ക് അടുപ്പിച്ചത്.
മലയാളകവിതയ്ക്കും ഭാഷയ്ക്കും മഴവില്ലിൻ്റെ ഏഴഴകും നിറച്ച കവിയാണ് ചങ്ങമ്പുഴ. വാക്കുകളുടെ ലാളിത്യം, സൗന്ദര്യം അദ്ദേഹത്തിൻ്റെ കവിതകളിൽ ഇഴപാകി ഒഴുകുന്നതിൻ്റെ സുന്ദരമായ ദൃശ്യം കാണാം. സ്വയം മറന്ന് പാടുന്ന ഗന്ധർവ്വ നെപ്പോലെയാണ് ചങ്ങമ്പുഴയും .ശൈലീസൗകുമാര്യം എഴുതാനിരിക്കുമ്പോൾ അദ്ദേഹത്തെ തേടിയെത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. നിർത്താതെയുള്ള സൗന്ദര്യത്തിൻ്റെ ഒഴുക്കാണ് അദ്ദേഹത്തിൻ്റെ കവിതകൾ. രമണൻ എന്ന കാവ്യം വായിച്ച് കണ്ണ് നനയാത്ത വായനക്കാരില്ല എന്നു വേണം പറയാൻ. കേരളജനതയെ ഒന്നടങ്കം വായനയിലേക്ക് ആനയിച്ച കാവ്യമാണ് രമണൻ എന്ന് നിസംശയം പറയാം. പറഞ്ഞു കേട്ടിട്ടുണ്ട്, പട്ടാളക്കാർ ലീവ് കഴിഞ്ഞ് മടങ്ങുമ്പോൾ അവരുടെ ഇരമ്പുപെട്ടിയിൽ വേണ്ട സാധനങ്ങൾക്കൊപ്പം രമണൻ എന്ന പുസ്തകവും എടുത്ത് ഭദ്രമായി വയ്ക്കാറുണ്ടെന്ന് .ഇതു തന്നെയാണ് ആ കാവ്യത്തിൻ്റെയും ചങ്ങമ്പുഴയുടെയും പൊതു സ്വീകാര്യത .അതിൽ ഞാനും അടുത്തുപോയി .

6. പുതിയ പുസ്തകങ്ങൾ ഏതൊക്കെ ,അതും കവിതതന്നെയാണോ,,,,?

ഉ: തീർച്ചയായും. കവിത വിട്ട് ഒരു ജീവിതമില്ല എന്നുതന്നെ പറയാം. രണ്ടു പുസ്തകങ്ങൾക്കുള്ള കവിതകൾ ഇപ്പോൾ ഉണ്ട്. പക്ഷേ, ഉടനെ ഇല്ല. സാവകാശം ചെയ്യാമെന്നാണ് ചിന്തിക്കുന്നത്. എന്തായാലും ഈ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയതിന് നന്ദിയും കടപ്പാടും അറിയിക്കട്ടെ,,,,

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments